
ആറ്റിങ്ങൽ: കൈത്തറി മേഖലയിൽ ചിറയിൻകീഴ് താലൂക്കിന്റെ ഊടും പാവും നെയ്ത വീക്ഷണം നെയ്ത്ത് സംഘത്തെ അധികൃതർ കൈയൊഴിഞ്ഞിട്ട് നാളുകൾ. വ്യവസായവകുപ്പിന് കീഴിൽ പ്രവൃത്തിരിച്ചിരുന്ന നെയ്ത്ത് സംഘത്തിന്റെ പ്രവർത്തനം 25 വർഷം മുമ്പാണ് നിലച്ചത്. കെട്ടിടത്തിന് മുകളിൽ കാടും മരങ്ങളും വളർന്നുനിൽക്കുകയും, നെയ്ത്ത് ശാലയുടെ മുകളിലായി ആൽമരം വേരിറങ്ങി കെട്ടിടഭാഗങ്ങൾ തകർന്ന നിലയിലുമാണ്. കോടികൾ വിലവരുന്ന 70 സെന്റോളം ഭൂമിയും,കെട്ടിടങ്ങളുമാണ് ഇത്തരത്തിൽ കാടുകയറി നശിക്കുന്നത്. ആറ്റിങ്ങലിന്റെ കൈത്തറി മഹിമ പുറം നാടിനെ അറിയിച്ചിരുന്ന നെയ്ത്ത് സംഘത്തെയാണ് അധികൃതർ കാണാത്ത മട്ടിൽ അവഗണിക്കുന്നത്. ഇവിടെനിന്ന് സ്ഥിരമായി തുണികൾ വാങ്ങിയ സർക്കാർ സ്ഥാപനമായ ഹാൻവീവ് യഥാസമയം പണം നൽകാതിരുന്നതോടെയാണ് സംഘം അടച്ചുപൂട്ടേണ്ടി വന്നത്. കാടുകയറിക്കിടക്കുന്ന വീക്ഷണം നെയ്ത്ത് സംഘം പ്രവർത്തനക്ഷമമാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തടസവാദങ്ങളേറെ
സംഘം പുനരുജ്ജീവിപ്പിക്കാൻ 2017 സെപ്തംബർ 25ന് പ്രത്യേകയോഗം ചേർന്നിരുന്നു. ഓഡിറ്റ് ഫീസ്,ക്ഷേമനിധി,തൊഴിൽനികുതി, വൈദ്യുതിചാർജ്ജ്, വെള്ളക്കരം, ഇ.പി.എഫ്,നഗരസഭയുടെ നികുതി എന്നിവയുടെ കുടിശികയിന്മേലുള്ള ജപ്തിനടപടികളായിരുന്നു അന്ന് കണ്ടെത്തിയ തടസവാദങ്ങൾ. 2020ൽ ലേലനടപടികളുണ്ടായപ്പോൾ അധികൃതരിടപെട്ട് അത് താത്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു.
തൊഴിലാളികളെ കിട്ടാനില്ല
സംഘം പുനരുജ്ജീവിപ്പിക്കുന്നതിലെ പ്രധാന തടസം തൊഴിലാളികളെ കിട്ടാനില്ലാത്തതാണ്. പഴയ നെയ്ത്ത് തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും സംഘത്തിൽ വന്ന് ജോലിചെയ്യാൻ വിമുഖത കാണിക്കുകയാണ്. ഇതോടെ നെയ്ത്ത് പരിശീലനകേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചെങ്കിലും അതും നടപ്പായില്ല. പിന്നീട് വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഇല്ലാതായതോടെ കെട്ടിടം കാടുകയറി നശിക്കാൻ തുടങ്ങി.
110 തറികളും നൂറിലധികം സ്ത്രീതൊഴിലാളികളുമായിരുന്നു സുവർണകാലത്ത് സംഘത്തിലുണ്ടായിരുന്നത്.
വീക്ഷണം നെയ്ത്ത് സംഘം തുറന്ന് പ്രവർത്തിപ്പിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി ഫാഷൻ ഡിസൈനിംഗ് അടക്കം പ്രാവർത്തികമാക്കി യുവതലമുറയെ ആകർഷിക്കാൻ വേണ്ട നടപടികളും സ്വീകരിക്കണം. രാജേഷ് മാധവൻ,ബി.ജെ.പി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |