SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

നിരത്തുകൾ വീണ്ടും അപകട തുരുത്തുകൾ

f

തൃശൂർ: ജില്ലയിലെ നിരത്തുകളിൽ വീണ്ടും അപകടങ്ങൾ തുടർക്കഥ. മൂന്നു ദിവസത്തിനുള്ളിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ. ഞായറാഴ്ച്ച 4 പേരും ഇന്നലെ ഒരാളുമാണ് വാഹനാപകടങ്ങളിൽ മരണമടഞ്ഞത്. ദേശമംഗലം തലശേരി, അയ്യന്തോൾ, ചിറക്കക്കോട്,വെളപ്പായ, മണ്ണുത്തി എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളിലാണ് ജീവനുകൾ നഷ്ടപ്പെട്ടത്. തലശേരിയിൽ ഇരുചക്രവാഹനമിടിച്ച് റോഡിൽ വീണ കാൽനടയാത്രക്കാരൻ പിന്നാലെയെത്തിയ കാർ കയറിയിറങ്ങി മരിച്ചു. ആറങ്ങോട്ടുകര തലശ്ശേരി കുന്നത്തുഞ്ഞലിൽ കൃഷ്ണൻകുട്ടി(70)യാണ് മരിച്ചത്. അയ്യന്തോൾ ചുങ്കത്തിന് സമീപം മകളുമൊത്ത് ബൈക്കിൽ യാത്ര ചെയ്തിരുന്ന അച്ഛന് ദാരുണാന്ത്യം സംഭവിച്ചു. മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തിണ്ടാറ്റ് റോഡിൽ ഒലക്കേങ്കിൽ ദേവസിയുടെയും ഗ്രേസിയുടെയും മകൻ സ്റ്റീഫൻ (49) ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ച് വീണ മകൾ സാനിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുളങ്കുന്നത്തുകാവ് വെളപ്പായയിൽ കാറിടിച്ചാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. ചൂലിശ്ശേരി വടക്കൂട്ട് പകൻ അഭിജിത്ത് (21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെളപ്പായ മെഡിക്കൽ കോളേജ് റോഡിലായിരുന്നു അപകടം. തിരക്കേറിയ മെഡിക്കൽ കോളജ് റോഡിൽ മറ്റൊരു വാഹനത്തെ മറികടന്ന വന്ന കാർ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ചിറക്കേക്കോട് ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. നെട്ടിശ്ശേരി പരേതനായ അയ്യപ്പൻ നായരുടെ മകൻ വെള്ളൂർ വീട്ടിൽ ശിവശങ്കരൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേശീയപാത മണ്ണുത്തി വട്ടക്കല്ലിൽ തകരാറിനെ തുടർന്ന് നിറുത്തിയിട്ട മിനി ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പട്ടിക്കാട് സ്വദേശി കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്.

അപകടങ്ങൾ തുടർക്കഥ
എതാനും ആഴ്ച്ചകൾക്ക് മുമ്പ് 8പേരുടെ ജീവനെടുത്ത കയ്പമംഗലം പനമ്പിക്കുന്ന്, കുന്നംകുളത്തിനടുത്തെ പന്നിത്തടവും അപകട തുരുത്തായി മാറുകയാണ്. കയ്പമംഗലത്ത് അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ വഴിയാത്രക്കാരിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിക്കുകയാണ്. ഈ മേഖലയിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമായി മാറുകയാണ് പന്നിത്തടം ബൈപ്പാസ് റോഡ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ നിരവധി അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL