അടൂർ: പ്രകൃതിയുടെ പച്ചപ്പും ദൂരക്കാഴ്ചകളുടെ വിസ്മയവും സംഗമിക്കുന്ന ഏറത്ത് പഞ്ചായത്തിലെ നെടുംകുന്നുമല ടൂറിസം പദ്ധതിക്ക് ചിറക് മുളച്ചു. ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മലമുകളിലേക്കുള്ള പാതയുടെ നിർമാണം പൂർത്തിയായി. ഏറ്റവും മുകളിലെ നിരപ്പായ സ്ഥലത്ത് 13 ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. നെടുംകുന്നുമല പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല, നാടിന്റെ ഓർമകൾ കൂടി പേറുന്ന ഇടമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,600 അടി ഉയരത്തിലുള്ള മലയുടെ നെറുക് ഒരുകാലത്ത് ദൂരക്കാഴ്ചകളുടെ വിസ്മയലോകമായിരുന്നു. ശാസ്താംകോട്ട കായലിന്റെ ഒരു ഭാഗം പോലും ഇവിടെനിന്ന് കാണാമായിരുന്നു. കാലം മാറിയപ്പോൾ റബർ മരങ്ങൾ കാഴ്ചകളുടെ അതിരുകൾ ചുരുക്കി. എങ്കിലും ഉദയസൂര്യന്റെ പൊൻകിരണങ്ങളും അസ്തമയത്തിന്റെ ചാരുതയും ആസ്വദിക്കാനുള്ള സാദ്ധ്യതകൾ നെടുംകുന്നിനെ വേറിട്ടുനിറുത്തുന്നു. ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ടുകൾ കാണാനും തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ പ്രചാരണങ്ങളുടെ ആവേശം പങ്കിടാനും നാട്ടുകാർ മലമുകളിലെത്തിയിരുന്നു. അന്നത്തെ ആരവങ്ങൾക്കും ആഘോഷങ്ങൾക്കും സാക്ഷിയായ മല ഇന്ന് പുതിയൊരു സ്വപ്നത്തിന്റെ പടവിലാണ്. കമ്പോളവിലയുടെ രണ്ട് ശതമാനം പാട്ടമായി ഈടാക്കി 30 വർഷത്തേക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് റവന്യൂ പാട്ടത്തിന് കൈമാറിയ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർവഹണച്ചുമതല.
പ്രതീക്ഷയാകുന്ന ടൂറിസം പദ്ധതി
പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കാനും ചുറ്റുപാടുകളുടെ സൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന വിനോദസഞ്ചാര കേന്ദ്രമായി നെടുംകുന്നിനെ മാറ്റുകയാണ് ടൂറിസം പദ്ധതിയുടെ ലക്ഷ്യം. മലയുടെ താഴ്ഭാഗത്തുനിന്ന് മുകളിലേക്ക് 300 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് പാത നിർമിച്ചിരിക്കുന്നത്. പാതയുടെ വശങ്ങളിൽ കൈവരികളും ഇരിപ്പിടങ്ങളും ഒരുക്കി. കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേക തറയോടുകൾ പാകിയതും പദ്ധതിയുടെ സവിശേഷതയാണ്.
മലയുടെ വിസ്തൃതി : 5 ഏക്കർ,
സമുദ്രനിരപ്പിൽ നിന്ന് 1,600 അടി ഉയരം
1. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കാലത്ത് എൽ.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച് തുക അനുവദിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
2.രണ്ടാംഘട്ടത്തിൽ 12 മീറ്റർ ഉയരമുള്ള രണ്ട് വാച്ച് ടവറുകൾ, കുട്ടികൾക്കായുള്ള അഡ്വഞ്ചർ അമ്യൂസ്മെന്റ് പാർക്ക്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ലാൻഡ്സ്കേപ്പിംഗ്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെട്ട ശിൽപ്പചിത്രീകരണങ്ങളും മലയുടെ ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷ.
വേണ്ടത് : ശൗചാലയം, മാലിന്യസംസ്കരണ സംവിധാനം, കുട്ടികളുടെ പാർക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |