കോഴിക്കോട്: പരിമിതികളെ തട്ടിമാറ്റി ആത്മവിശ്വാസത്തോടെ കുതിച്ച ഇൻക്ലൂസീവ് മത്സരാർത്ഥികൾക്ക് ഗാലറിയിൽ നിന്ന് കിട്ടിയത് ഉയർന്ന കൈയടി. കായികമികവിനൊപ്പം ഇച്ഛാശക്തിയും പരസ്പരവിശ്വാസവും കൈകോർത്തുനിന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് മത്സരങ്ങൾ ആവേശ പൂരമായി.
അത്ലറ്റിക്സിൽ പാലക്കാട് ഒന്നാം സ്ഥാനം നേടിയപ്പോൾ ഗെയിംസിൽ കോഴിക്കോട് കിരീടം ചൂടി. ട്രാക്കിലും ഫീൽഡിലും മികവ് തെളിയിച്ച പാലക്കാട് 44 പോയിന്റുമായി അത്ലറ്റിക്സിൽ ഒന്നാമതെത്തി. ഗെയിംസിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 56 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. കാഴ്ചപരിമിതികളെ മറികടന്ന് ഗൈഡ് റണ്ണർമാരുടെ കൈപിടിച്ച് മുന്നേറിയ താരങ്ങളും വീൽചെയറിലിരുന്ന് ബോച്ചേയിൽ മികവു തെളിയിച്ചവരും ഇൻക്ലൂസീവ് മത്സരങ്ങളുടെ തിളക്കമായി. ഓട്ടത്തിലും ചാട്ടത്തിലും വിവിധ അത്ലറ്റിക്സ് ഇനങ്ങളിലും പ്രായവ്യത്യാസങ്ങൾക്കപ്പുറം മികവ് തെളിയിക്കാൻ താരങ്ങൾ ട്രാക്കിലും ഫീൽഡിലുമിറങ്ങി. 14 വയസ്സിന് മുകളിലും താഴെയുമുള്ള കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിൽ ഓരോ പോയിന്റിനും മെഡലിനുമായി ആവേശകരമായ പോരാട്ടം നടന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ബേസ്ബോൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും താരങ്ങൾ കരുത്തുകാട്ടി. വ്യക്തിഗത മികവിനൊപ്പം കൂട്ടായ്മയും പരസ്പര പിന്തുണയും നിറഞ്ഞ മത്സരങ്ങൾ കായികമേളയുടെ സന്ദേശം കൂടുതൽ അർഥവത്താക്കി.
@ട്രാക്കിൽ പാലക്കാട്
അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 44 പോയിന്റ് നേടിയാണ് പാലക്കാട് അത്ലറ്റിക്സിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മൂന്ന് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 44 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. രണ്ട് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയുൾപ്പെടെ 32 പോയിന്റ് നേടിയ തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
@ഗെയിംസിൽ കോഴിക്കോടിന്റെ ആധിപത്യം
ഗെയിംസിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും നേടി 56 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. രണ്ട് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയുൾപ്പെടെ 38 പോയിന്റ് നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനവും ഒരു സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയോടെ 30 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനവും നേടി.
@കൈപിടിച്ച് ലക്ഷ്യം പിഴയ്ക്കാതെ
ഒരുമിച്ച് കുതിച്ചു കാഴ്ചപരിമിതിയുള്ള താരങ്ങൾ ഗൈഡ് റണ്ണർമാരുടെ സഹായത്തോടെ ട്രാക്കിലിറങ്ങിയപ്പോൾ പരസ്പരവിശ്വാസത്തിന്റെ കൂടി കാഴ്ചയായി. ഓട്ടത്തിനിടെ ഗൈഡ് റണ്ണർമാരുടെ നിർദേശങ്ങൾക്കനുസരിച്ച് ചുവടുകൾ ക്രമപ്പെടുത്തി ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ച താരങ്ങൾ കാണികളുടെ കൈയടി നേടി. ഒരാളുടെ പിന്തുണ മറ്റൊരാളുടെ മുന്നേറ്റത്തിന് കരുത്താകുന്ന നിമിഷങ്ങൾ ഇൻക്ലൂസീവ് മത്സരങ്ങളുടെ സവിശേഷതയായി. വീൽചെയറിലിരുന്ന് ബോച്ചേ മത്സരത്തിൽ പങ്കെടുത്ത താരങ്ങളും തങ്ങളുടെ മികവ് തെളിയിക്കാനെത്തി. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ബേസ്ബോൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിൽ ഓരോ പോയിന്റിനായും ടീമുകൾ പൊരുതി. സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചും പരസ്പരം പിന്തുണച്ചും മുന്നേറിയ കുട്ടികൾ കളിക്കളത്തിൽ കൂട്ടായ്മയുടെ സന്ദേശം പകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |