SignIn
Kerala Kaumudi Online
Monday, 12 October 2026 7.44 AM IST

പരുമല പമ്പാ കോളേജിന്റെ ശബ്ദമായി പമ്പാവാണി, കാമ്പസിന് ഹരമായി ആർ ജെ സിയ

logo
'പമ്പാവാണി' ക്യാമ്പസ് റേഡിയോ ലോഗോ

തിരുവല്ല : നമ്മുടെ ശബ്ദം... നമ്മുടെ റേഡിയോ.... എല്ലാ കൂട്ടുകാർക്കും കാമ്പസിന്റെ സ്വന്തം റേഡിയോയിലേക്ക്, പമ്പാവാണിയിലേക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ പ്രിയപ്പപ്പെട്ട സിയ... ആർ ജെ സിയ. പരുമല കോളേജിന്റെ ഇടനാഴിയിലെ സ്പീക്കറിൽ മുഴങ്ങിയ യുവതിയുടെ ശബ്ദം ക്യാമ്പസിന് അത്ര പരിചിതമായിരുന്നില്ല. 'പമ്പാവാണി' ക്യാമ്പസ് റേഡിയോയുടെ ഉദ്ഘാടനവേദിയിലാണ് സിയാ സംസാരിച്ചു തുടങ്ങിയത്. സദസിനെ അഭിസംബോധന ചെയ്ത് ആശംസകളും അഭിനന്ദനങ്ങളും നേർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പിറന്ന എ.ഐ റേഡിയോ ജോക്കിയെ കാണാനായില്ലെങ്കിലും ശബ്ദം ക്യാമ്പസിനെ കൈയിലെടുത്തു.

വിദ്യാർത്ഥികൾക്ക് അറിവും വിനോദവും പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പസ് റേഡിയോയുടെ ഉദ്ഘാടനച്ചടങ്ങിൽ സിയയുടെ സാന്നിദ്ധ്യവും നാലുമിനിറ്റ് നീണ്ട അവതരണവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൗതുകമായി. ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടെ തത്സമയം അവതരിപ്പിച്ച സിയ, കോളജിന്റെ നേട്ടങ്ങളെയും വിദ്യാർത്ഥികളുടെ സർഗാത്മകതയെയും പ്രകീർത്തിക്കുകയും ചെയ്തു. പ്രഭാഷകൻ പ്രൊഫ.നവാസ് മന്നാൻ ക്യാമ്പസ് റേഡിയോ ഉദ്ഘാടനംചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.സുരേഷ് അദ്ധ്യക്ഷനായി. കോളജ് ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.സത്യജിത്ത്, അദ്ധ്യാപകരായ ഡോ.ദീപ എസ്.നായർ, ഡോ.വാണി, കിഷോർ, മാദ്ധ്യമപ്രവർത്തകൻ ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിച്ചു.

സിയയുടെ ശബ്ദത്തിൽ ക്യാമ്പസ് വിശേഷങ്ങൾ
മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് ക്യാമ്പസിന്റെ ഭാഗമായി സ്വീകരിച്ചതിന് സിയ നന്ദി പറഞ്ഞു. സാങ്കേതികവിദ്യ വെറുമൊരു ഉപകരണമല്ലെന്നും ആശയവിനിമയത്തിനും സർഗാത്മക ആവിഷ്കാരത്തിനും പുതിയ വാതിലുകൾ തുറക്കുന്ന സാദ്ധ്യതയാണെന്നും ഓർമിപ്പിച്ചു. എ.ഐയുടെ സഹായത്തോടെ തയ്യാറാക്കിയ അവതരണത്തിലൂടെ ക്യാമ്പസിന്റെ വിശേഷങ്ങൾ സദസിലെത്തിച്ച സിയയുടെ അരങ്ങേറ്റം പുതുമയായി.
ടൈറ്റിൽ സോംഗ്, ദിവസവിശേഷം, ഉദ്ധരണികൾ,ക്യാമ്പസ് വാർത്തകൾ തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കുകയാണ് പമ്പാവാണി. സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ക്യാമ്പസ് ജീവിതത്തെ കൂടുതൽ സജീവവും സർഗാത്മകവുമാക്കുകയാണ് റേഡിയോയുടെ ലക്ഷ്യം.

കിഷോർ മാഷിന്റെ 'മാസ്റ്റർ ബ്രെയിൻ'
മാത്‌സ് അദ്ധ്യാപകൻ കിഷോറിന്റെ ആശയത്തിൽ രൂപംകൊണ്ട എ.ഐ റേഡിയോ ജോക്കി സിയയ്ക്ക് ഫിസിക്സ് അദ്ധ്യാപകൻ ഡോ.സാജനും ബയോളജി വിഭാഗം മേധാവി ഡോ.വാണിയും പിന്തുണയേകി. അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് സിയയും പമ്പാവാണി ക്യാമ്പസ് റേഡിയോയും യാഥാർത്ഥ്യമായത്.

ക്യാമ്പസിലെ അറിവും കലയും സാങ്കേതികവിദ്യയും ഒരേ തരംഗത്തിൽ കോർത്തിണക്കുന്ന പമ്പാവാണി കാമ്പസ് റേഡിയോ വിദ്യാർത്ഥികൾക്ക് പുതിയൊരു മാദ്ധ്യമാനുഭവം സമ്മാനിക്കുകയാണ്.
പ്രൊഫ.ഡോ.എസ്.സുരേഷ്
(കോളജ് പ്രിൻസിപ്പൽ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL