SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 AM IST

ദീർഘവീക്ഷണശ്രീ മുരളീധരനും സുധാകരന്റെ എംപതിയും

niyamasabha

ചൂടേറിയ ചർച്ചകൾക്ക് വേദിയാവുന്ന നിയമസഭ ഇന്നലെ നല്ലൊരു പാഠശാലയുടെ പകിട്ടിലായി. നവലിബറൽ പോളിസിയെക്കുറിച്ച് വി.ടി.ബൽറാമിന് ക്ളാസെടുത്ത പ്രൊഫ.സി.രവീന്ദ്രനാഥ് വകയായിരുന്നു ഒരു പ്രഭാഷണം. തൊട്ടുപിന്നാലെ കമ്മ്യൂണിസത്തിന്റെ മേന്മയെക്കുറിച്ചുള്ള ജി.സുധാകരന്റെ താത്വികപ്രഭാഷണം. രവീന്ദ്രനാഥിന്റെ ക്ളാസ് കഴിഞ്ഞയുടൻ സംസാരിച്ച മഞ്ഞളാംകുഴി അലിയുടെ നിർദ്ദോഷമായ അഭിപ്രായ പ്രകടനമാണ് നോളജ് ഇക്കോണമിയുടെ കടുപ്പത്തിൽ നിന്ന് സഭയെ മോചിപ്പിച്ചത്. രവീന്ദ്രനാഥിനെ വലിയ ബഹുമാനമാണെന്നൊക്കെ പ്രശംസിച്ച മഞ്ഞളാംകുഴി അലി ഒടുവിലൊരു ചോദ്യം ഉന്നയിച്ചു- 'എങ്ങനെ നിങ്ങൾ തോറ്റു, എങ്ങനെ നിങ്ങൾ ഇങ്ങനെയായി ' ഇതുകേട്ട് രവീന്ദ്രനാഥിനും ചിരിയടക്കാൻ കഴിഞ്ഞില്ല.

ബഡ്ജറ്റിന്മേലുള്ള ചർച്ചയിൽ ഇന്നലെ താരമായത് ജി.സുധാകരൻ തന്നെ. 'എനിക്കിന്നിതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടിതതികോപം' എന്ന കലിപ്പു ശൈലിയിലായിരുന്നു സുധാകരന്റെ നിർദ്ദാക്ഷണ്യമർദ്ദനം. കമ്മ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്തിയുള്ള കേരളകോൺഗ്രസ് അംഗം വർഗീസ് മാമന്റെ പരാമർശം അദ്ദേഹത്തിന് ഒത്ത പിടിവള്ളിയായി. കമ്മ്യൂണിസം ശാപമാണെന്ന് പറയുന്നില്ലെന്നും അതിനെ ശാപഗ്രസ്തമാക്കിയവരെയാണ് പറയേണ്ടതെന്നുമായി സുധാകരൻ.

അമ്പലപ്പുഴയിൽ തന്റെ ഭൂരിപക്ഷം ഉയർത്താൻ സഹായിച്ച ചെറ്റക്കുടിൽ പ്രയോഗവും സന്ദർഭോചിതമായി അദ്ദേഹം പ്രയോഗിച്ചു. വായിക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കേ 'എംപതി' ഉണ്ടാവൂ എന്ന് ബഡ്ജറ്റിന്റെ നന്മ പരാമർശിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടി. പാചകകലാ ഇൻസ്റ്റിറ്ര്യൂട്ടെന്ന ബഡ്ജറ്റ് നിർദ്ദേശത്തെക്കുറിച്ച് പറയവേ,​ വലിയ ഹോട്ടലുകളിൽ കയറി മുഴുത്ത മീൻ താൻ കഴിക്കാറില്ലെന്ന് പറഞ്ഞത് ആരെയൊക്കെയോ ഉദ്ദേശിച്ചായിരുന്നു.

ആരോഗ്യമന്ത്രി കെ.മുരളീധരന് മുൻമന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ 'ദീർഘവീക്ഷണശ്രീ' പട്ടം സമ്മാനിച്ചത് അടിയന്തരപ്രമേയ അവതരണത്തിനിടെയാണ്. 'എരണം കെട്ടവർ നാടുഭരിച്ചാലെന്ന 'മുരളീധരന്റെ വിഖ്യാത പരാമർശത്തിന്റെ പേരിലായിരുന്നു ഇത്. പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിന്റെ ആശങ്കയാണ് വിഷയമായത്. സംസ്ഥാനത്ത് എബോള സ്ഥിരീകരിച്ചെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞതിന് മറുപടിയായി,​ എബോള ഇന്ത്യയിലേ സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ആരോഗ്യവകുപ്പിൽ ഡയറക്ടർമാരുടെ കസേരകളിയെക്കുറിച്ച് പറയാൻ,​ അയാൾ കഥയെഴുതുകയാണ് സിനിമയിലെ രംഗങ്ങളെയാണ് റിയാസ് കൂട്ടുപിടിച്ചത്. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാൾ ഭയക്കണമെന്ന മുന്നറിയിപ്പും മുഹമ്മദ് റിയാസ് നൽകി. ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കെ.കെ.ശൈലജയെ 'നിപറാണി 'എന്ന് ഒരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചതിനുള്ള തിരിച്ചടിയും ഇന്നലെ പാവം മുരളീധരനായിരുന്നു. 'നിപ രാജാവെന്ന്' തങ്ങൾ വിളിക്കുന്നില്ലെന്ന് ഔദാര്യം കാട്ടിയത് മുൻമന്ത്രി കെ.രാജനും. പകർച്ചവ്യാധിയല്ല,​ പത്തുവർഷത്തെ റീൽസും അഞ്ചു വർഷത്തെ വീണമീട്ടലുമാണ് സർക്കാരിനെ വിഷമിപ്പിക്കുന്നതെന്നായി കെ.മുരളീധരൻ.

എങ്ങും തൊടാതെ പറഞ്ഞൊപ്പിക്കുന്ന മാത്യു കുഴൽനാടന്റെ വൈദഗ്ദ്ധ്യവും ഇന്നലെ സഭ കണ്ടു. താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ,​ അസംബന്ധമെന്നും പച്ചക്കള്ളമെന്നും പറഞ്ഞത് ഇപ്പോൾ എങ്ങനെയായി എന്ന ചോദ്യമാണ് കുഴൽനാടൻ ഉയർത്തിയത്. മടിയിൽ കനമില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി എന്നുകൂടി ചോദിച്ചതോടെ സഭാംഗങ്ങൾക്ക് വ്യക്തമായി,​ കുഴൽനാടന്റെ മനസ്.

സഭയിലെ കന്നിക്കാരനായ സുമേഷ് അച്യുതന്റെ ആദ്യ പ്രസംഗത്തിന്റെ അവതരണം വേറിട്ടതായിരുന്നു. നെൽകൃഷി ഉപജീവനമാർഗമാക്കിയ കുടുംബത്തിലെ 12 മക്കളിൽ ഒരാളായ,​ 20 വർഷം നിയമസഭാംഗമായിരുന്ന കെ.അച്യുതന്റെ മകനാണ് താൻ എന്നു പറഞ്ഞായിരുന്നു സുമേഷിന്റെ തുടക്കം. യു.ഡി.എഫിന്റെ പേര് യു ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നു മാറ്റണമെന്ന് നിർദ്ദേശിച്ചത് ടി.എം.ശശിയാണ്. പറയുന്ന കാര്യങ്ങളിൽ നിന്ന് മാറി പോകുന്നു എന്നതാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു,​ നടന്നില്ല,​ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പറഞ്ഞു,​ നടന്നില്ല. ഞങ്ങളാണെങ്കിൽ ആഹാ,​ നിങ്ങളാണെങ്കിൽ ഓഹോ എന്ന സമീപനം ശരിയല്ലെന്നായിരുന്നു ശശിയുടെ പരിഭവം.

അന്തരിച്ച ചലച്ചിത്ര നടൻ സലീംകുമാറിന് സ്മാരകം നിർമ്മിക്കുമ്പോൾ അത് ജനോപകാരപ്രദമായിട്ടാവണം എന്ന നിർദ്ദേശമാണ് രമേഷ് പിഷാരടി ആദ്യ പ്രസംഗത്തിൽ മുന്നോട്ടു വച്ചത്. സ്മാരകം എന്നു കേൾക്കുമ്പോൾ സാധാരണ പ്രതിമയെന്ന ധാരണയാണ് മനസിൽ വരികയെന്നും അദ്ദേഹം വിശദമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY