കോട്ടയം: മഴക്കാല പൂർവ്വശുചീകരണജോലികൾ വഴിപാടായതോടെ കാലവർഷം ശക്തമാകും മുമ്പേ ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലും വെള്ളപ്പൊക്ക ഭീഷണിയിലുമായി. മഴക്കാലത്തിനു മുമ്പേ മാലിന്യങ്ങൾ നീക്കം ചെയ്ത് ഓടകൾ ശുചീകരിക്കുന്ന ജോലി നടക്കാത്തതിനാൽ മാലിന്യം റോഡിലൂടെ പരന്നൊഴുകുന്നത് പകർച്ച വ്യാധികൾക്കും വഴിയൊരുക്കുന്നു.
മീനച്ചിലാറിന്റെയും കൊടുരാറിന്റെയും പല ഭാഗങ്ങളിലും എക്കൽ അടിഞ്ഞു ആഴം കുറഞ്ഞതോടെ വെള്ളം പരന്നൊഴുകുന്നത് വെള്ളപ്പൊക്ക സാദ്ധ്യത കൂട്ടി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ തോടുകളിൽ ജലനിരപ്പ് ഉയർന്നു. ചങ്ങനാശേരി മാടപ്പള്ളിയിൽ തോടുകൾ നിറഞ്ഞ് വെള്ളം വഴിയിലേക്ക് കയറി. എ.സി റോഡിന്റെ തുടക്ക ഭാഗത്തും വെള്ളക്കെട്ടായി.
ഇരുവശത്തും മതിലുകളുള്ള ഇടറോഡുകളിൽഓടകൾ നിറഞ്ഞു വെള്ളം ഒഴുകിപോകാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. കോട്ടയത്ത് എം.എൽ.റോഡിൽ ഐ.എൻ.ടി.യു.സി ഓഫീസിനു സമീപം ഓട നിറഞ്ഞു വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. കെഎസ്.ആർ.ടി.സി സ്റ്റാൻഡിലെ കക്കൂസ് മാലിന്യം വരെ ഒഴുകിയെത്തുന്ന ഓട നിറഞ്ഞു കവിഞ്ഞതോടെ കാൽനടയാത്രക്കാർ ഇതിൽ ചവിട്ടിവേണം നടക്കാൻ. എം.എൽ റോഡിൽ നിന്ന് ടിബി റോഡിലേക്കുള്ള വഴിയുടെ പല ഭാഗത്തും ഓടകളിലെ മാലിന്യം നീക്കാത്തതിനാൽ വെള്ളക്കെട്ടായി.
മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനം മുതൽ വേമ്പനാട്ടു കായൽ വരെ ആറുകളിലും തോടുകളിലും പ്ലാസ്റ്റിക്കു കുപ്പികളും കോഴി അവശിഷ്ടങ്ങളുമാണ്. ആറ്റുതീരത്തുള്ള മരക്കമ്പുകൾ നീക്കം ചെയ്യാത്തതും ഒഴുക്കിനു തടസമാകുന്നു. മഴ ശക്തമായതോടെ സകല മാലിന്യങ്ങളും മീനച്ചിലാറിൽ ഈരാറ്റുപേട്ട മുതലുള്ള പാലങ്ങളുടെ വശങ്ങളിൽ അടിയുന്നതും ഒഴുക്കു കുറച്ചു.
പ്രളയരഹിത കോട്ടയം പദ്ധതി പാളി
വേമ്പനാട്ട് കായലിൽ ഡ്രഡ്ജിംഗ് നടക്കാത്തതിനാൽ പ്രളയ രഹിത കോട്ടയം പദ്ധതിയും പാളി.
കായൽ മുഖത്തുള്ള പഴുക്കാനിലം ഭാഗത്ത് എക്കൽ നീക്കം ചെയ്യുന്നതിന് കുട്ടനാട് പാക്കേജിൽ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എക്കൽ നീക്കം ചെയ്യൽ നടന്നിട്ടില്ല.
മണ്ണടിഞ്ഞ് ആഴം കുറഞ്ഞതോടെ കായലിലേക്ക് ഒഴുകാതെ ആറുകളിലെയും തോടുകളിലെയും വെള്ളം കരയിലേക്ക് പരന്നൊഴുകിയതാണ് കാലവർഷം ശക്തമാകും മുമ്പേ വെള്ളപ്പൊക്ക ഭീഷണിക്ക് കാരണം .
മഴക്കാല പൂർവ്വ ശുചീകരണ ജോലി പല പഞ്ചായത്തുകളിലും നഗരസഭകളിലും കാര്യക്ഷമമായി നടന്നില്ല. പഴുക്കാനിലം ഭാഗത്ത് അടിയന്തിരമായി ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടിയാലേ മീനച്ചിലാറ്റിലെയും സമീപ തോടുകളിലെയും വെള്ളം വേമ്പനാട്ടുകായലിലേക്ക് ഒഴുകി വെള്ളപ്പൊക്കം തടയാനാകൂ.
ഡോ.അജിത്
പരിസ്ഥിതി വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |