മല്ലപ്പള്ളി : മഴ ശക്തമായതോടെ മല്ലപ്പള്ളി പഞ്ചായത്തിലെ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും റോഡുകളിലൂടെയുള്ള കാൽനടയും ഇരുചക്ര വാഹനയാത്രയും ദുരിതമായിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നത് സ്ഥിരം കാഴ്ചയാണ്. റോഡിന്റെ ഇരു വശങ്ങളിലും ഓടകൾ ഉണ്ടെങ്കിലും ഇവ മണ്ണും ചെളിയും കാരണം മൂടിയ വെള്ളം ഒഴുകി പോകാൻ കഴിയാത്ത സ്ഥിതിയാണ്.നിരവധി തവണ വ്യാപാരികൾ ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ടുണ്ടെങ്കിലും നടപടികൾ പേരിനു മാത്രമാണെന്നാണ് ആക്ഷേപം. വശങ്ങളിലെ സ്ലാബുകൾ പൂർണമായി മാറ്റി മണ്ണും ചെളിയും നീക്കം ചെയ്യുവാൻ അധികൃതർ തയാറായെങ്കിൽ മാത്രമേ റോഡിലെ വെള്ളക്കെട്ട് നിയന്ത്രിക്കാനാവുകയുള്ളൂ. മല്ലപ്പള്ളി - തിരുവല്ല റോഡിൽ സർക്കിൾ ഓഫീസ് പടി മുതൽ വൺവേ വരെയും കോട്ടയം കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി സിഗ്നൽ മുതൽ മിനി സിവിൽ സ്റ്റേഷൻ റോഡുവരെയുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് വ്യാപാരികളെയും കാൽനടക്കാരെയും വലയ്ക്കുന്നത്. മഴ ശക്തിയാകുന്നതോടെ വെള്ളത്തിന്റെ അളവും കൂടുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവ വ്യാപാര സ്ഥാപനങ്ങളിലേക്ക് തെറിച്ചു വീഴുന്ന സ്ഥിതിയാണ്. വെള്ളം കെട്ടിക്കിടന്നാൽ സാംക്രമിക രോഗങ്ങൾ പെട്ടെന്ന് വ്യാപിക്കാൻ കാരണമാകുമെന്ന് ആശങ്കയും വ്യാപാരികൾക്കിടയിലുണ്ട്. അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിൽ മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് തോമസുകുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു.സെബാൻ. കെ.ജോർജ്, ലാലൻഎം.ജോർജ്, നിസാർ.പി.എ, ദേവദാസ്. എസ്, രാജു കളപ്പുരയ്ക്കൽ, ഐപ്പ് ദാനിയേൽ, മുരളീധരൻ നായർ, സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |