
പട്‌ന: ഐപിഎൽ 2025,26 സീസണുകളിലെ മികച്ച കണ്ടെത്തലാണ് വൈഭവ് സൂര്യവംശി. ഇക്കഴിഞ്ഞ സീസണിൽ 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് വിജയിയായാണ് വൈഭവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്നത്. അയർലണ്ടിനെതിരെ അരങ്ങേറ്റം കുറിക്കാനായി കാത്തിരിക്കുകയാണ് താരം. നിലവിൽ ഇന്ത്യ എ ടീമിൽ ഇടംനേടിയ 15കാരൻ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയിൽ പങ്കെടുക്കുകയാണ്. ഇപ്പോഴിതാ ഈ ചെറുപ്രായത്തിൽ മികച്ച പ്രകടനം നടത്താൻ കൗമാരതാരത്തെ പ്രാപ്‌തനാക്കിയത് പരിശീലനമാണെന്ന് വ്യക്തമാക്കുകയാണ് കുട്ടിക്കാലത്തെ കോച്ച് മനീഷ് ഓജ.
തന്റെ പട്‌നയിലെ ക്രിക്കറ്റ് അക്കാദമിയിൽ വൈഭവിന്റെ എട്ടാം വയസുമുതൽ പരിശീലനം നൽകിയിരുന്നെന്ന് മനീഷ് ഓജ പറയുന്നു. വൈഭവിന്റെ വമ്പൻ വിജയം ഇപ്പോൾ നാട്ടിലെ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ കൂടുതലായി ഇവിടെയെത്തിക്കാൻ കാരണമായെന്നും മനീഷ് പറയുന്നു. അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടികളെയടക്കം എത്തിച്ച് അടുത്ത സൂര്യവംശിയാക്കണം എന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.
ആദ്യം ടെന്നീസ് ബോളിലും പിന്നീട് ഹാർഡ് ബോളിലുമാണ് വൈഭവ് പരിശീലനം തുടങ്ങിയത്. എത്ര പന്തുകൾ വരെ വൈഭവ് ബാറ്റ് ചെയ്യുമെന്ന് എണ്ണിയിട്ടില്ല. എങ്കിലും ദിവസവും 600 പന്തെങ്കിലും താരം ഫേസ് ചെയ്‌തിരുന്നു. '200-300 പന്തുകൾ ഞാൻ തന്നെയാണ് അവന് എറിഞ്ഞുനൽകുക. ഞാൻ തളരുമ്പോൾ സപ്പോർട്ടിംഗ് സ്റ്റാഫിലാരെങ്കിലും പന്തെറിഞ്ഞുകൊടുക്കും.' - മനീഷ് ഓജ പറയുന്നു. ചിലസമയം ബൗളിംഗ് മെഷിനെയും അവൻ നേരിട്ടു. പുലർച്ചെ 7.30ന് പരിശീലനം ആരംഭിക്കും. വൈകിട്ട് 4വരെ തുടരും. കൃത്യമായി സാങ്കേതിക പരിജ്ഞാനം ഉപയോഗിക്കുന്നതുകൊണ്ടാണ് വൈഭവിന് വിജയമുണ്ടായതെന്നും ഓജ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വൈഭവിന്റെ യഥാർത്ഥ വിജയകാരണം അച്ഛനും അമ്മയും തന്നെയാണെന്നും അദ്ദേഹം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |