SignIn
Kerala Kaumudi Online
Friday, 23 October 2026 1.21 AM IST

ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ച കിട്ടാനുള്ളത് അഞ്ചുപേരെ, അന്വേഷണം കെ.എം.സി.സി നേതാക്കളിലേക്കും

investigation

കോഴിക്കോട്: ഖത്തർ കെ.എം.സി.സി (കേരള മുസ്ളിം കൾച്ചറൽ സെന്റർ) ഓഫീസിൽ നിന്ന് 8കോടിയോളം രൂപ (31 ലക്ഷം റിയാൽ) കവർന്ന കേസിലുള്ള അന്വേഷണം കെ.എം.സി.സി നേതാക്കളിലേക്കും നീളുന്നു. നിലവിൽ കൊയിലാണ്ടിയിലെ ബി.ജെ.പി പ്രാദേശിക നേതാവ് നെല്ല്യാടി പരപ്പിൻകുനിയിൽ ബാലകൃഷ്ണനെ (60) അറസ്റ്റുചെയ്തിട്ടുണ്ട്. മറ്റു പ്രതികളായ കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശികളായ റാഷി, ബാവ (സാലിഹ്), മമ്മളി (ഹസൻ), നിസാർ എന്നിവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഖത്തർ കെ.എം.സി.സിയുമായി അടുത്ത ബന്ധമുള്ളവർ നൽകിയ ക്വട്ടേഷനാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കൊയിലാണ്ടിയിൽ നിന്നുള്ള കെ.എം.സി.സി നേതാക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയിലാണ് കവർച്ച എന്നതിനാൽ പ്രത്യേക അന്വേഷണ സംഘം ഉണ്ടാകുമെന്നാണ് വിവരം. റിമാൻഡിൽ കഴിയുന്ന ബാലകൃഷ്ണനെ പുറത്തിറക്കാനായി കവർച്ചയ്ക്ക് നേതൃത്വം നൽകിയ സംഘം നീക്കം തുടങ്ങിയതായാണ് വിവരം. അതേസമയം കേസിലെ പ്രധാന പ്രതിയും ക്വട്ടേഷൻ സംഘാംഗവുമായ ബോംബെ ഷാജിയും കമറു പയ്യോളിയെന്നയാളുമായുള്ള ശബ്ദ സന്ദേശം പുറത്തുവന്നു. 25കോടിയാണ് ഞങ്ങളുണ്ടാക്കി തന്നെതെന്നും പങ്ക് കിട്ടിയില്ലെങ്കിൽ വിവരമറിയുമെന്ന് ബോംബെ ഷാജി പറയുന്നതുമാണ് സന്ദേശത്തിലുള്ളത്. ഇൻഡസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ കഴിഞ്ഞ വർഷമാണ് ജോലി തേടി ഖത്തറിലേക്കു പോയത്. 2025 സെപ്തംബർ 18ന് ഖത്തറിലെ അൽ തുമാമയിലെ കെ.എം.സി.സി ഓഫീസിലെ സ്‌ട്രോംഗ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് കവർച്ച ചെയ്തതിൽ ഖത്തർ കെ.എം.സി.സി പ്രസിഡന്റ് തലശ്ശേരി ചമ്പാട് സ്വദേശി പി.കെ.റഹീമാണ് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. ഇതോടെ ബാലകൃഷ്ണൻ ബുധനാഴ്ച കീഴടങ്ങുകയായിരുന്നു. കൊയിലാണ്ടി സ്വദേശികളായ പ്രതികൾ ഉൾപ്പെടുന്നതിനാലാണ് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. കൊയിലാണ്ടി സി.ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA