
ജയ്പൂർ: രാജസ്ഥാനിലെ ഭരത്‌പൂരിൽ ബി.ജെ.പി മുൻ എം.എൽ.എയെ ജനക്കൂട്ടം തല്ലിക്കൊന്നു. ഖനനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയാണ് അതർ സിംഗ് ഭദാന കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഭോണ്ഡ ഗ്രാമത്തിലെ മെറ്റൽ ക്രഷർ യൂണിറ്റ് സന്ദർശിക്കുന്നതിനിടെ, ഒരു കൂട്ടം ഗ്രാമവാസികൾ വടികളും കല്ലുകളും ഉപയോഗിച്ച് ഭദാനയെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭദാനയെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഭദാനയുടെ സഹായി ഗഗൻ ശർമ ഭരത്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാർ കന്നുകാലികളെ മേയാൻ വിട്ടിരുന്ന സ്ഥലം ഭദാന കയ്യേറിയെന്നും അനധികൃത ഖനനം നടത്തിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഭദാന ഭാര്യയുടെ പേരിൽ ഭോണ്ടയിൽ സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരിയാന സ്വദേശിയായ ഭദാന 2003 മുതൽ 2008 വരെ രാജസ്ഥാനിലെ ബയാനയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |