ആലപ്പുഴ: ഇക്കൊല്ലത്തെ ജലോത്സവ സീസണിന് തിങ്കളാഴ്ച്ച നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തോടെ തുടക്കമാകും. കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് ചമ്പക്കുളം പമ്പയാറ്റിൽ മിഥുനമാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലോത്സവം. ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും.
തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 1952ൽ തുടക്കമിട്ട രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയാണ് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്നത്. ഏഴ് ചുണ്ടനുകളാണ് ഇത്തവണ പങ്കെടുക്കുക. മന്ത്രി പി.സി.വിഷ്ണുനാഥ് വള്ളംകളി ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷാജി.ബി.നായർ അടക്കമുള്ളവർ പങ്കെടുക്കും. മൂലം ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ചമ്പക്കുളം മാപ്പിളശ്ശേരി കടവ് മുതൽ തെക്കുഭാഗത്ത് ഫിനിഷിംഗ് പോയിന്റ് വരെയുള്ള ട്രാക്കുകളിൽ സ്പീഡ് ബോട്ടുകൾ പ്രവേശിക്കാൻ പാടില്ലെന്ന് രജിസ്റ്ററിംഗ് അതോറിട്ടിയായ തുറമുഖ ഓഫീസർ അറിയിച്ചു. സംഘാടക സമിതിയുടെ അനുവാദമില്ലാതെ ട്രാക്കിൽ അതിക്രമിച്ചു കടക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
പ്രാദേശിക അവധി 'അവതാള'ത്തിൽ
കുട്ടനാട് തഹസിൽദാർ കൺവീനറായി നടത്തപ്പെടുന്ന മൂലം ജലോത്സവത്തിന് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി നൽകണമെന്ന് റെജി ചെറിയാൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച അഭ്യർത്ഥനയ്ക്ക് മുഖ്യമന്ത്രി നൽകിയ 'രഹസ്യ' മറുപടി വിവാദത്തിലായി. മൂലം ജലോത്സവത്തിന് മുൻകാലങ്ങളിൽ അവധി നൽകിയിരുന്നതല്ലെന്നും, സംസ്ഥാനത്ത് പുതിയതായി പ്രാദേശിക അവധികൾ അടക്കം അനുവദിക്കേണ്ട എന്നാണ് പൊതുനിലപാടെന്നും ജലോത്സവത്തോടനുബന്ധിച്ച് അവധി അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിച്ച് തീരുമാനിക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക മറുപടി. എന്നാൽ സീറ്റിൽ ഇരുന്ന ശേഷം മൈക്ക് ഓഫ് ചെയ്യാതെ തൊട്ടടുത്തിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് രഹസ്യമായി പറഞ്ഞതാണ് പരസ്യമായത്. ഇടത് സൈബറിടങ്ങളിൽ വ്യാപക വിമർശനത്തിനും ട്രോളിനും ഇത് ഇടയായി.
ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്സും
ഒന്നാം ഹീറ്റ്സ്
ഒന്നാം ട്രാക്കിൽ ചെറുതന പുത്തൻചുണ്ടൻ (കൈനകരി വില്ലേജ് ബോട്ട് ക്ലബ്)
രണ്ടാം ട്രാക്കിൽ ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)
മൂന്നാം ട്രാക്കിൽ അരോമ ചുണ്ടൻ (കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്)
രണ്ടാം ഹീറ്റ്സ്
ഒന്നാം ട്രാക്കിൽ വലിയ ദിവാൻജി (നിരണം ബോട്ട് ക്ലബ്)
രണ്ടാം ട്രാക്കിൽ നടുഭാഗം ചുണ്ടൻ (നടുഭാഗം ബോട്ട് ക്ലബ്)
മൂന്നാം ഹീറ്റ്സ്
രണ്ടാം ട്രാക്കിൽ നടുവിലേപറമ്പൻ (കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്)
മൂന്നാം ട്രാക്കിൽ ശ്രീവിനായകൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
മൂലം ജലോത്സവവുമായി ബന്ധപ്പെട്ട് നിയമസഭയിലുന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനം വിവാദമാക്കേണ്ട. കുട്ടനാടിന്റെ വികാരം കണക്കിലെടുത്ത് ചമ്പക്കുളം മൂലംവള്ളംകളിക്ക് അവധിലഭിക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം സർക്കാർ കൈകൊള്ളുമെന്നാണ് നിയമസഭയിൽ തന്നോട് മുഖ്യമന്ത്രി പറഞ്ഞത്. അനൗദ്യോഗികമായി പറഞ്ഞ കാര്യങ്ങൾ ടനോക്കേണ്ട കാര്യമില്ല
- റെജി ചെറിയാൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |