കോട്ടയത്ത് ചന്തക്കവലയിലെ ഫുട്പാത്തിൽ ബസ് കാത്തുനിന്നവരുടെ നെഞ്ചത്തുകൂടി സ്വകാര്യബസ് അമിത വേഗതയിൽ ഓടിച്ചുകയറ്റി പാവപ്പെട്ട ഒരു പെൺകുട്ടിയെ കൊന്നു. നിരവധി പേർക്ക് പരിക്കേറ്റു. മഴ കാരണം കടകൾക്ക് മുന്നിലേക്ക് മാറിനിന്നതിനാലാണ് കൂടുതൽ ആളുകൾ മരിക്കാതിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ബസ് ജീവനക്കാർ ന്യായീകരിച്ചെങ്കിലും ബസിന് ഒരു തകരാറുമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പരിശോധനയിൽ കണ്ടെത്തി. മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുന്നതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ലെന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കറിയാവുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ബസുകളുടെ അമിതവേഗത നിയന്ത്രിക്കാൻ സ്പീഡ് ഗവർണർ നിർബന്ധമാക്കിയതാണ്. ട്രിപ്പ് കുറയുന്നതിനൊപ്പം വരുമാനം കുറയുമെന്നതിനാൽ ബസ് ഉടമകൾ തന്നെ സ്പീഡ് ഗവർണറുടെ നട്ട് അഴിച്ചുമാറ്റിക്കും. പിന്നെ നിരത്തിലൂടെ മരണപ്പാച്ചിലാകും.
കോട്ടയം നഗരത്തിൽ കളക്ടറേറ്റ് മുതൽ തിരുനക്കര സ്റ്റാൻഡ് വരെ സുരക്ഷിതമായി റോഡിൽ കയറാനുള്ള സംവിധാനം ഇന്നുമില്ല.
കുപ്പിക്കഴുത്തുപോലുള്ള റോഡിന് നടുവിൽ നിന്നുവേണം ബസിൽ കയറാൻ. മത്സര ഓട്ടത്തിനിടയിൽ ഭാഗ്യമുണ്ടെങ്കിൽ ബസിടിച്ചു ചാകാതിരിക്കാം .
ഇന്ന് വഴിയോരകച്ചവടക്കാർ കൈയ്യേറാത്ത ഒരു ഫുട്പാത്തും കോട്ടയം നഗരത്തിലില്ല. നോപാർക്കിംഗ് ഏരിയയിലും വാഹനമിടും. വൺവേയായ ടി.ബി റോഡിൽ ഒരു മുതലാളിയുടെ വാഹനം സെക്യൂരിറ്റിക്കാർ മറ്റുവാഹനങ്ങൾ തടഞ്ഞാണ് സ്ഥിരമായി ഇടുന്നത്. ഒരു പെറ്റികേസുപോലും സ്ഥലത്തെ ദിവ്യനായ മുതലാളിക്കെതിരെ ഉണ്ടായിട്ടില്ല. മുഴുവൻ ഫുട്പാത്ത് കച്ചവടക്കാരെയും ഒഴിപ്പിച്ചു സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതാണ്. നഗരം ഭരിക്കുന്ന പല ജനപ്രതിനിധികളും ഫുട്പാത്ത്, തട്ടുകട കച്ചവടക്കാരുടെക്കാരിൽ നിന്ന് കൃത്യമായി പടിപറ്റുന്നതിനാൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള 'വഴിപാട്' ഒഴിപ്പിക്കലിനപ്പുറം' ഒന്നും ചെയ്യില്ല.
അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർ ആരായാലും അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം. അത്തരക്കാരെ പിരിച്ചുവിടാൻ ബസ് ഉടമകളും തയാറാകണം . ആവശ്യത്തിനു ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കണം. ഫുട്പാത്ത് കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കണം. മുഖംനോക്കാതെ ഇതൊക്കെ ചെയ്യാൻ നട്ടെല്ലുള്ള ഭരണാധികാരികളുണ്ടോ എന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |