SignIn
Kerala Kaumudi Online
Friday, 23 October 2026 1.21 AM IST

ട്രെയിനിൽ നിന്ന് തെറിച്ച മൊബൈൽ കണ്ടെത്തി 'ആർ.പി.എഫ് ഓപ്പറേഷൻ'

shaji

കൊച്ചി: മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്ന് രാത്രി പുറത്തേക്ക് തെറിച്ച മൊബൈൽ ഫോൺ പാളത്തിന് സമീപം ഉടമയെ ‘കാത്തു കിടന്നത്’ മണിക്കൂറുകൾ. കുറ്റിക്കാട്ടിൽ കിടന്ന ഫോൺ ട്രാക്ക് ചെയ്ത് കണ്ടെടുത്ത് ഉടമയായ യുവതിക്ക് കൈമാറിയത് ആർ.പി.എഫ് . ‘ഓപ്പറേഷൻ മൊബൈലിൽ’ കൈകോർത്തത് കൊല്ലം, എറണാകുളം നോർത്ത് ആർ.പി.എഫും റിട്ട. ആർ.പി.എഫ് ഉദ്യോഗസ്ഥനും.

തമിഴ്നാട്ടിലെ കാട്പാടിയിൽ അദ്ധ്യാപികയായ കൊല്ലം ചാത്തന്നൂർ കാരംകോട് ചൂരൽപ്പൊയ്‌ക മഞ്ചാടിവിളാകത്തിൽ ഡോണ സജി മോഹന്റെ മൊബൈലാണ് ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്ന് തെറിച്ച് വീണത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ന് കളമശേരി, ഇടപ്പള്ളി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം. സത്രീകളുടെ ജനറൽ കോച്ചിൽ ജനാലയ്‌ക്കടുത്തുള്ള ഹുക്കിൽ ചാ‌ർജ് ചെയ്യാൻ ഫോൺ കുത്തിയിട്ട് ഉറങ്ങിക്കിടന്ന ഡോണ അത് നഷ്ടമായത് അറിഞ്ഞില്ല. തിരക്കിനിടെ ഹുക്കിൽ തൂക്കിയിരുന്ന ബാഗുകളിലൊന്ന് ഏതോ യാത്രക്കാരി എടുത്തപ്പോൾ ഫോൺ ജനാലയിലൂടെ തെറിച്ച് പുറത്തേക്ക് പോവുകയായിരുന്നു.

ഗൂഗിൾ പേയും ബാങ്ക് ആപ്പുകളുമെല്ലാമുള്ള ഫോൺ നഷ്ടപ്പെട്ടതോടെ ആശങ്കയിലായ അദ്ധ്യാപിക രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ ആർ.പി.എഫിനെ സമീപിച്ചു. ഇടപ്പള്ളിക്കും കളമശേരിക്കുമിടെ ട്രാക്കിനരികെ ഫോൺ കിടപ്പുണ്ടെന്ന് ഇവർ സൈബർ ട്രാക്കിംഗിലൂടെ കണ്ടെത്തി.

ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട. ആർ.പി.എഫ് ഹെഡ്കോൺസ്റ്റബിൾ കെ.ബി. ഷാജിയുടെ സഹായത്തോടെ ഫോൺ വീണ്ടെടുത്തു. പാളത്തിനരികിലൂടെ ഒരു കിലോമീറ്റർ പരിശോധിച്ചാണ് ഷാജി കുറ്റിക്കാട്ടിൽ ഫോൺ കണ്ടെത്തിയത്.

ഡോണ ഇന്നലെ രാവിലെ എറണാകുളം നോർത്ത് ആർ.പി.എഫ് സ്റ്റേഷനിലെത്തി ഷാജിയുടെ സാന്നിദ്ധ്യത്തിൽ ആർ.പി.എഫ് എ.എസ്.ഐ രമേശ് കുമാറിൽ നിന്ന് ഫോൺ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RPF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA