പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺന്റെ വാച്ചും ചേംബറിലിരുന്ന ഫയലും ഭരണപക്ഷ കൗൺസിലർ ബിജു മാത്യൂസ് മോഷ്ടിച്ചതായി ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പാലാ ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകി.
തന്റെ ചേംബറിലെ മേശയിലെ ഡ്രോയിൽ മറന്നുവച്ച വിലപിടിപ്പുള്ള വാച്ചും വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ഫയലുമാണ് നഷ്ടപ്പെട്ടതെന്ന് ദിയ നൽകിയ പരാതിയിൽ പറയുന്നു.
ഓഫീസിൽ നിന്നും മൂന്നുമണിയോടുകൂടി ഊണുകഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു. അഞ്ചേകാലോടുകൂടി നഗരസഭാ കൗൺസിലർ ബിജു മാത്യൂസും പൊലീസുകാർ എന്ന് പരിചയപ്പെടുത്തിയ മൂന്നുപേരും ചെയർപേഴ്സൺന്റെ ചേംബർ തന്നെയോ നഗരസഭാ സെക്രട്ടറിയെയോ അറിയിക്കാതെ പ്യൂണിനെക്കൊണ്ട് തുറപ്പിച്ചു. വിവരമറിഞ്ഞ് 5.40ഓടുകൂടി നഗരസഭയിൽ എത്തി മേശ പരിശോധിച്ചപ്പോഴാണ് ഡ്രോയിലുണ്ടായിരുന്ന ഫയലും വാച്ചും നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് ചെയർപേഴ്സൺ ദിയ പറയുന്നു. താൻ വന്നപ്പോൾ ബിജു മാത്യൂസ് സെക്രട്ടറിയുടെ ഓഫീസിന് സമീപം നിൽക്കുന്നുണ്ടായിരുന്നുവെന്നും ദിയയുടെ പരാതിയിലുണ്ട്. ബിജുവിന്റെ കൈയ്യിൽ ഒരു ഫയൽ ഉണ്ടായിരുന്നതായും ദിയ പറയുന്നു. താൻ ചെയർപേഴ്സണായതിലുള്ള അസഹിഷ്ണുതയും വെറുപ്പും കാരണം ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പാളിച്ചയുണ്ടായി എന്ന് വരുത്തി തീർക്കുന്നതിനാണ് ബിജു മാത്യൂസ് ഫയൽ മോഷ്ടിച്ചതെന്നും ദിയ പരാതിയിൽ ആരോപിച്ചു.
നിയമം
പാലിക്കാതെ
നിയമപാലകർ!
കേസന്വേഷണത്തിന്റെ ഭാഗമായി ആണെങ്കിൽപോലും പൊലീസിന് മുൻസിപ്പൽ ചെയർപേഴ്സൺന്റെ മുറിയിൽ കയറണമെങ്കിൽ കസ്റ്റോഡിയനായ മുൻസിപ്പൽ സെക്രട്ടറിയുടെ അറിവും സമ്മതവും വേണ്ടതാണ്.
എന്നാൽ ഇതുണ്ടായില്ലെന്ന് മുൻസിപ്പൽ സെക്രട്ടറി എം. ആകാശ് പറയുന്നു.
മാത്രമല്ല മുൻസിപ്പൽ ചെയർപേഴ്സൺ മുറിയിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പോലീസിന്റെ അതിക്രമിച്ചു കയറ്റം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആകാശ് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ മുൻസിപ്പൽ കൗൺസിലർ ബിജു മാത്യുസിനെ ചേമ്പറിൽ വച്ച് കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ തെളിവെടുക്കുന്നതിനാണ് തങ്ങൾ ചെന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മൊഴി എടുക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതിനാൽ കൂടെ പോയതാണെന്നും ചെയർപേഴ്സൺന്റെ മുറിയിൽ കയറിയതല്ലാതെ മോഷണം നടന്നിട്ടില്ലെന്നും ബിജു മാത്യൂസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതായി പാലാ ഡിവൈ.എസ്.പി. കെ സദൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |