
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനാപൂജയായ തിരുവോണം ആരാധന അക്കരെ സന്നിധാനത്ത് നടന്നു. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. ശീവേലിക്ക് മണിത്തറയിലെ സ്വർണക്കുടം, വെള്ളിക്കുടം, വെള്ളി വിളക്ക്, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ അകമ്പടിയായി എഴുന്നള്ളിച്ചു. അലങ്കാര വാദ്യങ്ങളും ഇന്ന് ആരംഭിച്ചു.
സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം നടത്തി. ഇതിനുളള പഞ്ചഗവ്യം മുള കുംഭത്തിലാക്കി മണിത്തറയിൽ സമർപ്പിച്ചിരുന്നു.തിരുവോണം ആരാധനാ നാളിൽ മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ ആരംഭിച്ചു. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനാപൂജ എട്ടിന് നടക്കും. വൈശാഖ മഹോത്സവത്തിലെസുപ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർ വയ്പ് ഞായർ രാത്രിയിലാണ്. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിൽ എത്തും. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്രവേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി നിലയുറപ്പിച്ച ശേഷമാണ് ഇളനീർ വ്രതക്കാർ അക്കരെ എത്തി ഇളനീർ കാവുകൾ സമർപ്പിക്കുന്നത്. ഇളനീർ വയ്പിന് വ്രതം എടുത്തവർ ഇളനീർ കാവുകളുമായി കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി.
അതേസമയം തീരുവോണം ആരാധനാ നാളിൽ ഇന്ന്് രാവിലെ മുതൽ അക്കരെ സന്നിധാനവും പരിസരവും ഭക്തജന സാഗരമായി മാറിയിരുന്നു. പെരുമാളെ തൊഴാനായി ക്യൂ നിന്നവരുടെ നീണ്ടനിര പടിഞ്ഞാറെ നടയിൽ നടുക്കുനി വരെയും കിഴക്കേ നടയിൽ മന്ദംചേരി പുതിയ പാലം വരെയും നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |