
ഉച്ചക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടാക്കുമെന്ന് ചിന്തിച്ച് വിഷമിക്കുന്നവരാണ് മിക്കവരും. ദിവസവും കുട്ടികൾക്ക് നൽകാൻ വ്യത്യസ്തമായ ലഞ്ച് ബോക്‌സ് തയ്യാറാക്കണമെന്നാഗ്രഹിക്കുന്ന അമ്മമാർക്കും എളുപ്പത്തിൽ ലഞ്ച് തയ്യാറാക്കണമെന്നാഗ്രഹിക്കുന്ന തൊഴിലാളികൾക്കും പറ്റിയ വിഭവമാണ് തൂമിച്ച ചോറ്.
ഉള്ളി മൂപ്പിച്ച ചോറെന്നും താളിച്ച ചോറെന്നും ഇതിന് പേരുണ്ട്. കൂട്ടിന് കറിയൊന്നും വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. വിഖ്യാത എഴുത്തുകാരനായ എം ടി വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ നാലുകെട്ടിലെ അപ്പുണ്ണിയെന്ന കഥാപാത്രത്തിന്റെ പ്രിയപ്പെട്ട വിഭവമാണിത്.
തയ്യാറാക്കുന്ന വിധം
ചട്ടി ചൂടാക്കി അതിൽ ഒരു സ്‌പൂൺ നെയ്യോ വെളിച്ചെണ്ണയോ ചേർക്കണം. ഇതിലേയ്ക്ക് പത്തോ പന്ത്രണ്ടോ ചുവന്നുള്ളി ചെറുതായി അരിഞ്ഞ് വഴറ്റണം. ശേഷം അഞ്ച് അല്ലി വെളുത്തുള്ളി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില എന്നിവകൂടി ചേർത്ത് വഴറ്റാം. അടുത്തതായി ഒരു നുള്ള് മഞ്ഞൾപൊടിയും അൽപം ഉപ്പും ചേർത്തതിനുശേഷം വെന്ത ചോറ് ചേർത്തിളക്കണം. തൂമിച്ച ചോറ് റെഡി.
ചോറ് ബാക്കിവന്നാൽ തയ്യാറാക്കാവുന്ന മറ്റൊരു വിഭവം കൂടി പരിചയപ്പെടാം. ആദ്യം രണ്ട് കപ്പ് ചോറ് ഒരു മിക്‌സി ജാറിൽ അരച്ചെടുക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ നെയ്യൊഴിച്ച് അതിൽ അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് മൂപ്പിക്കണം. ഇനി നേരത്തെ അരച്ചുവച്ച ചോറും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കണം. അൽപം കശുവണ്ടി പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി ഉരുട്ടിയെടുത്താൻ ചോറുണ്ട റെഡിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |