SignIn
Kerala Kaumudi Online
Monday, 12 October 2026 7.44 AM IST

നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ്, കോന്നിയിൽ കരിമ്പുലി മടയോ?

puli

പത്തനംതിട്ട : കുളത്തുമണ്ണിൽ പെൺകരിമ്പുലി കെണിയിൽ വീണതിന് പിന്നാലെ കോന്നി വന മേഖലയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. പെൺകരിമ്പുലിക്കൊപ്പം ഇണയോ കുട്ടികളോ കൂടപ്പിറപ്പുകളോ ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കരിമ്പുലിമടയ്ക്കുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.

പെൺകരിമ്പുലി കെണിയിൽ വീണത് ജനവാസമേഖലയിലായതിനാൽ ഈ സാഹചര്യം കൂടി പരിഗണിച്ചാണ് വനമേഖലകളിൽ ഉൾപ്പടെ പ്രത്യേക നിരീക്ഷണം ശക്തമാക്കുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ സാധാരണ നിരീക്ഷണ ക്യാമറകൾക്ക് പുറമെ ആവശ്യമെങ്കിൽ ട്രാപ്പിംഗ് ക്യാമറയും ഡ്രോണും പ്രയോജനപ്പെടുത്തും.

കേരളത്തിലെ വനമേഖലയിൽ നിന്ന് ആദ്യമായാണ് ഒരു കരിമ്പുലി വനം വകുപ്പിന്റെ

കെണിയിൽ അകപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് സുൽത്താൻബത്തേരിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ഒരു കരിമ്പുലി അകപ്പെട്ടിരുന്നെങ്കിലും അത് മദ്ധ്യപ്രദേശ് വനമേഖലയിൽ നിന്നുള്ളതായിരുന്നു. അതിനെ അന്ന് അവർക്ക് കൈമാറുകയും ചെയ്തു. കോന്നി, കലഞ്ഞൂർ പഞ്ചായത്തുകളിലെ ഇഞ്ചപ്പാറ, പാക്കണ്ടം, ആവോലിക്കുഴി ഭാഗങ്ങളിൽ നിന്ന് നേരത്തെ പുള്ളിപ്പുലികളെയും കുളത്തുമണ്ണിൽ നിന്ന് കടുവയെയും കെണിവച്ച് പിടികൂടിയിരുന്നു. കോന്നിയിൽ നിന്ന് പിടികൂടിയ പെൺകരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് പാർപ്പിച്ചിരിക്കുന്നത്.

കൂട്ടിൽ അകപ്പെട്ട കേരളത്തിലെ ആദ്യ കരിമ്പുലിയായതിനാൽ വിശദമായ

പരിശോധകളും നിരീക്ഷണവും പഠനവും ആവശ്യമായതിനാലാണ് അവിടേക്ക് മാറ്റിയത്. പെൺപുലിയായതിനാൽ പ്രജനന സാദ്ധ്യതകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലെ വനങ്ങളിൽ കരിമ്പുലി കുറവാണ്.

അതീവ സംരക്ഷിത വന്യജീവി

വനനശീകരണവും വേട്ടയാടലും കാരണം കരിമ്പുലികളുടെ എണ്ണം കുറയുകയാണ്. അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടേണ്ട ജീവികളുടെ പട്ടികയിലാണ് ഇവ. വന്യസാഹചര്യങ്ങളിൽ ഇവ 12 മുതൽ 15 വർഷം വരെ ജീവിക്കും. മൃഗശാലകളിൽ ഇവയുടെ ആയുസ് 20 വർഷം വരെ നീളാറുണ്ട്. ഒരു തവണ രണ്ട് മുതൽ നാല് കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകും. അമ്മപ്പുലിയാണ് അവയെ സംരക്ഷിക്കുന്നതും വേട്ടയാടാൻ പഠിപ്പിക്കുന്നതും. കരിമ്പുലികൾ പൊതുവെ ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. ഇണചേരുന്ന സമയത്തും അമ്മപ്പുലി കുഞ്ഞുങ്ങളെ വളർത്തുന്ന സമയത്തും ഇവ ഒന്നിച്ചായിരിക്കും. ഓരോ പുലിക്കും സ്വന്തമായി അതിരുകളുണ്ടാകും. മരങ്ങളിൽ നഖം കൊണ്ട് പോറിയും മൂത്രമൊഴിച്ചും ഇവ തങ്ങളുടെ അതിർത്തി അടയാളപ്പെടുത്തുന്നു. പുലികളുടെ ശരീരത്തിൽ മെലാനിൻ എന്ന വർണവസ്തുവിന്റെ അതിപ്രസരം മൂലമാണ് ഇവയ്ക്ക് കറുത്ത നിറം ലഭിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ ഇവയുടെ ശരീരത്തിലെ പുള്ളികൾ വ്യക്തമായി കാണാൻ സാധിക്കും.

1.വനമേഖലകളിൽ പ്രത്യേക നിരീക്ഷണം.

2.ട്രാപ്പിംഗ് ക്യാമറയും ഡ്രോണും പ്രയോജനപ്പെടുത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL