SignIn
Kerala Kaumudi Online
Saturday, 27 June 2026 4.03 AM IST

മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ കമ്മിഷന് തയ്യാറെടുക്കുന്നു

kulukkallur
ഈ മാസമാദ്യം കമ്മിഷൻ ചെയ്ത കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷൻ.

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ മേലാറ്റൂരിലെ ക്രോസിംഗ് സ്റ്റേഷൻ അടുത്തമാസം 15ന് കമ്മിഷൻ ചെയ്യും. ഒറ്റ ട്രാക്കുള്ള ഷൊർണൂർ - നിലമ്പൂർ പാതയിൽ മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനിലേക്ക് മാറുന്നതോടെ ട്രെയിനുകൾ പോകുന്നതിനുള്ള കാലതാമസം കുറയ്ക്കാനും സമയനിഷ്ഠ മെച്ചപ്പെടുത്താനും സഹായകമാകും. അടുത്തിടെ കമ്മിഷൻ ചെയ്ത കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷൻ പ്രവർത്തനം കൂടുതൽ സുഗമമായിട്ടുണ്ട്. കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകൾ ഒരുമിച്ച് പ്രവർത്തനക്ഷമമാകുമ്പോൾ ക്രോസിംഗ് പോയിന്റുകളിൽ കാത്തിരിപ്പ് സമയം കുറയും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പാലക്കാട് ഡിവിഷനിൽ അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിന് (എ.ബി.എസ്.എസ്) കീഴിലുള്ള യാത്രാ സൗകര്യ നവീകരണങ്ങളും നടപ്പാക്കുന്നുണ്ട്.

 435 കോടിയുടെ വികസനം

ഡിവിഷനിലുടനീളം 16 സ്റ്റേഷനുകൾ ഏകദേശം 435 കോടി രൂപ ചെലവിൽ വികസനത്തിലാണ്. മംഗലാപുരം ജംഗ്ഷൻ, കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, ഫറോക്ക്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം, ഷൊർണൂർ ജംഗ്ഷൻ, ഒറ്റപ്പാലം, പൊള്ളാച്ചി ജംഗ്ഷൻ എന്നിവയാണ് പദ്ധതിയുടെ പരിധിയിലുള്ള സ്റ്റേഷനുകൾ. ഇതിൽ മാഹി, വടകര, ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, പൊള്ളാച്ചി ജംഗ്ഷൻ എന്നിവയുടെ ഉദ്ഘാടനം കഴിഞ്ഞു. തലശ്ശേരി, നിലമ്പൂർ റോഡ്, ഫറോക്ക്, തിരൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മംഗലാപുരം ജംഗ്ഷൻ, കാസർകോട്, പയ്യന്നൂർ, ഒറ്റപ്പാലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. കണ്ണൂർ സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുന്നു. നവീകരിച്ച സ്റ്റേഷൻ കെട്ടിടങ്ങൾ, ആധുനിക ബുക്കിങ് ഓഫിസുകൾ, എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായ കാത്തിരിപ്പ് ഹാളുകൾ, വി.ഐ.പി ലോഞ്ചുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, വീതിയേറിയ ഫുട് ഓവർ ബ്രിഡ്ജുകൾ തുടങ്ങിയവയാണ് പുനർനിർമ്മിക്കുക. പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തലുകൾ, ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, കോച്ച് ഗൈഡൻസ് ഡിസ്‌പ്ലേകൾ, ലൈറ്റിങ്, മൊബൈൽ ചാർജിങ് പോയന്റുകൾ, മെച്ചപ്പെട്ട കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL