
കൊല്ലം: പരിശോധനാ ഫലം വൈകുന്നത് മൂലം ഷിഗെല്ല പ്രതിരോധം ജില്ലയിൽ ഫലവത്താകുന്നില്ല. രോഗം പലരിലേക്കും പടർന്ന ശേഷമാണ് പരിശോധന ഫലം ലഭിക്കുന്നത്. ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരിൽ പലരുടെയും പരിശോധന ഫലം വന്നപ്പോൾ അവർക്ക് രോഗം ഭേദമായിരുന്നു.
ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മയ്യനാട്, പൂയപ്പള്ളി സ്വദേശികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ച പോരുവഴി സ്വദേശിയായ രണ്ടാം ക്ലാസുകാരന്റെ മലത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത് ഈമാസം ആറിനായിരുന്നു. സാമ്പിൾ ശേഖരിച്ച് ഒൻപത് ദിവസത്തിന് ശേഷമാണ് ഫലം വന്നത്. അതിനിടയിൽ രണ്ടാം ക്ലാസുകാരന്റെ കുടുംബാംഗങ്ങൾക്കും വയറിളക്കം വന്ന് പോയിരുന്നു.
നെടുങ്ങോലം സ്വദേശികളായ സഹോദരങ്ങൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം വന്നതും ഇരുവർക്കും രോഗം ഭേദമായ ശേഷമാണ്. അതുകൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും വൈകിയാണ് ആരംഭിക്കുന്നത്. ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച ആർക്കും രോഗം മൂർച്ഛിക്കാഞ്ഞതാണ് ആശ്വാസം. മഴക്കാലം ആരംഭിച്ച ശേഷം ജില്ലയിൽ ആറുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
നടത്തുന്നത് പി.സി.ആർ ടെസ്റ്റ്
തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഷിഗെല്ല സാമ്പിൾ പരിശോധിക്കുന്നത്
പി.സി.ആർ ടെസ്റ്റാണ് നടത്തുന്നത്
കൾച്ചർ ടെസ്റ്റിലൂടെ 48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെങ്കിലും കൃത്യത കുറവ്
അതിനാലാണ് പി.സി.ആർ പരിശോധന
പരിശോധന പേരിന്
ഷിഗെല്ല കേസുകളുടെ എണ്ണം കുറയ്ക്കാൻ പരിശോധന പേരിന് മാത്രമാണ് നടത്തുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന ചുരുക്കം പേരിൽ നിന്നാണ് സാമ്പിൾ ശേഖരിക്കുന്നത്.
സംസ്ഥാനത്ത് പർച്ചാവ്യാധി വ്യാപകമായതോടെ കൂടുതൽ സാമ്പിളുകൾ എത്തുന്നതുകൊണ്ടാകാം ഫലം വൈകുന്നത്.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |