SignIn
Kerala Kaumudi Online
Saturday, 27 June 2026 4.01 AM IST

ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ അപകടങ്ങൾ തുടർക്കഥ ഭീതിയിൽ യാത്രക്കാർ, ഗതാഗത നിയന്ത്രണങ്ങൾ പാളി

കൊടുമൺ : നവീകരണം പൂർത്തിയായ ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കൊടുമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ ഉൾപ്പെടെ മൂന്ന് മരണങ്ങൾ ഒരു വർഷത്തിനിടെ ഉണ്ടായിട്ടുണ്ട്. ഏഴംകുളവും കൊടുമണ്ണുമാണ് അപകട സാദ്ധ്യത കൂടുതലുള്ളത്. നവീകരണത്തിന് ശേഷം ട്രാക്കും സീബ്രാലൈനുകളും വരച്ചതല്ലാതെ റോഡിൽ അപകട മുന്നറിയിപ്പുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. അമ്പലജംഗ്‌ഷനിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച വൃദ്ധനെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചതാണ് ആദ്യ അപകടമരണം ഉണ്ടായത് .കഴിഞ്ഞ മാസം കൊടുമണ്ണിൽ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. ചന്ദനപ്പള്ളിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതും ഒരു മാസം മുൻപാണ്. ഞായറാഴ്ച വൈകിട്ട് 5.30നാണ് വാഴവിള പാലത്തിന് സമീപം പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് വന്ന സ്വകാര്യ ബസിടിച്ചു വൃദ്ധമരിച്ചത്. ഇത് കൂടാതെ മാസങ്ങളായി ഏഴംകുളം മുതൽ കൈപ്പട്ടൂർ വരെയുള്ള പല ഭാഗങ്ങളിലും ചെറുതും വലുതുമായ വാഹന അപകടങ്ങളും നടന്നിരുന്നു. ഇപ്പോൾ പത്തനംതിട്ടയിൽ നിന്നും കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകാൻ തട്ട റോഡ് ആശ്രയിക്കാതെ കൈപ്പട്ടൂർ -ഏഴംകുളം റോഡിലെത്തി ഏനാത്ത് വഴിയാണ് യാത്രക്ക പോകുന്നത്. രാത്രിയിലും പകലും റോഡിൽ വാഹനങ്ങളുടെ തിരക്കുണ്ട്. ഏഴംകുളം, ഏഴംകുളം അമ്പല ജംഗ്‌ഷൻ, പാലമുക്ക്, പുതുമല, രണ്ടാംകുറ്റി വളവ്, കൊടുമൺ ജംഗ്ഷൻ, വാഴവിള പാലം ,ഇടത്തിട്ട , ചന്ദനപ്പള്ളി തുടങ്ങിയ പ്രധാന ഇടങ്ങളിലൊന്നും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല. കൊടുമൺ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. വാഴവിള പാലം ഭാഗം ഇപ്പോൾ അപകട സാദ്ധ്യത മേഖലയായി മാറിയിരിക്കുകയാണ്. ബിവറേജസ് ഔട്ലെറ്റും മീൻകടകളും ചേർന്ന ഈ ഭാഗത്ത് വൈകുന്നേരങ്ങളിൽ വൻ ജനത്തിരക്കാണ്. ഈ ഭാഗം കേന്ദ്രീകരിച്ചു തന്നെ രണ്ടു അപകട മരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL