
കോട്ടയം : അത്യുത്പാദനശേഷിയുള്ള പശുക്കളുടെ വില കുത്തനെ ഉയർന്നത് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. 20 ലിറ്ററിലധികം പാൽ നൽകുന്ന എച്ച്.എഫ് ഹൈബ്രിഡ് പശുക്കൾക്ക് അന്യസംസ്ഥാന മാർക്കറ്റുകളിൽ ഇപ്പോൾ ഒന്നരലക്ഷം രൂപയ്ക്ക് മുകളിലാണ് വില. ഏതാനും മാസം മുമ്പ് 45,000 രൂപയായിരുന്നു. കേരളത്തിലെ ക്ഷീരകർഷകർ തമിഴ്‌നാട്ടിലെ ഈറോഡ്, കർണാടകയിലെ ചിന്താമണി, കൃഷ്ണഗിരി തുടങ്ങിയ കന്നുകാലി മാർക്കറ്റുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അവിടുത്തെ വ്യാപാരികളും ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചേർന്ന് കർഷകരെ ചൂഷണം ചെയ്യുന്നുവെന്നാണ് ആരോപണം. ഇടനിലക്കാരുടെ കൈകളിലെത്തുന്ന കന്നുകുട്ടികളിൽ കൃത്രിമ മരുന്നുകൾ കുത്തിവച്ച് വില്പന നടത്തുന്നതായും പരാതിയുണ്ട്. കറവ വറ്റിയ പശുക്കൾക്ക് 70000 രൂപ മുതലാണ് വില. ഇറച്ചിക്കുറവിനെ തുടർന്ന് ഇവയെ മാട്ടിറച്ചിയായി വ്യാപകമായി വില്പന നടത്തുന്നുണ്ട്.
പരിപാലനം ചെലവേറും
തീറ്റയുടെയും മരുന്നുകളുടെയും ചെലവ് വർദ്ധിച്ചതോടെ ഒരു കന്നുകുട്ടിയെ വളർത്തി കറവപ്പശുവാക്കാൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരുന്നതായി കർഷകർ പറയുന്നു. ഇതോടെ പലരും കന്നുകുട്ടികളെ ചെറുപ്രായത്തിൽ വിൽക്കുകയാണ്. ജില്ലയിൽ മോനിപ്പള്ളി കേന്ദ്രീകരിച്ചുള്ള കന്നുകാലി മാർക്കറ്റിൽ ഓരോ തിങ്കളാഴ്ചയും നൂറിലധികം കന്നുകുട്ടികൾ എത്തുന്നുണ്ട്. മുമ്പ് 2,000 മായിരുന്ന വില 5,000 രൂപയിലെത്തി. മിൽമ പാൽ വില വർദ്ധിപ്പിച്ചെങ്കിലും ശരാശരി 10 ലിറ്റർ പാൽ വിൽക്കുന്ന കർഷകന് അധികമായി ലഭിക്കുക 35 രൂപയിൽ താഴെ മാത്രമാണ്. കാലിവളർത്തലുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും കുറഞ്ഞ് 30, 50 ശതമാനം വർദ്ധനയുണ്ടായി.
മരുന്നും, കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല
കാലിത്തീറ്റയ്ക്കടക്കം അടിക്കടി വില ഉയർത്തുകയാണ് കമ്പനികൾ
പശുക്കൾക്ക് അകിടുവീക്കം, ദഹനപ്രശ്‌നം തുടങ്ങിയവും വർദ്ധിച്ചു
നല്ല ഇനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്
മാർക്കറ്റുകളിൽ വിൽക്കുന്ന കന്നുകുട്ടികൾ യഥാർത്ഥ കർഷകരുടെ കൈകളിലെത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. കന്നുകുട്ടി പരിപാലനം പ്രോത്സാഹിപ്പിച്ച് കന്നുകാലി സമ്പത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
(എബി ഐപ്പ്, കർഷക കോൺഗ്രസ് നേതാവ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |