
കൊല്ലം: ഇടവിട്ട് പെയ്യുന്ന ജൂൺ മഴയ്ക്കിടയിൽ വെളിനല്ലൂർ ഗവ. എൽ.പി സ്കൂൾ മുറ്റത്തെ കടമ്പുമരം പൂവിട്ടു. വിദ്യാലയ മുറ്റത്ത് പ്രകൃതിയൊരുക്കിയ അപൂർവ വസന്തം കുട്ടികളിലും നാട്ടുകാരിലും കൗതുകം ഉണർത്തുകയാണ്. പച്ചപ്പട്ടണിഞ്ഞ മരച്ചില്ലകളിൽ സ്വർണ ഗോളങ്ങൾ തൂക്കിയിട്ടതുപോലെയാണ് പൂക്കൾ.
മാസങ്ങളോളം പന്തുപോലെയുള്ള മൊട്ടുകൾ മരത്തിൽ തൂങ്ങിനിൽക്കും. ആദ്യ മഴയുടെ തണുന്ന നനവ് തട്ടുന്നതോടെയാണ് ഇവ ഒന്നിച്ച് വിരിഞ്ഞുനിൽക്കുക. വെള്ള കലർന്ന ചന്ദന നിറമുള്ള പൂക്കൾക്ക് നേർത്ത സുഗന്ധമേയുള്ളൂവെങ്കിലും വണ്ടുകളുടെയും ചിത്ര ശലഭങ്ങളുടെയും വലിയൊരു കൂട്ടം എപ്പോഴും മരത്തിന് ചുറ്റുമുണ്ട്.
2014ൽ സ്കൂളിൽ ഒരുക്കിയ നക്ഷത്രവനത്തിന്റെ ഭാഗമായാണ് കടമ്പ്നട്ടത്. ഇന്ന് വിദ്യാലയത്തിന്റെ ആകർഷണമായിമരം വളർന്നു. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന കടമ്പ് സാധാരണയായി നനവാർന്ന വനങ്ങളിലും ജലാശയങ്ങളുടെ തീരങ്ങളിലുമാണ് വളരാറുള്ളത്. ഔഷധ ഗുണമേറിയ ഇതിന്റെ തൊലി, പൂവ്, കായ, വേര് എന്നിവ ആയുർവേദത്തിലും സുഗന്ധദ്രവ്യ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. കടമ്പ് പൂക്കൾ പൂജാ ചടങ്ങുകൾക്കും വിശേഷപ്പെട്ടതാണ്.
ഐതീഹ്യങ്ങളിൽ ദേവപരിവേഷം
ശ്രീരാമ കഥകളുമായി ഏറെ ബന്ധമുള്ള വെളിനല്ലൂർ ഗ്രാമത്തിന് കടമ്പ് വസന്തം പുരാണങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഗരുഡൻ ദേവലോകത്ത് നിന്ന് അമൃതുമായി വരുംവഴി യമുനാ നദിക്കരയിലെ കടമ്പുമരത്തിൽ വിശ്രമിച്ചെന്നും, അമൃത് വീണതിനാൽ കാളിയന്റെ വിഷമേറ്റിട്ടും ഈ മരം മാത്രം കരിഞ്ഞുപോയില്ലെന്നുമാണ് ഐതീഹ്യം. ഈ മരത്തിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദ്ദനത്തിനായി യമുനയിലേക്ക് ചാടിയതെന്നും, രാധാകൃഷ്ണന്മാരുടെ പ്രണയസല്ലാപങ്ങൾക്ക് കടമ്പുമരച്ചുവട് സാക്ഷിയായെന്നും പുരാണങ്ങൾ പറയുന്നു.
ഇത്തവണയും പരിസ്ഥിതി ദിനത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. ശലഭ പാർക്കിന് തുടക്കമിട്ടു. കടമ്പ് മരം നിറയെ പൂവിട്ടത് കൂടുതൽ ആവേശമായി. കൊറോണപ്പൂക്കളെന്നാണ് കുട്ടികൾ വിളിക്കുന്നത്.
വി.റാണി, പ്രഥമാദ്ധ്യാപിക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |