
നെടുമങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റ് പരിസരവും,ഇവിടേയ്ക്കുള്ള റോഡും ശോചനീയാവസ്ഥയിൽ.വാളിക്കോട് നിന്നുള്ള പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളേറെയായി.മാർക്കറ്റും ചുറ്റുവട്ടവും റോഡിന്റെ വശങ്ങളും കാടുപിടിച്ചു കിടക്കുകയാണ്.രാത്രികാലങ്ങളിൽ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവികൾ റോഡിലേക്കിറങ്ങുന്നത് സ്ഥലവാസികളെ ആശങ്കയിലാക്കുന്നു.
റോഡരികിൽ പാമ്പ് ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്.തെരുവ് നായ്ക്കളും പ്രദേശം കൈയടക്കിയിട്ടുണ്ട്.
ടാർ പൂർണമായി ഇളകി കുണ്ടും കുഴിയും വെള്ളക്കെട്ടുമാണ്.മഴക്കാലം തുടങ്ങിയതോടെ കുഴികൾ മലിനജലം കെട്ടിക്കിടക്കുന്ന അപകടകരമായ കുളങ്ങളായി മാറി.ഓടകളും നടപ്പാതകളും ഇല്ലാത്തതിനാൽ റോഡരികിലൂടെ പോലും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിനജലം കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നത് പതിവ് കാഴ്ചയാണ്.കുഴികളിൽ തെന്നിവീണ് പരിക്കേൽക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണവും കുറവല്ല.കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീണും,കുഴിയിൽ ചാടി നിയന്ത്രണം തെറ്റിയും നൂറിലേറെ അപകടങ്ങളുണ്ടായി.
നടപടിയില്ല
ഇലക്ഷൻ വേളയിൽ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും നടപടികൾ സ്വീകരിച്ചതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |