
തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളിൽ വർഷങ്ങൾക്കു ശേഷം പ്രതി അറസ്റ്റിൽ. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന കരമന കാലടി കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായരാണ് (60) അറസ്റ്റിലായത്. കൂടത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ബ്രെയിൻ മാപ്പിംഗ് പരിശോധനയാണ് പ്രതിയെ പിടി കൂടാൻ നിർണ്ണായകമായത്.
കേസിൽ ചോദ്യം ചെയ്യാനായി ഇന്നലെ രവീന്ദ്രൻ നായരെ വിളിച്ചു വരുത്തിയ ശേഷം ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതി മുൻ ജീവനക്കാരനായ രവീന്ദ്രൻ നായരുടെ സുഹൃത്ത് അനിൽ,കാർ ഡ്രൈവർ സജു എന്നിവരും പ്രതികളാണ്. ജയമാധവൻ നായരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിന് ഇയാൾ വ്യാജ വിൽപ്പത്രം തയ്യാറാക്കിയത് നേരത്തെ കണ്ടെത്തിയിരുന്നു.അവിവാഹിതനായ ജയമാധവൻ നായർ വിവാഹം കഴിച്ചാൽ, പ്രതി വ്യാജമായി നിർമ്മിച്ച വിൽപത്ര പ്രകാരം കൈവശപ്പെടുത്തിയ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾക്ക് വേറെ അവകാശിയുണ്ടാകുമെന്നതിനാലാണ് കൊലപാതകം.തലയിൽ തടിക്കഷണം കൊണ്ടടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.
കേരളത്തെ ഞെട്ടിച്ച കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരകൾക്കു ശേഷമാണ് ,കരമന കൂടത്തിൽ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹതകളും പുറത്തു വന്നത്.ശാസ്ത്രീയ തെളിവുകളുടെയും ഫോറൻസിക് പരിശോധന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ധൻകറുടെ മേൽനോട്ടത്തിൽ സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി എം.ഐ. ഷാജി, എസ്.ഐ ബിപിൻ പ്രകാശ്, എ.എസ് .ഐ ജയകുമാർ, എസ് .സി.പി.ഓ പ്രതാപൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2017 ഏപ്രിൽ 2-ന് ജയമാധവൻ നായരെ കൂടത്തിൽ വീട്ടിൽ നിന്ന് അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണ സമയവുമായി ബന്ധപ്പെട്ട മൊഴികളിലും മൃതദേഹം ആശുപത്രിയിലെത്തിച്ച രീതിയിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തി. മെഡിക്കൽ, ഫോറൻസിക് വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിലും തടിക്കഷണത്തിലും രക്തക്കറ കണ്ടെത്തി. ബന്ധുവിന്റെ രക്ത സാമ്പിളുമായി നടത്തിയ താരതമ്യ പരിശോധനയിൽ രക്തം ജയമാധവൻ നായരുടേതെന്ന് തെളിഞ്ഞു.ഹിസ്റ്റോപാത്തോളജി റിപ്പോർട്ടിൽ തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരിക്ക് വീഴ്ചയിൽ സംഭവിച്ചതല്ലെന്ന് കോഴിക്കോട് എൻ.ഐ.ടി ബയോമെക്കാനിക്സ് വിഭാഗത്തിലെ പരിശോധനയിൽ കണ്ടെത്തി.
മൃതദേഹം ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച അനിലിന്റെ കാറിൽ നടത്തിയ പരിശോധനയിലും ജയമാധവൻ നായരുടെ രക്തക്കറ കണ്ടെത്തി. ജയമാധവൻ നായരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി തയ്യാറാക്കിയ വ്യാജ വിൽപ്പത്രത്തിലെ ഒപ്പ് ജയമാധവൻ നായരുടേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു .പ്രതിയെ ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു .
ബ്രെയിൻ മാപ്പിങ്
കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ മസ്തിഷ്ക പ്രതികരണങ്ങൾ പരിശോധിച്ച് കുറ്റകൃത്യത്തെക്കുറിച്ച് നേരിട്ടുള്ള അറിവോ പങ്കാളിത്തമോ ഉണ്ടോയെന്ന് കണ്ടെത്താൻ ഉപയോഗിക്കുന്ന ശാസ്ത്രീയ ഫോറൻസിക് ന്യൂറോ-സൈക്കോളജിക്കൽ പരിശോധനയാണ് ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് അഥവാ 'ബ്രെയിൻ മാപ്പിങ്'.
പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ തലയിൽ നിരവധി ഇലക്ട്രോഡുകൾ ഘടിപ്പിച്ച പ്രത്യേക തൊപ്പി (ഇ.ഇ.ജി ക്യാപ് ) ധരിപ്പിച്ചാണ് മസ്തിഷ്കത്തിലെ വൈദ്യുത വ്യതിയാനങ്ങൾ അളക്കുന്നത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ ഓഡിയോ ക്ലിപ്പുകളോ വാക്കുകളോ അവതരിപ്പിക്കുമ്പോൾ തലച്ചോറിൽ പ്രത്യേക വൈദ്യുത തരംഗങ്ങളുണ്ടാകും. കുറ്റവാളിക്ക് മാത്രമേ ഇത്തരം തരംഗങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കൂ, .
മരണപ്പെട്ട ഏഴു പേർക്ക്
കോടികളുടെ സ്വത്ത്
കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴു പേരാണ് പതിനഞ്ചു വർഷത്തിനിടെ മരിച്ചത്. ഗോപിനാഥപിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തിയതിൽ സംശയമുന്നയിച്ച് നാട്ടുകാരനായ അനിൽകുമാറും , ബന്ധുവായ പ്രസന്നകുമാരിയമ്മയുമാണ് പരാതി നൽകിയത്.
Ravindran Nair (60), who worked as the caretaker of the Karamanam Koodathil family, has been arrested years after a series of mysterious deaths in the family. He is a resident of Kovilvilakam House, Kalady, Karamana.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |