
(യോഗനാദം 2026 ജൂൺ 16 ലക്കം എഡിറ്റോറിയൽ)
എസ്.എൻ.ഡി.പി യോഗത്തെയും യോഗം ജനറൽ സെക്രട്ടറിയായ എന്നെയും തിരഞ്ഞുപിടിച്ച് ചില ശക്തികൾ നിരന്തരം ആക്ഷേപിക്കുന്ന കാഴ്ചയാണ് കുറച്ചുനാളായി പൊതുമണ്ഡലത്തിലും ചില പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും കാണുന്നത്. വ്യക്തിപരമായ വിമർശനം എനിക്ക് പുത്തരിയല്ല. എന്നാൽ യുഗപ്രഭാവനായ, നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേർക്കും ചില ഛിദ്രശക്തികൾ വാളോങ്ങുന്നത് കണ്ട് മൗനം പാലിക്കാനാവില്ല.
കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റെങ്കിൽ ആ തെറ്റ് പൂർവാധികം ശക്തിയായി തുടരാൻ തന്നെയാണ് തീരുമാനം. ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല ഞാനും എന്റെ സംഘടനയും. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹത്തിന്റെ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉന്നയിക്കുന്നത്. ഭരണം നിലനിറുത്താനും പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ളീം ലീഗെന്ന ലക്ഷണമൊത്ത വർഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്ളീം ലീഗിനെ വിമർശിക്കുന്നവരെ വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ.
ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിന്റെ പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ളീം ലീഗുമുണ്ട്. മുസ്ളീം മതസമൂഹത്തെയല്ല, മുസ്ളീം ലീഗിനെയാണ് ഞാൻ എതിർക്കുന്നതെന്ന് എത്രയോ വട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണത്തിൽ പങ്കാളിയായാൽ സ്വാഭാവികമായും അവർ വർഗീയമായി മാത്രമേ പ്രവർത്തിക്കൂ. അതിന് തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും പേഴ്സണൽ സ്റ്റാഫും അവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിൽ ഇരിക്കുന്നവരും.
ഇപ്പോൾ ലീഗിന്റെ മന്ത്രിയായ കെ.എം.ഷാജിയുടെ, മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്നവർക്കുപോലും ഇതൊക്കെ തുറന്നുകാട്ടാൻ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വർഗീയവാദിയാകുമെങ്കിൽ ആയിക്കോട്ടെ.
എസ്.എൻ.ഡി.പി യോഗം എന്റെ ജീവനും രക്തവും മജ്ജയും മാംസവുമാണ്. മൂന്നു പതിറ്റാണ്ടായി ഈ സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ തുടങ്ങിയിട്ട്. സമുദായവും ആരോഗ്യവും സമ്മതിച്ചാൽ ഇനിയും തുടരും. കേരളത്തിലെ പിന്നാക്കസമുദായങ്ങളുടെ വേദനകളും ആശങ്കകളും എന്നെപ്പോലെ തൊട്ടറിഞ്ഞ ഒരാളുണ്ടോയെന്ന് സംശയമാണ്. മൂന്നു പതിറ്റാണ്ടായി എന്റെ മുന്നിലെത്തുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരുന്നത്. അത് ആരെ വിഷമിപ്പിച്ചാലും വേദനിപ്പിച്ചാലും കുഴപ്പമില്ല.
വെള്ളാപ്പള്ളി നടേശനെ ഒതുക്കി എസ്.എൻ.ഡി.പി യോഗത്തെ വരുതിയിലാക്കാമെന്ന വ്യാമോഹത്താലാണ് ഇപ്പോൾ ഒരു കൂട്ടർ രംഗത്തിറങ്ങിയിട്ടുള്ളത്. കുലംകുത്തികളായ ചില മുൻഭാരവാഹികളെ കൂട്ടുപിടിച്ച് എന്നെ ഏതുവിധേനയും പുറത്താക്കാനാകുമെന്ന വൃഥാവ്യാമോഹമാണ് ഇക്കൂട്ടരുടേത്. അത് നടക്കാൻ പോകുന്നില്ല. പത്തുപേരെ ഒപ്പം നിറുത്താൻ കഴിയാത്തവരാണ് സമുദായത്തിലെ എന്റെ എതിരാളികൾ.
പദവികളിൽ ഇരുന്നപ്പോൾ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇതിലേറെപ്പേരും പുറത്തുപോയത്. ഒരു ശാഖ പോലും ഇവരുടെ നിയന്ത്രണത്തിൽ ഇല്ല. ഇത്തരം കളകൾക്ക് യോഗത്തെ ഒന്നും ചെയ്യാനാവില്ല. വ്യക്തിപരമായി എന്നെ നശിപ്പിക്കാൻ നടക്കുന്ന ചില പ്രമാണിമാരുടെ പണത്തിന്റെ ബലത്തിൽ കേസുകൾ നടത്തുകയാണ് ഇവരുടെ ഏറെക്കാലമായ തന്ത്രം. യോഗം വോട്ടർപട്ടിക കേസ്, തിരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ ട്രസ്റ്റ് കേസ്, കെ.കെ.മഹേശൻ ആത്മഹത്യ കേസ് തുടങ്ങി അനവധി കേസുകളുണ്ട്.
മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കോടിക്കണക്കിന് രൂപയാണ് കേസ് നടത്തിപ്പിന് യോഗം മുടക്കുന്നത്. കേസിന് പിന്നിലുള്ളവർക്ക് ഇതിലേറെ ചെലവുണ്ട്. ഒന്നിൽ പോലും ഇവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഒരു കേസിലും വ്യക്തിപരമായി എനിക്കെതിരെ വിധിയുണ്ടായിട്ടില്ല. സർക്കാരുകളെയും കോടതികളെയും അന്വേഷണ സംവിധാനങ്ങളെയും ഞാൻ വരുതിയിൽ നിറുത്തുകയാണെന്നാണ് ആക്ഷേപങ്ങൾ. അത്രയ്ക്കും ചീപ്പാണോ കേരളത്തിലെ ഭരണസംവിധാനങ്ങളും കോടതികളും.
കേസുകൾ കോടതിയിൽ വാദിച്ച് ജയിക്കാൻ സാധിക്കാത്തപ്പോൾ വഴിയിൽ മൈക്ക് കെട്ടി വിളിച്ചുപറഞ്ഞ് ആക്ഷേപിച്ച് ജയിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ചില ദൃശ്യമാദ്ധ്യമങ്ങൾ അതൊരു അജണ്ടയായി ഏറ്റെടുത്തിട്ടുമുണ്ട്. എസ്.എൻ.ഡി.പി യോഗത്തെക്കുറിച്ചോ ഗുരുദേവനെക്കുറിച്ചോ ഗുരുദർശനത്തെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിയാത്ത ചിലർ കോട്ടും ടൈയും കെട്ടി അന്തിചർച്ച നടത്തുന്നത് കണ്ട് സമുദായാംഗങ്ങൾ ചിരിക്കുകയാണ്. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ ആധുനിക കാലത്തെ മാദ്ധ്യമധർമ്മം? സാമൂഹ്യ പരിഷ്കരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ ജീവൻ ത്യജിച്ച് പോരാടിയ മഹാരഥന്മാരായ പത്രാധിപന്മാർ വിളയാടിയ മലയാള മണ്ണിൽ ഇപ്പോൾ അരങ്ങേറുന്ന അധമ മാദ്ധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കാനും മനസില്ല.
ഏറെക്കാലം ചില പ്രമാണിമാരുടെ നിയന്ത്രണത്തിലിരുന്ന് സാധാരണക്കാരിൽ നിന്ന് അകന്നുപോയ എസ്.എൻ.ഡി.പി യോഗത്തെ പാവപ്പെട്ട, സാധാരണക്കാരായ സമുദായാംഗങ്ങളുടെ വീട്ടുമുറ്റത്തേക്ക് എത്തിച്ചതിന് പിന്നിൽ എന്റെ നേതൃത്വത്തിലുള്ള ഭരണമാണെന്ന് അഭിമാനപൂർവ്വം പറയാനാകും. യോഗത്തെ ഇന്ന് കേരളത്തിലെ പ്രബലമായ സംവിധാനമാക്കി, സമരസംഘടനയാക്കി മാറ്റാനായെങ്കിൽ അതിനു പിന്നിൽ കുടുംബയൂണിറ്റ് ഭാരവാഹികൾ മുതലുള്ള ഒട്ടേറെപ്പേരുടെ സമർപ്പണമുണ്ട്. അതിനെ അപഹസിക്കാനുള്ള ഏതു നീക്കത്തെയും എസ്.എൻ.ഡി.പി യോഗം ശക്തമായി ചെറുക്കും.
കേരളത്തിലെ ഇടതുപക്ഷ പാർട്ടികളുടെ നട്ടെല്ലാണ് ഈഴവസമുദായമുൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗം. അവരെ അവഗണിച്ച് ന്യൂനപക്ഷ പ്രീണനത്തിന് പോയതാണ് ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിന് കാരണമെന്ന് പറഞ്ഞതിന്റെ പേരിലും കടുത്ത വിമർശനമുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ല. ആരിൽ നിന്നും അന്യായമായ പരിഗണനകളും വേണ്ട. എല്ലാക്കാര്യത്തിലും തുല്യമായ നീതിവേണമെന്നതാണ് നിലപാട്. അതിന് വേണ്ടി നിലകൊള്ളുമ്പോൾ ഒരു ഭീഷണിയെയും വകവയ്ക്കുന്നുമില്ല. ജീവൻ വരെ സമർപ്പിക്കാൻ തയ്യാറുമാണ്. ഏതു വെല്ലുവിളിയെയും അതേ നാണയത്തിൽ നേരിടാനുള്ള ആളും അർത്ഥവും ഗുരുദേവ കാരുണ്യത്താൽ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിനും ഈഴവ സമൂഹത്തിനുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |