കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ മതിയായ ലൈഫ് ഗാർഡുകളെ നിയമിക്കാത്തത് സുരക്ഷാ ഭീഷണിയാകുന്നു. നിലവിൽ ജില്ലയിലെ ബീച്ചുകളിൽ ആകെ 12 ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് ദിനംപ്രതി ആയിരക്കണക്കിന് ആളുകളെത്തുന്നുണ്ട്. എന്നാൽ ഇവിടെ നടപ്പാത പാകിയ ഭാഗത്ത് മാത്രമാണ് ലൈഫ് ഗാർഡുകളുള്ളത്. ഒരുകിലോമീറ്ററോളം നീളത്തിലാണ് നടപ്പാതയുള്ളത്. ഇവിടെ ഒരു ഷിഫ്റ്റിൽ രണ്ടുപേരാണ് ഡ്യൂട്ടിക്കുണ്ടാകുക. 200 മീറ്ററിൽ അഞ്ചു ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിച്ച് രണ്ടു പേരെങ്കിലും ഒരു ഷിഫ്റ്റിൽ ഓരോ ബിച്ചിലും ആവശ്യമാണ്.
പയ്യാമ്പലത്ത് ഒരു കിലേമീറ്ററോളമുള്ള നടപ്പാതയിൽ പത്താളുകൾ എങ്കിലും വേണം. എന്നാൽ 500 മീറ്റർ ദൂരപരിധിയിലുള്ളത് രണ്ടുപേർ മാത്രം. ഒരു പോയിന്റിൽ എന്തെങ്കിലും അപകടമുണ്ടായാൽ ഒരാൾ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പോകുമ്പോൾ മറ്റേയാൾ സുരക്ഷസാമഗ്രികളുമായെത്തണം. എന്നാൽ ഈ ദൂരപരിധിക്കുള്ളിൽ അപകടം നടക്കുമ്പോൾ ഡ്യൂട്ടിയിലുള്ള മറ്റേയാൾ അറിയുന്നുപോലുമില്ല.
ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലും സ്ഥിതി സമാനമാണ്. അഞ്ചുകിലോമീറ്റർ ദൂരത്തിലുള്ള ബീച്ചിൽ അഞ്ച് ലൈഫ് ഗാർഡുകൾ മാത്രമാണുള്ളത്.
ഒന്നര വർഷം, 9 മരണം
കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം ഒമ്പത് പേരാണ് പയ്യാമ്പലം ബീച്ചിൽ മരണപ്പെട്ടത്. നടപ്പാത കഴിഞ്ഞ നീർക്കടവ് ഭാഗം വരെയാണ് അപകടം. നടപ്പാത കഴിഞ്ഞുള്ള നീർക്കടവ് ഭാഗം വരെ യാതൊരു സുരക്ഷയുമില്ലാതെയാണ് ആളുകൾ വെള്ളത്തിലിറങ്ങുന്നത്. മഴസമയത്തും ബീച്ചിൽ നിരവധി സഞ്ചാരികളെത്തുന്നുണ്ട്. കൊട്ടിയൂർ ഉത്സവത്തിനെത്തുന്നവരിൽ ഭൂരിഭാഗം പേരും പയ്യാമ്പലത്തുമെത്തുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ പയ്യാമ്പലത്ത് മരണപ്പെട്ടപ്പോൾ കണ്ണൂർ എസ്.പിയുടെ നേതൃത്വത്തിൽ റിസോർട്ട് ഉടമകൾ ഉൾപ്പെടെ 100ഓളം ആളുകളെ ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുകയും സുരക്ഷക്രമീകരണങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് തുടർ നടപടിയൊന്നുമുണ്ടായിട്ടില്ല.
കാലപ്പഴക്കം ചെന്ന സുരക്ഷാ ഉപകരണങ്ങൾ
ബീച്ചുകളിലെ കാലപ്പഴക്കം ചെന്ന സുരക്ഷാ ഉപകരണങ്ങൾ മാറ്റി പുതിയത് നൽകാനും സർക്കാർ തയാറായിട്ടില്ല. പകുതിയിടങ്ങളിലും സുരക്ഷ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവർ പോലുമില്ല. പല ബീച്ചുകളിലും ഉപയോഗിക്കുന്ന റെസ്‌ക്യൂ ട്യൂബിന് വർഷങ്ങൾ പഴക്കമുണ്ട്. ഫസ്റ്റ് എയ്ഡ് ബോക്സ്, സെർച്ച് ലൈറ്റ്, ഡിങ്കിബോട്ട്, വാക്കിടോക്കി, വാട്ടർ സ്‌കൂട്ടർ, സ്പീഡ് ബോട്ട് എന്നിവ 90 ശതമാനം ബീച്ചുകളിലും ഇല്ല. രണ്ടുവർഷം കൂടുമ്പോൾ സീസൺ എത്തുന്നതിനു മുമ്പ് ഡിസംബർ മാസത്തോടെ സുരക്ഷാ ഉപകരണങ്ങൾ, പുതിയ യൂനിഫോം, റെയിൻകോട്ട്, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും എവിടെയും നടപ്പിലാകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |