SignIn
Kerala Kaumudi Online
Friday, 23 October 2026 1.21 AM IST

ജൂതപ്പള്ളി തീവയ്പ്: എബിന് എതിരെ യു.എ.പി.എ

READ ENGLISH VERSION
news

കൊച്ചി: ജൂതപ്പള്ളി തീവയ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി എബിൻ പോളിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യു.എ.പി.എ) വകുപ്പുകൾ ചുമത്തി. ഇന്നലെ വൈകിട്ടാണ് യു.എ.പി.എ 16, 18 വകുപ്പുകൾ ചുമത്തി എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. യു.എ.പി.എ ചുത്തിയതോടെ തീവയ്പ് കേസ് ഭീകരപ്രവ‌ർത്തനത്തിന്റെ പരിധിയിൽപ്പെട്ട കുറ്റകൃത്യമായി.

ആരാധനാലയത്തിന് തീ കൊളുത്താൻ ശ്രമിച്ച വകുപ്പ് മാത്രമാണ് നേരത്തേ ചുമത്തിയിരുന്നത്. തുടരന്വേഷണത്തിൽ രാജ്യത്തിന് പുറത്തു നിന്നുള്ള ദേശവിരുദ്ധ ശക്തികളുടെ പ്രേരണയിലാണ് തീവയ്പും പെട്രോൾ ബോംബേറും നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ദിവസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം യു.എ.പി.എ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.

ഭീകര പ്രവർത്തനങ്ങൾ നടത്താനുള്ള ഗൂഢാലോചന കുറ്റത്തിനാണ് വകുപ്പ് 18 ചുമത്തിയത്. ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ് 16-ാം വകുപ്പ്. തീവയ്പ്, സ്ഫോടനം, വിഷവാതകങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇതിന്റെ പരിധിയിൽപ്പെടും.

കേസന്വേഷണം ബുധനാഴ്ച എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന് കൈമാറിയിരുന്നു. തുടക്കത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്.എച്ച്.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല.

യു.എ.പി.എ ചുമത്തിയ സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് കൈമാറാനും സാദ്ധ്യതയേറി. കഴിഞ്ഞ 12ന് പുലർച്ചെയാണ് എറണാകുളം നഗരത്തിലെ ജൂതപ്പള്ളിക്ക് നേരെ എബിൻ പോൾ പെട്രോൾ ഒഴിച്ച് ആക്രണം നടത്തിയത്. അന്ന് ഉച്ചയ്ക്ക് തന്നെ പുത്തൻകുരിശ് പത്താംമൈലിൽ നിന്ന് പ്രതിയെ പിടികൂടി. ജൂതപ്പള്ളിക്ക് പുറമെ, മൂവാറ്റുപുഴയിലെ കാർ ഷോ റൂം, ആവാസ് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ഇയാൾ പെട്രോൾ ബോംബേറ് നടത്തിയിരുന്നു. പാക് ബന്ധമുള്ള ഭീകരവാദികളുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA