SignIn
Kerala Kaumudi Online
Tuesday, 14 July 2026 9.27 AM IST

ജുറാസിക് പാർക്കിലെ ഡോ. ഗ്രാന്റ്: നടൻ സാം നീലിന് വിട

d

സിഡ്നി: കോടികണക്കിന് ആരാധകരെ സൃഷ്ടിച്ച ' ജുറാസിക് പാർക്ക് ' സിനിമാ പരമ്പരയിൽ ഡോ. അലൻ ഗ്രാന്റിന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധനേടിയ നടൻ സാം നീൽ (78) ഓർമ്മയായി. ഇന്നലെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ സെന്റ് വിൻസെന്റ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. നേരത്തെ രക്താർബുദം ബാധിച്ചിരുന്നെങ്കിലും അടുത്തിടെ രോഗമുക്തി നേടിയിരുന്നു.


1947 സെപ്തംബർ 14ന് നോർത്തേൺ അയർലൻഡിൽ ജനിച്ച സാം ഏഴാം വയസിൽ മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറി. സ്ലീപിംഗ് ഡോഗ്സ് (1977), മൈ ബ്രില്ല്യന്റ് കരിയർ (1979), ഈവിൾ ഏഞ്ചൽസ് (1988), ദ പിയാനോ (1993) തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയം ശ്രദ്ധനേടി.

റോജർ മൂറിന് ശേഷം ജെയിംസ് ബോണ്ടിന്റെ വേഷത്തിലേക്ക് സാം പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ തിമോത്തി ഡാൾട്ടനാണ് അതിനുള്ള അവസരം ലഭിച്ചത്. 1993ൽ സ്‌റ്റീവൻ സ്‌പീൽബർഗ് സംവിധാനം ചെയ്‌ത ജുറാസിക് പാർക്കിലൂടെ സാം ആഗോളതലത്തിൽ ജനപ്രിയ നടൻമാരിൽ ഒരാളായി.

കളക്ഷൻ റെക്കാഡുകൾ ഭേദിച്ച ജുറാസിക് പാർക്കിന് പിന്നാലെ അതേ പരമ്പരയിലെ ജുറാസിക് പാർക്ക് III ( 2001 ), ജുറാസിക് വേൾഡ് : ഡൊമിനിയൻ ( 2022) എന്നീ ചിത്രങ്ങളിലും ഡോ. അലൻ ഗ്രാന്റായി സാം എത്തി. പീക്കി ബ്ലൈൻഡേഴ്സ്, ദ ട്യൂഡേഴ്സ്, ക്രൂസോ, ആൽകട്രാസ് തുടങ്ങി ഹിറ്റ് സീരീസുകളിലും അഭിനയിച്ചു. മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടി. മേക്കപ്പ് ആർട്ടിസ്റ്റ് നോറികോ വതാനബേയെ വിവാഹം കഴിച്ചെങ്കിലും വേർപിരിഞ്ഞു. നടി ലിസ ഹാരോ മുൻ പങ്കാളിയാണ്. സാമിന് നാല് മക്കളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360