SignIn
Kerala Kaumudi Online
Saturday, 27 June 2026 2.48 AM IST

ദൈവങ്ങൾ കൈയൊപ്പ് ചാർത്തിയ പന്തും ജഴ്‌സിയും ഇവിടെയുണ്ട്, തൃശൂർ കാൽഡിയനിൽ !

1

തൃശൂർ: ലോകമെമ്പാടും ഫുട്ബാൾ ജ്വരത്തിൽ നിറഞ്ഞാടുമ്പോൾ ദൈവങ്ങൾ കൈയൊപ്പ് ചാർത്തിയ ജഴ്‌സിയും പന്തും ഇവിടെയുണ്ട്, തൃശൂരിലെ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ. സാക്ഷാൽ പെലെ ഒപ്പിട്ടുനൽകിയ ബ്രസീലിയൻ ജഴ്‌സിയും കാൽപ്പന്തുകളിയുടെ ദൈവം ഡീഗോ മറഡോണ ഒപ്പിട്ട ഫുട്ബാളും ഇവിടെ ഭദ്രം.

2012ൽ കണ്ണൂരിൽ ബോബി ചെമ്മണൂരിന്റെ നേതൃത്വത്തിൽ മറഡോണ എത്തിയപ്പോഴാണ് സ്‌കൂൾ പ്രിൻസിപ്പൽ അബിപോളിന് അദ്ദേഹം ഒപ്പിട്ട പന്ത് കൈമാറിയത്. കണ്ണൂർ സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഹോട്ടൽ മുറിയിൽ എത്തിയപ്പോഴാണ് പ്രിൻസിപ്പലിനെ പരിചയപ്പെടുത്തിയത്. ഒപ്പിട്ട് നൽകിയ രണ്ട് പന്തുകളിൽ ഒരെണ്ണം സ്‌കൂളിനും മറ്റൊരെണ്ണം മറഡോണയുടെ കടുത്ത ആരാധകനായ പ്രിൻസിപ്പലിനും നൽകി.

2017ലാണ് പെലെയുടെ കരസ്പർശമുള്ള ജഴ്‌സി സ്‌കൂളിലെത്തിയത്. കൊൽക്കത്തയിലെ സ്വകാര്യ ചടങ്ങിനെത്തിയ പെലെയ്ക്ക് ഒപ്പം വേദി പങ്കിടാൻ അവസരം കിട്ടിയ കൽദായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പ മാർ യോഹന്നാൻ യൗസേഫിന് ബ്രസീലിന്റെ മഞ്ഞ ജഴ്‌സിയിൽ ഫുട്ബാൾ രാജാവ് കൈയൊപ്പിട്ട് നൽകി. കുട്ടികൾക്കാണെന്ന് പറഞ്ഞപ്പോൾ ഉടൻ അദ്ദേഹം ഒപ്പിട്ട് നൽകുകയായിരുന്നത്രെ.

സ്‌പോർട്‌സിന് ഏറെ പ്രാധാന്യം നൽകുന്ന സ്‌കൂളിൽ ഫുട്ബാൾ ദൈവത്തിന്റെയും രാജാവിന്റെയും കൈപതിഞ്ഞ ജഴ്‌സിയും പന്തും ഇന്നും ഭദ്രം. നിരവധി പേർ ഇവ കാണാനും എത്തുന്നുമുണ്ട്. ഇരുവരുടെയും ചരമ വാർഷിക ദിനത്തിൽ പ്രത്യേക അനുസ്മരണങ്ങളും സ്‌കൂളിൽ നടക്കാറുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പൂർവവിദ്യാർത്ഥി ജർമനിയിലെ ഫിഫ സ്റ്റോറിൽ നിന്ന് ലോകകപ്പിന്റെ ഒരു മാതൃകയും സ്‌കൂളിന് കൈമാറിയിരുന്നു. അതും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL