
തൃശൂർ: കാളത്തോട്ടിലെ സത്യം ഐസ് ഫാക്ടറിയിൽ അമോണിയം ചോർന്നു. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഫയർഫോഴ്സ് സമയോചിതമായി ഇടപെട്ടതിലൂടെ വൻ ദുരന്തം ഒഴിവായി.
മണ്ണുത്തി പ്രധാന റോഡിനോട് ചേർന്ന്, കാർ ഷോറൂം, ഹോട്ടലുകൾ, നിരവധി വീടുകൾ എന്നിവയുള്ള ജനവാസമേഖലയിലായിരുന്നു ഫാക്ടറി. അപകടം മുന്നിൽകണ്ട് ഗതാഗതം താത്കാലികമായി നിയന്ത്രിക്കുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു. പ്ലാന്റിലെ ടാങ്കിന്റെ ഇരുമ്പ് പൈപ്പ് കാലപ്പഴക്കം മൂലം തുരുമ്പെടുത്ത് ദ്രവിച്ചതാണ് ചോർച്ചയ്ക്ക് കാരണം. വാൽവുകൾ അടച്ചിട്ടും ചോർച്ച നിയന്ത്രിക്കാനാകാതെ വന്നതോടെ, തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ബി.വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ബ്രീത്തിംഗ് അപ്പാരറ്റസ് ഉപയോഗിച്ച് 2മണിക്കൂറോളം പരിശ്രമിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ചോർച്ചയുള്ളയിടത്ത് വെള്ളം ചീറ്റിച്ച് അപകടസാദ്ധ്യത ഒഴിവാക്കുകയായിരുന്നു. പ്ലാന്റ് അധികൃതരുമായി പൂർണമായ ഏകോപനം നടത്തിയായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ.പ്രജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.എസ്.സുധൻ, കെ.പ്രകാശൻ, എ.എസ്.അനിൽജിത്ത്, എസ്.സുബീർ, കെ.സജീഷ്, എം. മഹേഷ്, കെ.എസ്.സുബൈർ, എച്ച്.ജെ.വിഷ്ണു, എ.സാരംഗ്, എ.ആർ.അഖിൽ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |