SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.17 AM IST

ഇൻക്ലൂസീവിൽ അവർ എക്സ്ക്ലൂസീവ്

at
സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ൽ​ ​ഇ​ൻ​ക്ലൂ​സീ​വ് ​വി​ഭാ​ഗം​ 100​ ​മീ​റ്റ​റി​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​ ​തി​രു​വാ​ല​ത്തൂ​ർ​ ​ജി.​എം.​വി.​എ​ച്ച് ​എ​സ്എ​സ് ​സ്കൂ​ളി​ലെ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​​​നി​​​ ​അ​നീ​ഷ.​കെ ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: പൊള്ളുന്ന വെയിലിലും തളരാതെ അവർ ട്രാക്കിലിറങ്ങി. ജയിക്കണമെന്ന വാശിയോടെ ഓടി, ലക്ഷ്യത്തിലേക്ക് സർവശക്തിയുമെടുത്ത് ചാടി. മൈതാനങ്ങളിൽ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ പോരാടി. ഫുട്ബാളിലും ക്രിക്കറ്റിലും ബാഡ്മിന്റണിലുമെല്ലാം മികവിന്റെ കാഴ്ചകൾ തീർത്തു. വിജയത്തിന്റെ ആവേശത്തിലും പരാജയത്തിന്റെ നിരാശയിലും പരസ്പരം ചേർത്തുപിടിച്ചും ആർപ്പുവിളിച്ചും അവർ കൂട്ടുകാരെ പ്രോത്സാഹിപ്പിച്ചു. പരിമിതികളെക്കുറിച്ച് ചിന്തിക്കാതെ സ്വപ്നങ്ങളിലേക്ക് കുതിച്ച ഈ കുരുന്നുകൾ സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സിനെ വേറിട്ട അനുഭവമാക്കി.

എന്നാൽ, കുട്ടികളുടെ ആവേശത്തിനൊപ്പം അവരുടെ ശാരീരികാവസ്ഥയും ആവശ്യങ്ങളും പരിഗണിക്കുന്നതിൽ സംഘാടനത്തിലെ വീഴ്ചകൾ പ്രകടമായി. പൊള്ളുന്ന വെയിലിൽ മത്സരങ്ങൾ നടത്തേണ്ടിവന്നതും ഭക്ഷണവിതരണത്തിൽ കൃത്യമായ ക്രമീകരണങ്ങളില്ലാതിരുന്നതും കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിച്ചു. എന്നിട്ടും ക്ഷീണം വകവയ്ക്കാതെ മത്സരങ്ങളിൽ പങ്കെടുത്ത അവർ കായികമേളയുടെ യഥാർത്ഥ സന്ദേശമായി.

സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഇൻക്ലൂസീവ് സ്പോർട്സിൽ 1,958 കുട്ടികളാണ് പങ്കെടുത്തത്. 14 വയസിന് മുകളിലും താഴെയുമായി രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. അത്‌ലറ്റിക്സിൽ മിക്സഡ് റിലേ 4x100 മീറ്റർ, മിക്സഡ് സ്റ്റാൻഡിംഗ് ലോംഗ് ജമ്പ്, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ, 100 മീറ്റർ ഓട്ടം എന്നിവ നടന്നു. കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി മാത്രമായിരുന്നു 100 മീറ്റർ ഓട്ടം. ഗൈഡ് റണ്ണർമാരുടെ സഹായത്തോടെ ട്രാക്കിലിറങ്ങിയ കുട്ടികൾ ആത്മവിശ്വാസത്തോടെ ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ കാണികളും ആവേശത്തിലായി. ഒന്നാമതെത്തിയവർക്കൊപ്പം മത്സരിച്ച ഓരോ കുട്ടിക്കും കൈയടികൾ ലഭിച്ചു. ഇവിടെ വിജയം എന്നത് മെഡലുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. പ്രധാന വേദിയായ എൻ.ഐ.ടി. ക്യാമ്പസ് സ്റ്റേഡിയത്തിലായിരുന്നു അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ. ഗോളുകളും മിന്നുന്ന സേവുകളും പന്തടക്കവും കൊണ്ട് ഫുട്ബാൾ താരങ്ങൾ കളം നിറഞ്ഞു. ക്രിക്കറ്റ്, ഹാൻഡ്ബാൾ, ബോച്ചേ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളും ആവേശമായി. ഓരോ മത്സരവും കുട്ടികളുടെ കഴിവും ആത്മവിശ്വാസവും പുറത്തുകൊണ്ടുവന്നു.

2024 മുതലാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തിയത്. കായികരംഗത്ത് എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിഭാഗം, കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സൗഹൃദങ്ങൾ വളർത്താനും സ്വപ്നങ്ങൾക്ക് ചിറകുനൽകാനുമുള്ള വേദിയായി മാറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL