
ബംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണബ് ചുഴലിക്കാറ്ര് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക്. ആന്ധ്രാപ്രദേശിലെ ബാപറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് ഇന്ന് ഉച്ചയോടെ കര തൊടും. ഈ സമയം കാറ്റിന്റെ വേഗത മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയാണ്. ചിലപ്പോൾ 140 കിലോമീറ്റർ വരെ വേഗതയിൽ വീശും.
അർണബിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്,ഒഡീഷ,ഛത്തീസ്ഗണ്ഡ്,ഉത്തർ പ്രദേശ്,ജാർഖണ്ഡ് സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആന്ധ്രയിലെ കാക്കിനടയിൽ 89,000 പേരെ ഒഴിപ്പിച്ചു. ഹോപ് ഐലൻഡ് പൂർണമായും ഒഴിപ്പിച്ചു. 1400ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാറിലും ഒഡീഷയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി 53 സർവീസുകൾ റെയിൽവേ റദ്ദാക്കി. വിശാഖപട്ടണം,വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ അർണബ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യയും മുന്നറിയിപ്പ് നൽകി. നേപ്പാളും അതീവ ജാഗ്രതിയിലാണ്.
സമുദ്രം
ബംഗാളി ഭാഷയിൽ അർണബ് എന്നാൽ സമുദ്രം എന്നർത്ഥം. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകളുടെ പട്ടിക പ്രകാരം ബംഗ്ലാദേശാണ് പേര് നിർദ്ദേശിച്ചത്.
കേരളത്തെ ബാധിക്കില്ല
അർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. ന്യൂനമർദ്ദങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളായി ലഭിച്ചിരുന്ന ശക്തമായ മഴ തിങ്കളാഴ്ചയോടെ മാറി. ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. തുലാവർഷം ആരംഭിച്ചശേഷം സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചു. ഒക്ടോബർ1 മുതൽ ഇന്നലെ വരെ 271 മി.മീ മഴ ലഭിക്കേണ്ടിടത് 267.7 മി.മീ പെയ്തു. ഒരു ശതമാനത്തിന്റെ കുറവ്. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ശരാശരി മഴ ലഭിച്ചു. കാസർകോട് 34% മഴക്കുറവ്. തിരുവനന്തപുരം (28%),വയനാട് (40%),പാലക്കാട് (25%) ജില്ലകളിൽ അധികമഴ ലഭിച്ചു.
Cyclone Arnab, which formed over the Bay of Bengal, is intensifying into an extremely severe cyclonic storm and heading towards the coast. It is expected to make landfall around noon today between Bapatla and Visakhapatnam in Andhra Pradesh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |