ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിക്ക് നിബന്ധനകളോടെ അനുമതി നൽകി ഡൽഹി പൊലീസ്. നവംബർ മൂന്ന് വരെ രാംലീല മൈതാനം പരിപാടിക്കായി ഉപയോഗിക്കുന്നതിനാണ് കർശന നിബന്ധനകളോടെ പൊലീസ് എൻ.ഒ.സി നൽകിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, സി.സി.ടി.വി നിരീക്ഷണം, വാഹനങ്ങളുടെ പാർക്കിംഗ്, റാലി അവസാനിപ്പിക്കേണ്ട സമയം എന്നിവയടക്കം നിബന്ധനകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
'വോട്ട് ചോരി' ആരോപണം ഉയർത്തിയാണ് റാലി നടത്തുന്നത്. എസ്.ഐ.ആറിലുണ്ടായ ക്രമക്കേടുകൾക്ക് മറുപടി പറയണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പാർട്ടി പ്രവർത്തകരെയും അനുഭാവികളുമായ പത്തുലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മൈതാനത്തിന്റെ ഉടമസ്ഥാവകാശമുള്ള അധികൃതരുടെ അനുമതിയും ഇതിന് ആവശ്യമാണ്. നവംബർ ഒന്നിന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് റാലി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
സമരത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പാക്കാൻ മതിയായ വാട്ടർ ടാങ്കറുകളും സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളുൾപ്പെടെ ആവശ്യത്തിന് ശുചിമുറികളും സജ്ജീകരിക്കണം.ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വോളന്റിയർമാരെ നിയോഗിക്കണമെന്നും ഇവരെ തിരിച്ചറിയാൻ ഒരേ തരത്തിലുള്ള വസ്ത്രങ്ങളോ തിരിച്ചറിയൽ ബാഡ്ജുകളോ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.
റാലി നവംബർ ഒന്നിന് വൈകിട്ട് അഞ്ചിന് നിർബന്ധമായും അവസാനിപ്പിക്കണം. തുടർന്ന് ജനങ്ങളെ മൈതാനത്തുനിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. നിശ്ചയിച്ച സമയത്തിനപ്പുറം പരിപാടി നീട്ടാൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. റാലിക്ക് മുമ്പോ ശേഷമോ പങ്കെടുക്കുന്നവർ രാംലീല മൈതാനത്ത് രാത്രി തങ്ങാൻ പാടില്ല. ബസുകൾ, കാറുകൾ, ടെമ്പോകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ട്രാഫിക് പൊലീസ് നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ. റാലി സമാധാനപരമായി നടത്തുകയും പങ്കെടുക്കുന്നവർ അക്രമാസക്തമോ അച്ചടക്കരഹിതമോ ആയ പെരുമാറ്റങ്ങളിൽ ഏർപ്പെടാതിരിക്കുകയും വേണം. രാംലീല മൈതാനത്തേക്കല്ലാതെ മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കും പ്രകടനമോ മാർച്ചോ നടത്താൻ പാടില്ലെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശനിയാഴ്ച ഡൽഹിയിലെ ഇന്ദിരാഭവനിലുള്ള എ.ഐ.സി.സി ആസ്ഥാനത്ത് പാർട്ടി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഡൽഹിയിലെ കോൺഗ്രസ് ഭാരവാഹികളുമായും അദ്ദേഹം ചർച്ച നടത്തിയെന്നാണ് വിവരം.
Delhi Police granted conditional permission for the Congress-led INDIA alliance's mega rally at Delhi's Ramlila Maidan on November 1st. The protest, alleging voter list irregularities and demanding the Chief Election Commissioner's resignation, comes with strict conditions. These include crowd control, CCTV surveillance, specific parking arrangements, and a mandatory end time of 5 PM.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |