SignIn
Kerala Kaumudi Online
Tuesday, 13 October 2026 10.14 AM IST

ക്രിസ്റ്റ വീണ്ടും ജയിലിൽ, വധശിക്ഷയിൽ അനിശ്ചിതത്വം

f

വാഷിംഗ്ടൺ: യു.എസിലെ ടെന്നസിയിൽ വധശിക്ഷയെ അതിജീവിച്ച കൊലക്കേസ് പ്രതി ക്രിസ്റ്റ ഗൈൽ പൈക്കിനെ (50)​ ജയിലിൽ തിരിച്ചെത്തിച്ചു. സെപ്തംബർ 30ന് വിഷ മരുന്നായ പെന്റോബാർബിറ്റലിന്റെ രണ്ട് വ്യത്യസ്ത ഡോസുകൾ കുത്തിവച്ചിട്ടും ക്രിസ്റ്റ അതിജീവിച്ചത് വാർത്തയായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ക്രിസ്റ്റയെ ജയിൽ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. വധശിക്ഷ പരാജയപ്പെട്ടതെങ്ങനെയെന്ന അന്വേഷണത്തിലാണ് അധികൃതർ.


വിഷ മരുന്നിന്റെ രണ്ടാമത്തെ ഡോസിനെ തടവുപുള്ളി അതിജീവിച്ചാൽ എന്തു ചെയ്യണമെന്ന പ്രോട്ടോക്കോൾ ഇല്ലാത്തതിനാൽ ക്രിസ്റ്റയുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. വധശിക്ഷയ്ക്ക് പുതിയ തീയതി പ്രഖ്യാപിക്കണമെന്ന് ജയിൽ അധികൃതരും, വധശിക്ഷ ഒഴിവാക്കണമെന്ന് ക്രിസ്റ്റയുടെ ലീഗൽ ടീമും ആവശ്യപ്പെടുന്നു. 19 വയസുള്ള സഹപാഠിയെ കൊലപ്പെടുത്തിയതിന് 1996ലാണ് ക്രിസ്റ്റയ്ക്ക് വധശിക്ഷ ലഭിച്ചത്.

 വധശിക്ഷ പലവിധം

ഇന്ത്യ,​ യു.എസ്, ബെലറൂസ്, ചൈന, ഈജിപ്‌റ്റ്, ഇറാൻ, ജപ്പാൻ, മംഗോളിയ, പാകിസ്ഥാൻ, സൗദി അറേബ്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയവയാണ് ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ചിലത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ ഇടങ്ങളിലും വധശിക്ഷ നിലവിലില്ല. കുരിശിൽ തറയ്‌ക്കൽ, ചതച്ചു കൊല്ലൽ, തീ വച്ചു കൊല്ലുക തുടങ്ങിയ ക്രൂരമായ വധശിക്ഷാ രീതികൾ പണ്ട് നിലനിന്നിരുന്നു. ഇന്ന് ലോകത്ത് നിലവിലുള്ള വ്യത്യസ്ത വധശിക്ഷാ രീതികൾ ഇവയാണ്:

 തൂക്കിലേറ്റൽ

മിക്ക രാജ്യങ്ങളിലും സ്വീകരിക്കുന്ന മാർഗം. പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും പ്രയോഗിക്കുന്നു. പ്രതിയെ തൂക്കിലേറ്റുന്ന വീഴ്ചാ ദൈർഘ്യത്തിലെ വ്യത്യാസമനുസരിച്ച് പ്രതികളെ തൂക്കിക്കൊല്ലുന്ന രീതിയിലും വ്യത്യാസമുണ്ട്.

 വെടിവയ്‌ക്കൽ

ഒരൊറ്റ വെടിയുണ്ടക്കൊണ്ട് പ്രതിയുടെ ജീവനെടുക്കുന്നു. ചൈന, ബെലറൂസ് തുടങ്ങിയ രാജ്യങ്ങൾ ഈ മാർഗം സ്വീകരിക്കുന്നുണ്ട്. വധശിക്ഷ നിറുത്തലാക്കുന്നതിന് മുമ്പ് റഷ്യയും ഉപയോഗിച്ചിരുന്നു. ഓരോ രാജ്യങ്ങളിലും വെടിവയ്ക്കുന്നത് വ്യത്യസ്ത രീതിയിൽ. ചൈനയിലും ബെലറൂസിലും തലയ്‌ക്ക് പിറകിലാണ് വെടിവയ്ക്കുന്നത്. തായ്‌ലൻഡിൽ മുമ്പ് മെഷീൻ ഗണ്ണായിരുന്നു ഉപയോഗിച്ചിരുന്നത്. ഇൻഡോനേഷ്യ പോലുള്ള രാജ്യങ്ങളിൽ 'ഫയറിംഗ് സ്ക്വാഡുകൾ"തന്നെയുണ്ട്.

 വിഷം കുത്തിവയ്‌ക്കൽ

1982ൽ യു.എസിൽ ആദ്യമായി പരീക്ഷിച്ചു. ചൈന, തായ്‌വാൻ, തായ്‌ലൻഡ്, ഗ്വാട്ടിമാല, വിയറ്റ്നാം എന്നിവിടങ്ങളിലും നിലവിലുണ്ട്. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം തയോപെന്റൽ തുടങ്ങിയ മരുന്നുകൾ കുത്തിവയ്ക്കും.

 ഇലക്ട്രോക്യൂഷൻ

വൈദ്യുതിക്കസേരയിലിരുത്തി വൈദ്യുതാഘാതമേൽപ്പിക്കുന്ന രീതി. പ്രതിയെ പ്രത്യേകം തയാറാക്കിയ കസേരയിലിരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തി വിടുന്നു. ഉത്ഭവം 1890ൽ യു.എസിൽ. 1976 വരെ ഫിലിപ്പീൻസിലും നടപ്പാക്കിയിരുന്നു. ഇലക്ട്രിക് ചെയർ സംവിധാനം ഇപ്പോഴും ചില യു.എസ് സ്റ്റേറ്റുകളിൽ നിലവിലുണ്ട്. എന്നാൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തി ആവശ്യപ്പെടുന്നതനുസരിച്ചോ അല്ലെങ്കിൽ കുത്തിവയ്പ് പ്രായോഗികമല്ലാത്ത ഘട്ടത്തിലോ ആണ് സ്വീകരിക്കുന്നത്.

 ഗ്യാസ് ചേംബർ

യു.എസിലും ലിത്വാനിയയിലും മാത്രമാണ് ഈ രീതി ഉപയോഗിച്ചിട്ടുള്ളത്. ഇന്ന് ചില യു.എസ് സ്റ്റേറ്റുകളിൽ കുത്തിവയ്പിനുപകരം പ്രതിയ്ക്ക് ഗ്യാസ് ചേംബർ വധശിക്ഷാ മാർഗമായി തിരഞ്ഞെടുക്കാം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി ജർമനിയിൽ ഉത്ഭവം. വായു കടക്കാത്ത അറയിലേക്ക് ഹൈഡ്രജൻ സയനൈഡ് അടക്കമുള്ള വിഷവാതകങ്ങൾ കടത്തിവിടും.

 ശിരഛേദം

ചരിത്രാതീതകാലം മുതൽ ലോകമെമ്പാടും നിലനിന്നിരുന്ന രീതി. ഇപ്പോൾ സൗദി അറേബ്യ മാത്രം പിന്തുടരുന്നു. വാളുപയോഗിച്ചാണ് ശിരച്ഛേദം നടപ്പാക്കുന്നത്. ഫ്രഞ്ച് വിപ്ലവക്കാലത്ത് ഗില്ലറ്റിൻ ഉപയോഗിച്ച് ശിരസ് ഛേദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360