തിരുവല്ല : ദേശീയ ബാഡ്മിന്റൺ രംഗത്ത് ചരിത്രനേട്ടം കൈവരിച്ച് അലെക്സിയ എൽസ അലക്സാണ്ടർ. ഹൈദരാബാദിൽ നടന്ന ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ അണ്ടർ -15 ഗേൾസ് ഡബിൾസ് വിഭാഗത്തിലാണ് അടൂർ സ്വദേശി റോമിയുടെയും റീജയുടെയും മകൾ അലെക്സിയ മിന്നുംവിജയം സ്വന്തമാക്കിയത്. തമിഴ്നാടിന്റെ ജയ സപ്തശ്രീയുമായി സഖ്യമൊരുക്കി ദേശീയ കിരീടം നേടിയ അലെക്സിയ, ഇന്ത്യയെ പ്രതിനിധീകരിച്ച് ചൈനയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ബെംഗളൂരുവിൽ നടന്ന ദേശീയ സെലക്ഷൻ റാങ്കിംഗ് ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അലെക്സിയയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. സെപ്റ്റംബർ 8 മുതൽ 13 വരെ ചൈനയിലെ ചെങ്‌ഡുവിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ -15 ഗേൾസ് സിംഗിൾസ് വിഭാഗത്തിലാണ് അലെക്സിയ മത്സരിക്കുക.
കേരളത്തിനും അഭിമാനകരമായ ഈ നേട്ടം ജില്ലയിലെ ബാഡ്മിന്റൺ വളർച്ചയ്ക്കും വലിയ പ്രചോദനമാകും. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ അലെക്സിയ എൽസ അലക്സാണ്ടറെയും കുടുംബത്തെയും അഭിനന്ദിച്ചു. ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പതാക ഉയർത്തിപ്പിടിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി മാത്യു തോമസ് ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |