
മാവേലിക്കര: കൊറ്റാർകാവിലെ ചില വീടുകളിൽ നിന്നുള്ള മാലിന്യ പൈപ്പുകൾ കോട്ടത്തോടിലേക്ക് സ്ഥാപിച്ചതിൽ ആശങ്കയിൽ നഗരവാസികൾ. കോട്ടത്തോടിന്റെ മുകളിൽ സ്ലാബ് ഇട്ട് തുടങ്ങുന്ന ഭാഗത്തെ വീടുകളിൽ നിന്നാണ് കോട്ടത്തോടിലേക്ക് മാലിന്യ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ മാലിന്യം ഒഴുകിയെത്തുന്നത് കോട്ടത്തോടിന്റെ പതനമുഖമായ മണ്ഡപത്തിൻ കടവിൽ അച്ചൻകോവിൽ ആറ്റിലേക്കാണ്. ഇവിടെ നിന്നാണ് ജലവകുപ്പ് മാവേലിക്കര പ്രദേശത്ത് വിതരണം ചെയ്യാനുള്ള ശുദ്ധജലം പമ്പ് ചെയ്യുന്നത്. കൂടാതെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ ആറാട്ട് നടത്തുന്നതും ഈ ആറാട്ടുകടവിലാണ്.
കൊറ്റാർകാവിലെ ഈ പ്രദേശത്തുള്ള പല വീടുകളിലെയും മാലിന്യ പൈപ്പകൾ കോട്ടത്തോടിലേക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ കക്കൂസ് മാലിന്യ പൈപ്പുകൾ ഉണ്ടോ എന്ന സംശയവും നിലനിൽക്കുന്നു. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ഈ മലിനജലത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ്. ഇതോടെ പകർച്ചവ്യാധി ഭീതിയിലുമാണ് നാട്ടുകാർ. കോട്ടത്തോടിലേക്ക് മാലിന്യം തുറന്നവിടുന്ന വിഷയത്തിൽ നഗരസഭയും ആരോഗ്യവകുപ്പും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണം.
.....
# മാലിന്യം ജലം കുടിച്ച് നഗരവാസികൾ
കക്കൂസ് മാലിന്യം നിറഞ്ഞ ജലം മഴക്കാലത്ത് നഗരമദ്ധ്യത്തിലൂടെ ഒഴുകിയെത്തുന്നത് അച്ചൻകോവിലാറ്റിലേക്കാണ്. മാലിന്യം ചെന്നുവീഴുന്നിടത്തെ വെള്ളമാണ് മാവേലിക്കര നഗരവാസികൾ കുടിക്കുന്നത്.
ശ്രീകൃഷ്ണസ്വാമിയെ ആറാടിക്കുന്നത് കൊറ്റാർകാവിലെ കക്കൂസ് മാലിന്യം വന്നുവീഴുന്ന വെള്ളത്തിലാണ്.
കണ്ടിയൂർ മഹാശിവക്ഷേത്രത്തിലെ വാവുബലി തർപ്പണം പോലുള്ള വിശിഷ്ട ചടങ്ങുകളും നടക്കുന്നത്. കക്കൂസ് മാലിന്യം നിറഞ്ഞ ഈ വെള്ളത്തിലാണ് പുണ്യമായി കരുതി ഭക്തർ കുളിച്ച് കയറുന്നത്.
...........................
കോട്ടത്തോടിലേക്ക് മാലിന്യ പൈപ്പുകൾ സ്ഥാപിക്കുന്നത് തെറ്റായ നടപടിയാണ്. ഇത്തരം പൈപ്പുകൾ നീക്കംചെയ്യാൻ നോട്ടീസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തികൾ സ്വയം പൈപ്പുകൾ നീക്കംചെയ്തില്ലെങ്കിൽ നഗരസഭ നേരിട്ട് ഇത്തരം മാലിന്യ പൈപ്പുകൾ നീക്കം ചെയ്യുന്നതാണ്.
ലളിത രവീന്ദ്രനാഥ്, ചെയർപേഴ്സൺ, മാവേലിക്കര നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |