ഏതെങ്കിലുമൊരു ആഡംബര റെസ്റ്റോറന്റിൽനിന്ന് മെനു കാർഡില്ലാതെ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചുനോക്കൂ. എന്താണ് ഓർഡർ ചെയ്യേണ്ടതെന്നോ മുന്നിലെത്തുന്ന പ്ലേറ്റിൽ എന്തായിരിക്കുമെന്നോ തീർച്ചയില്ലാതെ ഭക്ഷണം കഴിക്കാനിരുന്നാലോ?. കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഈ അനുഭവം സമ്മാനിക്കുന്ന റെസ്റ്റോറന്റാണ് ബംഗളൂരുവിലെ ഫാംലോർ.
40 ഏക്കർ വിസ്തൃതിയിലുള്ള തങ്ങളുടെ കൃഷിയിടത്തിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാനാകില്ല. പകരം, അന്നത്തെ വിളവെടുപ്പ്, കാലാവസ്ഥ, ഷെഫിന്റെ സർഗാത്മഗത എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഭക്ഷണമാണ് മേശയിലെത്തുക. ഇവിടേക്കുള്ള ഓരോ സന്ദർശനവും വ്യത്യസ്തമായൊരു രുചിയാത്രയാകുന്നതിന് കാരണവും അതുതന്നെ.
ട്രാവൽ വ്ലോഗറും നടിയുമായ ഷഹനാസ് ട്രഷറി പങ്കുവച്ച വീഡിയോയിലൂടെ ഫാംലോറും അവിടത്തെ വ്യത്യസ്തമായ അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പാൽക്കുപ്പിയിൽ നിറച്ചുനൽകിയ പാനീയം മുതൽ ഉറുമ്പുകളെ ഉപയോഗിച്ച് തയ്യാറാക്കിയ പേരറിയാത്ത വിഭവം പോലും ഷഹനാസ് കഴിക്കുന്നുണ്ട്.
പൊതുവെ മരത്തിന്റെ ഇലകളിൽ കൂടുകെട്ടാറുള്ള പുളിയുറുമ്പുകളെ താൻ കഴിക്കാൻ പോവുകയാണെന്ന് ഷഹനാസ് പറയുന്നുണ്ട്. റസ്റ്ററന്റിലെ ജീവനക്കാരുടെ നിർദേശമനുസരിച്ച് ആ വിഭവം പൂർണമായും വായ്ക്കുള്ളിലാക്കിയാണ് കഴിച്ചത്. പാൽക്കുപ്പിയിൽ കുടിക്കാൻ നൽകിയതാകട്ടെ രുചികരമായ സോയ-മുരിങ്ങ പാനീയവും. കടൽ മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എണ്ണച്ചോർച്ചയുടെ ഡെമോ ചിത്രീകരിക്കുംവിധത്തിലുള്ള വിഭവവും ഇവിടെ ഒരുക്കിയിരുന്നു. ഭക്ഷ്യയോഗ്യമായ സൂര്യകാന്തിപ്പൂക്കളും ഷഹനാസിന് മുന്നിലെത്തി. വിസ്കി, ചോക്ലേറ്റ്, ശർക്കര എന്നിവ നിറച്ച മരച്ചീനിയായിരുന്നു മധുരവിഭവം.
കൗശിക് രാജ്, ജോൺസൺ എബനേർ എന്നിവരാണ് ഫാംലോറിന്റെ സ്ഥാപകർ. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന പാചകരീതിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഗ്യാസ് ഉപയോഗിക്കാതെ വിറകടുപ്പിലാണ് ഇവിടെ എല്ലാ വിഭവങ്ങളും പാചകം ചെയ്തെടുക്കുന്നത്.
പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള വിളകൾ മാത്രമേ ഇവിടെ കൃഷി ചെയ്യാറുള്ളു. ഓരോ ആഴ്ചയും ഭക്ഷണവിഭവങ്ങളിൽ മാറ്റമുണ്ടാകും. പ്രവൃത്തിദിവസങ്ങളിലെ ഉച്ചഭക്ഷണത്തിൽ അഞ്ച് വിഭവങ്ങളാണുള്ളത്. ഒരാൾക്ക് 3000 രൂപയാണ് നിരക്ക്. അത്താഴത്തിന് പത്ത് വിഭവങ്ങളാണ് വിളമ്പുന്നത്. ഒരാൾക്ക് 5000 രൂപയും. ഒരേസമയം 18 പേർക്ക് മാത്രമാണ് ഇവിടെ ഭക്ഷണം കഴിക്കാനാകുന്നത്. ഉച്ചയ്ക്കും രാത്രിയിലുമുള്ള സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടിവരും. ഈ വർഷം ആദ്യം ഏഷ്യ-പസഫിക് മേഖലയിലെ ടാറ്റ്ലന്റിന്റെ മികച്ച 100 റെസ്റ്ററന്റുകളിലും ഇന്ത്യയിലെ മികച്ച 20 റെസ്റ്ററന്റുകളിലും ഫാംലോർ ഇടം നേടിയിരുന്നു.
Bengaluru’s FarmLore offers a unique no-menu dining experience with farm-fresh ingredients, creative dishes, and meals priced at ₹3,000 for lunch and ₹5,000 for dinner.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |