കോന്നി : സിവിൽ സപ്ളൈസ് വകുപ്പിന്റെ കീഴിലുള്ള പയ്യനാമൺ സി.എഫ്.ആർ.ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) കോളേജിലെ കുടിവെള്ള ടാങ്കുകളിൽ ചത്ത പാമ്പിനെയും ഉടുമ്പിനെയും കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരം നടത്തി. പതിവായി വിദ്യാർത്ഥികളും അദ്ധ്യാപകരും ഉപയോഗിക്കുന്ന വെള്ളത്തിലാണ് ചത്ത പാമ്പിനെയും ഉടുമ്പിനെയും ഇന്നലെ കണ്ടെത്തിയത്. രാവിലെ കോളേജിൽ എത്തിയ വിദ്യാർത്ഥികൾ പൈപ്പുതുറന്നപ്പോൾ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. കോളേജ് കെട്ടിടത്തിന് മുകളിലെ സിന്തറ്റിക്ക് ടാങ്കിൽ ചത്ത പാമ്പിനെയും പരിസരത്തെ സിമന്റ് ടാങ്കിൽ ഉടുമ്പിനെയും കണ്ടെത്തി. സിമന്റ് ടാങ്ക് പൂർണമായും കാടുമൂടി മാലിന്യം നിറഞ്ഞ നിലയിലായിരുന്നു. ഇതിന് മേൽമൂടി ഉണ്ടായിരുന്നില്ല. കുറച്ച് ഭാഗത്ത് തകരഷീറ്റ് നിരത്തിയിരുന്നു. ജലം മലിനമാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ കോളേജിന് അവധി നൽകുകയായിരുന്നു അധികൃതർ.
രണ്ടു ദിവസം അവധി
കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ശുചീകരണത്തിലെ അനാസ്ഥയും ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ കോളേജിന് രണ്ടുദിവസത്തെ അവധി നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കോളേജ് തുറക്കും.
കോളേജിൽ ശുചീകരണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തി.
വിദ്യാർത്ഥികൾ
ടാങ്കുകൾ ശുചീകരിക്കും
വിദ്യാർത്ഥി പ്രതിഷേധത്തെ തുടന്ന് ആരോഗ്യവകുപ്പും പൊലീസും സ്ഥലത്തെത്തി. കോളേജ് പരിസരത്തെ പൊന്തക്കാടുകൾ തെളിക്കാനും ടാങ്കുകൾ ശുചീകരിക്കാനും വനംവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങി.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2024ൽ രണ്ടാഴ്ചസമരം നടത്തിയിരുന്നു. അന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാകളക്ടർ കോളേജിൽ എത്തി വിദ്യാർത്ഥി സംഘടന നേതാക്കളുമായി ചർച്ച നടത്തി, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാം എന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |