SignIn
Kerala Kaumudi Online
Monday, 22 June 2026 3.35 AM IST

യുദ്ധത്തിനു വിരാമമാകുമ്പോൾ

s

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് വിരാമമാകുന്നത് ലോകത്തിനാകെ നൽകുന്ന ആശ്വാസം വളരെ വലുതാണ്. എന്നാൽ ഈ ശുഭമുഹൂർത്തത്തിൽ ചില വസ്തുതകൾ തുറന്നു പറയേണ്ടതും അനിവാര്യമാകുന്നു. ലക്ഷണമൊത്ത ലക്ഷ്യമോ തന്ത്രങ്ങളോയില്ലാതെ, ഇസ്രയേലുമായിച്ചേർന്ന് ഇറാനെതിരെ ആക്രമണത്തിന് ചാടിയിറങ്ങിയ അമേരിക്ക യുദ്ധത്തിൽ തോറ്റമ്പിയിരിക്കുന്ന സമയമാണിത്. ഇറാനിലെ തീവ്ര ഭരണകൂടത്തെ നശിപ്പിച്ചുകൊണ്ടുള്ള വിജയം എളുപ്പത്തിലും വേഗത്തിലും നേടാനാകുമെന്നും, അമേരിക്കയുടെയും ഇസ്രയേലിന്റെയും ആജ്ഞകൾക്ക് വഴങ്ങുന്ന നേതൃത്വം അവിടെ വരുമെന്നുമുള്ള നെതന്യാഹുവിന്റെ ഉറപ്പിൽ വിശ്വസിച്ചാണ് ട്രംപ് യുദ്ധത്തിനൊരുമ്പെട്ടത്.

പ്രധാന ഭരണാധികാരികളെ എളുപ്പത്തിൽ വീഴ്ത്താനായെങ്കിലും അവിടത്തെ ഭരണകൂടം കൂടുതൽ ശക്തിയോടെ തിരിച്ചടിക്കുകയും യുദ്ധം നീണ്ടുപോവുകയും ചെയ്തു. യഥാർത്ഥത്തിൽ, ചിക്കാഗോ യൂണിവേഴ്സിറ്റി പ്രൊഫസറും സൈനികകാര്യ വിദഗ്ദ്ധനുമായ റോബോർട്ട് പാപ് കുറിച്ചതുപോലെ ഒരു 'മൂർഛിക്കൽ കെണിയിൽ ' അമേരിക്ക വീണുപോയെന്ന് വേണം കരുതാൻ.

യുദ്ധത്തിൽ ഒരു കക്ഷിക്കുണ്ടാകുന്ന ആദ്യ വിജയങ്ങൾ എല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന മിഥ്യാബോധം അവരിൽ ജനിപ്പിക്കുമെന്നും, എന്നാൽ എതിർരാജ്യം ശക്തമായി തിരിച്ചടിക്കുമ്പോൾ കൂടുതൽ കടുപ്പത്തിൽ യുദ്ധം തുടരാൻ ആദ്യ കക്ഷിക്ക് സമ്മർദ്ദമുണ്ടാകുമെന്നും ഇപ്രകാരം വലുതായി പോകുന്നൊരു യുദ്ധത്തിൽ ഇരുകക്ഷികളും പെടുമെന്നുമുള്ള നിരീക്ഷണമാണിത്.

എളുപ്പത്തിൽ തീരുമെന്ന് കരുതിയ ഇറാൻ യുദ്ധം കൈവിട്ടകളിയായി നീണ്ടപ്പോൾ, ഇടക്കാല ഉടമ്പടിയിലെ മുഖംരക്ഷിക്കൽ വകുപ്പുകളിൽ തൂങ്ങി തത്കാലത്തേക്ക് പിൻവാങ്ങുന്ന ട്രംപിനെയാണിപ്പോൾ ലോകത്തിന് കാണാനാവുന്നത്. പക്ഷേ, നീണ്ടുപോയ യുദ്ധം ലോകത്തിനും, പ്രത്യേകിച്ച് അമേരിക്കയ്ക്കും ഏൽപ്പിച്ച ആഘാതങ്ങൾ കഠോരമായിരുന്നു; കാര്യങ്ങൾ പഴയപടിയാകാൻ ഇനിയും 6- 8 മാസങ്ങൾ വേണ്ടിവരും.

അമേരിക്കയുടെ നഷ്ടങ്ങൾ

വളരെ ചെലവേറിയ യുദ്ധത്തിലാണ് അമേരിക്ക ചെന്നുപതിച്ചത്. ന്യൂയോർക്ക് സിറ്റി സർവകലാശാല പ്രൊഫസറും കോളമിസ്റ്റുമായ പീറ്റർ ബീനർട് രേഖപ്പെടുത്തുന്നത് ഒരു ലക്ഷം കോടി ഡോളറിൽ കൂടുതൽ തുക വരുമെന്നാണ്. മദ്ധ്യേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുണ്ടായത് കനത്ത നാശനഷ്ടങ്ങളാണ്. ചൈനയുടെയും മറ്റും ആക്രമണങ്ങളെ കണ്ടെത്താനും നശിപ്പിക്കാനുമായി കൂട്ടിവച്ചിരുന്ന പ്രതിരോധസാമഗ്രികളുടെ നല്ലൊരുഭാഗവും ഈ യുദ്ധത്തിൽ വിന്യസിക്കേണ്ടിവന്നു.

അമേരിക്കയുടെ യുദ്ധങ്ങൾ സ്വന്തം മണ്ണിൽനിന്നും ആയിരം കാതം അകലെയാകാൻ ആ രാജ്യം ജാഗ്രത പുലർത്തിയിരുന്നു; ഇറാൻ ആക്രമണത്തിലും പതിവു തെറ്റിച്ചില്ലെങ്കിലും 10,000 കിലോമീറ്റർ അകലെയുള്ള ഇറാൻ യുദ്ധത്തിൽ15 അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായി; ഇറാനിൽ പൊലിഞ്ഞത് 75 സ്കൂൾ കുട്ടികൾ ഉൾപ്പെടെ 3,500ൽ അധികം മനുഷ്യജന്മങ്ങളാണ്.

ലോകത്താകെ ജീവിതഭാരം ഉയർത്തിയ യുദ്ധം അമേരിക്കൻ ജനതയേയും സാരമായി ബാധിച്ചു; പെട്രോൾ- ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി; 2.4 ശതമാനമായി നിലനിന്നിരുന്ന വിലക്കയറ്റത്തോത് 3.8 ശതമാനമായി ഉയർന്നു;തൊഴിലില്ലായ്മ നിരക്കും വർദ്ധിച്ചു. പരമ്പരാഗതമായി അമേരിക്കയോട് ചങ്ങാത്തം പുലർത്തിയിരുന്ന രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് 77 വർഷം പഴക്കമുള്ള നാറ്റോ സഖ്യവുമായുള്ള ബന്ധങ്ങളിൽ വിള്ളൽ വീണു; തന്റെ താളത്തിന് തുള്ളാത്ത രാജ്യങ്ങളെ ട്രംപ് ഭീഷണിപ്പെടുത്തുകയും,പേപ്പർ കടുവകൾ എന്നുവരെ വിളിക്കുകയും ചെയ്തു.

യുദ്ധം അവസാനിക്കുമ്പോൾ ഇറാൻ മദ്ധ്യേഷ്യയിലെ പ്രബല അധികാര കേന്ദ്രമായി ഉയരുന്നതിന്റെ സാദ്ധ്യതകൾ കാണുന്നുവെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്; അങ്ങനെ വന്നാൽ യുദ്ധം അമേരിക്കയ്ക്കും ഇസ്രയേലിനും നൽകുന്നത് കനത്ത പ്രഹരമായിരിക്കും.

നോർമലാകാൻ

സമയമെടുക്കും

ലോകത്തിനാകെ വിനാശം വിതച്ച യുദ്ധത്തിന് വിരാമമാകുന്നത് വലിയ ആശ്വാസം തന്നെയാണ്.എന്നാൽ യുദ്ധം തീർന്നെങ്കിലും അത് വരുത്തിവച്ച കേടുപാടുകൾ തീർക്കാൻ 6- 8 മാസങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് തുറന്നാലും എണ്ണയുടെ പ്രവാഹം ഉടനടി സംഭവിക്കില്ല. പഴയപടിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കും. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ കണക്കാക്കിയിട്ടുള്ളത് 70 ശതമാനം എണ്ണ പ്രവാഹം മാത്രമേ 6- 8 മാസങ്ങൾക്കുള്ളിൽ നേരേയാക്കാൻ കഴിയുള്ളുവെന്നാണ്.

ഗൾഫിൽ തകർക്കപ്പെട്ട 80ഓളം എണ്ണ ഉത്പാദന-സംഭരണ ശാലകൾ പഴയപടിയാക്കാനും സമയമെടുക്കും. ഇപ്രകാരം യുദ്ധത്തിന്റെ വലിയ തകർച്ചകൾ നേരേയാക്കാൻ സമയമെടുക്കും. ചുരുക്കത്തിൽ വൻ വിപത്ത് വിതച്ച യുദ്ധക്കെടുതികൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY