
കൊടുങ്ങല്ലൂർ: അഴീക്കോട് സ്വദേശിയായ പതിനെട്ടുകാരൻ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം ജീവനൊടുക്കിയത് പൊലീസിന്റെ കൊടുംക്രൂരത മൂലമെന്ന് ആരോപിച്ചുള്ള ടാക്‌സി ഡ്രൈവറായ പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഒരു പെൺകുട്ടിയുടെ കെെയിൽ നിന്ന് 20 പവൻ സ്വർണവും 50,000 രൂപയും ഫോണിൽ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് ഇന്നോവ കാർ വാങ്ങിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്ത യുവാവാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. മുഹമ്മദ് അസ്‌ലമിന്റെ സഹോദരൻ റിമാൻഡിൽ കഴിയവെയാണ് ഇതുണ്ടായത്. ഒരു പെൺകുട്ടിയുമായി രണ്ട് വർഷത്തോളമായി ഇഷ്ടത്തിലായത് അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ തടങ്കലിലാക്കിയപ്പോൾ അവളെ കാണാനായി അവരുടെ വീട്ടിലേക്ക് വെള്ളം ചോദിച്ചു ചെന്നതിനെ തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി മെനഞ്ഞുണ്ടാക്കിയതാണ് കേസെന്നാണ് പിതാവിന്റെ ആരോപണം. സഹോദരനെ പൊലീസ് പിടിച്ചുകൊണ്ടുപോയതറിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ തന്റെ മുന്നിലിട്ട് ക്രൂരമായിപീഡിപ്പിക്കുന്നത് സഹിക്കാനാകാതെ സ്വയം കുറ്റമറ്റേതിനെ തുടർന്നാണ് അന്വേഷിക്കാനെത്തിയ സഹോദരൻ അറസ്റ്റിലായതത്രെ. കൊടുങ്ങല്ലൂർ സി.ഐ ബൈജുവും എസ്.ഐ അതുൽ മോഹനും ചേർന്ന് തന്റെ മക്കളെ മൂന്നുദിവസം സ്റ്റേഷനിൽവച്ച് പീഡിപ്പിച്ചതായും പിതാവ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
രണ്ട് കുട്ടികൾ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഒരു മകനെ കൊലയ്ക്ക് കൊടുക്കുകയും മറ്റൊരു മകനെ ജയിലിലാക്കുകയും ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ജനങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുള്ള പിതാവിന്റെ കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ബിനീഷ് കോടിയേരിയുൾപ്പെടെയുള്ളവരും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |