
23-ാമത് കോമൺവെൽത്ത് ഗെയിംസിന് നാളെ ഗ്ളാസ്ഗോയിൽ തുടക്കം
ഗ്ളാസ്കോ : ലോകകപ്പ് ഫുട്ബാളിന്റെ അലയൊലികൾ അടങ്ങുംമുന്നേ കായികലോകം മറ്റൊരു മാമാങ്കത്തിന് വേദിയാകുന്നു. 23-ാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിലാണ് അരങ്ങൊരുങ്ങുന്നത്.12 ദിവസം നീളുന്ന കായികോത്സവത്തിൽ ബ്രിട്ടനും ബ്രിട്ടന്റെ പഴയ കോളനി രാജ്യങ്ങളുമാണ് മത്സരിക്കുന്നത്. ഇത് നാലാം വട്ടമാണ് സ്കോട്ട്‌ലാൻഡ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 1970ലും 86ലും എഡിൻബറോയിലും 2014ൽ ഗ്ളാസ്ഗോയിലുമാണ് ഇതിന് മുമ്പ് ഗെയിംസ് നടത്തിയത്.
ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റാണ് ഗെയിംസിന്റെ ആതിഥ്യം ഏറ്റെടുത്തിരുന്നതെങ്കിലും ചെലവ് കൂടുതലായതിനാൽ പിന്മാറി. തുടർന്നാണ് ഗ്ളാസ്ഗോ വേദി ഏറ്റെടുത്തത്. അപ്രതീക്ഷിതമായി ആതിഥേയരാകേണ്ടിവന്നതിനാൽ കായികമത്സരങ്ങളുടെയും പങ്കെടുക്കുന്ന താരങ്ങളുടെയും എണ്ണം കുറച്ചിട്ടുണ്ട്. 74 രാജ്യങ്ങളിൽ നിന്ന് 3000ത്തോളം കായിക താരങ്ങളാണ് ഇക്കുറി ഗെയിംസിൽ മാറ്റുരയ്ക്കാനെത്തുന്നത്. 10 കായിക വിഭാഗങ്ങളിലായി 215 മെഡൽ ഇവന്റുകളാണു ള്ളത്. എലിസബത്ത് രാഞ്ജിയുടെ മരണശേഷം നടക്കുന്ന ആദ്യ കോമൺവെൽത്ത് ഗെയിംസാണിത്.
നാളെ ഗ്ളാസ്ഗോയിലെ പ്രസിദ്ധമായ ഒവോ ഹൈഡ്രോ ഇൻഡോർ അരീനയിലാണ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ പൂർണമായും ഇൻഡോറിൽ നടക്കുന്നത്. സ്കോട്ടിഷ് സംഗീജ്ഞ കേറ്റ് വിക്ടോറിയ ടുൺസ്റ്റാൾ,കലം ബീറ്റി,നഥാൻ ഇവാൻസ് തുടങ്ങിയവരുടെ പ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകും.ബ്രിട്ടീഷ് രാജകുടുംബം ഉദ്ഘാടനച്ചടങ്ങിൽ അതിഥികളായെത്തും.
10 കായിക ഇനങ്ങൾ
ബാസ്കറ്റ്ബാൾ,ജിംനാസ്റ്റിക്സ്, അത്‌ലറ്റിക്സ്, ലോൺബാൾസ്, ബോക്സിംഗ്,സൈക്ളിംഗ്,ജൂഡോ,നെറ്റ്ബാൾ,സ്വിമ്മിംഗ്,വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ആറ് ഇനങ്ങളിൽ പാരാ കോമൺവെൽത്ത് ഗെയിംസും ഇതോടൊപ്പം നടക്കുന്നുണ്ട്. വെള്ളിയാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
126 അംഗ ഇന്ത്യൻ ടീം
കോമൺവെൽത്ത് ഗെയിംസിനായി ഇന്ത്യ 126 അംഗ സംഘത്തെയാണ് അയയ്ക്കുന്നത്. 78 പുരുഷ കായികതാരങ്ങളും 48 വനിതാ കായിക താരങ്ങളും. അത്‌ലറ്റിക്സ് , ബോക്സിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ് തുടങ്ങിയ ഇനങ്ങളിലാണ് മെഡൽ പ്രതീക്ഷ. അത്‌ലറ്റിക്സിൽ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണജേതാവുമായ നീരജ് ചോപ്ര, മയാളി താരം എം.ശ്രീശങ്കർ, ബോക്സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ, വെയ്‌റ്റ്ലിഫ്റ്റിംഗിൽ മിരാഭായ് ചാനു തുടങ്ങിയവർ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരയ്ക്കും.
2030ൽ ഇന്ത്യയിൽ
അടുത്ത കോമൺവെൽത്ത് ഗെയിംസിന് 2030ൽ വേദിയാകുന്നത് ഇന്ത്യയാണ്. അഹമ്മദാബാദിലാണ് മത്സരങ്ങൾ നടത്തുക. 2010ൽ ഡൽഹിയിൽ ഗെയിംസ് നടന്നിരുന്നു. ഇത്തവണത്തെ സമാപനച്ചടങ്ങിൽ ഇന്ത്യൻ സംഘം ഗെയിംസ് പതാക ഔദ്യോഗികമായി ഏറ്റുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |