
സംസ്ഥാനത്തെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പ. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യനദിയായ പമ്പയ്ക്ക് സങ്കടങ്ങളേറെയുണ്ട്. കരഞ്ഞു കലങ്ങിയും കരയാേട് ക്ഷോഭിച്ചുമാണ് പമ്പയുടെ മഴക്കാലത്തെ ഒഴുക്ക്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയകാലത്ത് ഗതിമാറി ഒഴുകിയ നദിയുടെ ആരോഗ്യം അന്നേ ക്ഷയിച്ചു. വരൾച്ചക്കാലത്ത് ശാേഷിച്ചപ്പോൾ നദിയുടെ നടുവിൽ തെളിഞ്ഞത് ചെളി കലർന്ന മൺപുറ്റുകളാണ്. പിന്നീടിങ്ങോട്ട് ഈ മൺപുറ്റുകളിൽ തട്ടി വെള്ളം കരയിലേക്ക് കയറിയതോടെ തീരം മണ്ണിടിച്ചിലിന്റെ ഭീഷണിയിലാണ്. നദിയുടെ ഗതിമാറ്റത്തിനും മൺപുറ്റുകൾ കാരണമാകുന്നുണ്ട്.
പ്രളയത്തോടനുബന്ധിച്ച് നദിയിൽ വൻ തോതിൽ ചെളിയടിഞ്ഞു കൂടിയത് നദിയുടെ സംഭരണ ശേഷി കുറയ്ക്കുമെന്നും ഇത് പ്രളയത്തിന് കാരണമാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെളി നീക്കം ചെയ്യാൻ ജലസേചന വകുപ്പ് പദ്ധതി നടപ്പാക്കിയെങ്കിലും ആസൂത്രണത്തിലെ പാളിച്ചകൾ ഉദ്ദേശിച്ച ഫലപ്രാപ്തിയിലെത്തിയില്ല. നദിയോട് ചേർന്ന ജനവാസ കേന്ദ്രങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി മുതൽ ആലപ്പുഴ ജില്ലയിലെ ചെന്നിത്തല വരെ നിരവധി പ്രദേശങ്ങളിൽ മൺതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. മണൽ പരപ്പ് ലെവലിന് സമാനമായി ചെളി അടങ്ങിയ മണ്ണ് നീക്കം ചെയ്യാനായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. നീക്കം ചെയ്യുന്ന മണൽ സംഭരിക്കാനുള്ള സ്ഥലം തദ്ദേശ ഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും മണൽ ലേലം ചെയ്യുന്ന തുകയുടെ എഴുപത് ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നല്കണം എന്നുമായിരുന്നു വ്യവസ്ഥ. നീക്കം ചെയ്ത മണലിൽ ചെളിയുടെ അംശം കൂടുതലായതിനാൽ ലേലത്തിൽ പങ്ക് കൊള്ളാൻ ആളില്ലാതായതോട് കൂടി സംഭരിച്ച പഞ്ചായത്തുകൾക്ക് ബാദ്ധ്യതയായി. ഇപ്പോഴും നദിയിലും തീരങ്ങളിലും മൺകൂനകൾ കാണാൻ കഴിയും. തുടർന്നുളള വർഷങ്ങളിലെ മഴക്കാലത്തും വെള്ളപ്പൊക്കത്തിലും ഈ മണ്ണിൽ ഭൂരിഭാഗവും നദിയിലേക്ക് തന്നെ ഒഴുകി പോവുകയായിരുന്നു.
♦ മഴക്കാലത്തെ മണ്ണ് നീക്കം പാളി
മണ്ണ് നീക്കം ചെയ്യാൻ പദ്ധതിയിട്ടതാണ് മറ്റൊരു പാളിച്ച. നദിയിലെ ജലനിരപ്പുയർന്നപ്പോൾ പദ്ധതി നിർത്തി വെയ്ക്കേണ്ടതായും വന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ചെലവഴിക്കാതെ കിടന്ന പണം ഉപയോഗപ്പെടുത്തി നദികളിലും കൈത്തോടുകളിലും അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുക വഴി വീണ്ടും ഉണ്ടാകാവുന്ന പ്രളയ ആഘാതം കുറയ്ക്കാം എന്ന ലക്ഷ്യത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ജല സേചന വകുപ്പിന്റെ പദ്ധതിയും. എന്നാൽ പദ്ധതി ഏറ്റെടുത്ത കരാർ ജോലിക്കാരിൽ പലർക്കും പണം നല്കാതിരുന്നത് അനിശ്ചതത്വമുണ്ടാക്കി. കരാറുകാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാർ ഫണ്ടുകൾ വ്യർത്ഥമായി ഉപയോഗിക്കുന്ന പദ്ധതികളുടെ മൂക സാക്ഷ്യമായി പമ്പ നദി മൺ തിട്ടകൾക്കിടയിലൂടെ മരണാസന്നയായി ഒഴുകുന്നു. മണൽ വാരൽ മൂലം നദിയുടെ അടിത്തട്ട് തെളിഞ്ഞ് ചെളിയായതിനാൽ ജല സംഭരണശേഷി കുറഞ്ഞതും നദീ ശോഷണത്തിന് കാരണമായിട്ടുണ്ട്. അപൂർവ ഇടങ്ങളിൽ നില നിന്ന മണൽ പരപ്പിൽ പദ്ധതിയുടെ മറവിൽ നോട്ടമിട്ട ഉദ്യോഗസ്ഥ - മാഫിയ നീക്കത്തെ നാട്ടുകാർ എതിർത്ത് തോല്പിക്കുകയായിരുന്നു. ചെളിക്കൂനകൾ നീക്കം ചെയ്ത് ശുദ്ധമായ മണൽതിട്ടകൾ ഉയർന്ന് വന്നാൽ മാത്രമേ പമ്പയുടെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ. ഇതിനായി എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നും അതിനിടയിൽ സർക്കാർ പണം എത്ര ഒഴുകി പോകുമെന്നും കണ്ടറിയണം.
♦ ആശങ്കയോടെ പ്രദേശവാസികൾ
ഇത്തവണ പത്തനംതിട്ട ജില്ലയിൽ മഴ ശക്തമാണ്. ഇതുവരെ എഴുപത്തിയൊന്നു ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തത്. പമ്പ, മണിമല, അച്ചൻകോവിൽ നദികൾ നിറഞ്ഞതോടെ തീരം ഇടിയുമെന്ന ആശങ്ക നിലനിൽക്കുന്നു. നാലുമാസത്തിലേറെയായി വരണ്ടുകിടന്ന നദികളാണ് ജലസമൃദ്ധമായത്. പമ്പാനദിയിലെ ജലനിരപ്പ് ആറടിയിൽ അധികം ഉയർന്നു. കക്കാട്ടാറ്, കല്ലാറ് തുടങ്ങിയ കിഴക്കൻ പോഷക നദികളിൽ ജലപ്രവാഹം വർദ്ധിച്ചു. പകൽ അതിതീവ്ര മഴ പെയ്തതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്ക് വർദ്ധിച്ചു. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ മൂഴിയാർ ഡാം തുറക്കാനാണ് സാദ്ധ്യത. കിഴക്ക് മഴ വ്യാപിച്ചാൽ കക്കാട്ടാറ്റിൽ ഒഴുക്ക് വർദ്ധിക്കും. ശബരിഗിരിയിൽ ഉത്പാദനം കൂടുക കൂടി ചെയ്താൽ മൂഴിയാർ ഡാം നിറയും. ഇതോടെ സ്പിൽവേ തുറക്കാൻ അധികൃതർ നിർബന്ധിതരാകും. മൂഴിയാർ ഡാം തുറന്നാൽ സീതത്തോട്ടിലുള്ള അള്ളുങ്കൽ, കാരിക്കയം എന്നീ സ്വകാര്യ ഡാമുകളും വൈദ്യുതി ബോർഡിന്റെ പെരുനാട് ഡാമും തുറക്കേണ്ടിവരും. മണിയാർ ഡാമിന്റെ ഷട്ടറുകൾ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇപ്പോൾ ഉയർത്തിയിരിക്കുകയാണ്. അങ്ങനെ വന്നാൽ പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |