
ഭൂമിയിൽ നന്മ കുറഞ്ഞുവരികയാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന വർത്തമാനങ്ങളാണ് ഓരോ ദിവസവും കാണുന്നതും കേൾക്കുന്നതും. സ്നേഹത്തിന്റെയും ദയയുടെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും തിരിനാളമണഞ്ഞ്, വെളിച്ചം മാഞ്ഞുപോയ കാലത്തെക്കുറിച്ച് കവി അക്കിത്തം 'തമസ്സല്ലോ സുഖപ്രദം...' എന്ന് പ്രവചനസ്വരത്തോടെ എഴുതിയിട്ടുതന്നെ മുക്കാൽ നൂറ്റാണ്ടാകുന്നു! കൊലപാതകവും പീഡനവും വഞ്ചനയും അഴിമതിയും അധാർമ്മികതയും കൊടികുത്തുന്ന കാലത്ത് നന്മയുടെ ഒരു തുള്ളി വെട്ടത്തിനുപോലും പൊൻതിളക്കമുണ്ട്. അത്തരമൊരു തിളക്കം കഴിഞ്ഞദിവസം പ്രത്യക്ഷമായത് കൊച്ചിയിൽ, തൃപ്പൂണിത്തുറയിലാണ്. വാഹനാപകടത്തിൽ പരിക്കേല്ക്കുകയും വസ്ത്രം കീറിപ്പോവുകയും ചെയ്ത യുവതിക്ക് ദേഹം മറയ്ക്കാൻ സ്വന്തം മുണ്ട് അഴിച്ചു നല്കിയ എം.ആർ. ഷാജി എന്ന ചായവില്പനക്കാരന്റെ കഥയ്ക്ക് മാറ്റേറുന്നത്, അങ്ങനെയൊരു അവസരത്തിൽ റീൽസ് ചിത്രീകരിക്കാൻ ഓൺ ആകുന്ന മൊബൈൽ ക്യാമറകളുടെ പതിവു കാഴ്ചയ്ക്കിടയിലാണ് ഈ മനുഷ്യത്വം എന്നതുകൊണ്ടാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിനടുത്തായിരുന്നു ആ അപകടവും, പുതിയ കാലത്തെ മനുഷ്യർ കണ്ടുപഠിക്കേണ്ട ആ കാരുണ്യപാഠവും. ഓടിച്ചിരുന്ന സ്കൂട്ടർ സ്വകാര്യ ബസിൽ ഉരസിയതിനെ തുടർന്നാണ് യുവതി ബസിനടിയിൽപ്പെട്ടതും വസ്ത്രം കീറിപ്പോയതും. സൈക്കിളിൽ വച്ചുകെട്ടിയ സ്റ്രീൽ ക്യാനിൽ ചായവില്ക്കുകയായിരുന്ന തൃപ്പൂണിത്തുറ മരട്ടിപ്പറമ്പിൽ ഷാജി, ഒരുനിമിഷംപോലും മടിച്ചുനില്ക്കാതെ ഓടിച്ചെന്ന് സ്വന്തം മുണ്ടഴിച്ച് അവർക്ക് നല്കുകയായിരുന്നു. 'അപ്പോൾ തോന്നിയത് ചെയ്തു' എന്നാണ് പിന്നീട് ഇതേക്കുറിച്ച് ഷാജി പറഞ്ഞതെങ്കിലും, ആ തോന്നലിന്റെ മൂല്യം വളരെ വലുതാണ്. നിരത്തുകളിൽ അപകടങ്ങളുണ്ടാകുമ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനു പകരം, വെറുതെ നോക്കിനില്ക്കുന്നവരുടെയും അപകടദൃശ്യം പകർത്താൻ തിരക്കുകൂട്ടുന്നവരുടെയും കാഴ്ച മനുഷ്യത്വം വറ്റിപ്പോയിട്ടില്ലാത്തവരെ നൊമ്പരപ്പെടുത്തുന്നതാണ്. അത്തരം നൊമ്പരപ്പാടുകൾക്കു മീതെ പ്രത്യാശയുടെ അമൃതം പകരുന്നതാണ് ഷാജിയുടെ പ്രവൃത്തി.
അച്ഛനമ്മമാരെപ്പോലും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ മടിക്കാത്തവരുടെയും, സഹോദരങ്ങളെന്നു പോലും ഓർക്കാതെ അവരെക്കൂടി ക്രൂരതയ്ക്ക് ഇരകളാക്കുന്നവരുടെയും ഞെട്ടിക്കുന്ന വർത്തമാനങ്ങൾ പതിവായിരിക്കുന്നു. ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുഞ്ഞുങ്ങളെക്കൂടി നെറികെട്ട കാമവെറിയുടെ നഖമുനകളിൽ ഞെരിക്കുന്ന കാട്ടാളജന്മങ്ങളെക്കുറിച്ചുള്ള വാർത്തകൾ സാധാരണമായിരിക്കുന്നു. സാമൂഹ്യജീവിതം എന്നത് അധാർമ്മികതയുടെ വിളനിലമായിരിക്കുന്നു. അഴിമതിയുടെ കാളിമയില്ലാത്ത മേഖലകൾ പൊതുജീവിതത്തിൽ ഒരിടത്തുമില്ലാതായിരിക്കുന്നു. സ്വാർത്ഥതയുടെ ആർത്തി പെരുക്കുന്ന കൂർത്ത പല്ലുകളിൽ കോർക്കപ്പെടുകയാണ് നന്മയുടെയും ധാർമ്മികതയുടെയും മൃദുലതകൾ ഓരോന്നും. അന്തരീക്ഷം മാത്രമല്ല, മനുഷ്യരുടെ മനസും വീണ്ടെടുക്കാനാവാത്ത വിധം മലിനമായിപ്പോയല്ലോ എന്ന നിത്യഖേദങ്ങൾക്കു നടുവിൽ ചായവില്പനക്കാരൻ ഷാജിയുടെ പേര് നന്മയുടെ നക്ഷത്രദീപ്തിയാകുന്നു.
ഷാജിയുടെ നന്മ സമൂഹമാദ്ധ്യമങ്ങളിൽ ആഘോഷമായത് നല്ലതുതന്നെ. പരിസരമോ സാഹചര്യമോ നോക്കാതെയും വ്യക്തികളുടെ സ്വകാര്യതയ്ക്ക് വില കല്പിക്കാതെയും മൊബൈൽ ചിത്രീകരണത്തിന് ഇറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പ് വന്നത് കുറച്ചുദിവസം മുമ്പാണ്. മരണവീട്ടിൽ, മൃതദേഹത്തിനു മുന്നിൽപ്പോലും കൗതുകവും കാഴ്ചയും തിരയുന്ന കണ്ണുകളെക്കുറിച്ച് 'ഹാ! കഷ്ടം' എന്നല്ലാതെ എന്തു പറയാൻ! ഞെട്ടിക്കുന്ന കാഴ്ചകളും കരയിക്കുന്ന കാഴ്ചകളും നാണക്കേട് തോന്നിക്കുന്ന ദൃശ്യങ്ങളും മാത്രം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഇത്തരം നന്മകളുടെ കഥകൾകൂടി ലോകത്തിന് കാണിച്ചുകൊടുക്കണം. ദയയുടെയും സഹാനുഭൂതിയുടെയും വിളക്കുകൾ പൂർണമായും കെട്ടുപോയിട്ടില്ലെന്ന് ലോകം കാണട്ടെ. മനുഷ്യത്വം ബാക്കിയുള്ള ഹൃദയങ്ങളിൽ ആ തിരിവെട്ടം സൂര്യശോഭയോടെ ജ്വലിക്കട്ടെ. കാരണം, നല്ല കാര്യങ്ങൾ തീരെ കുറഞ്ഞുവരുന്ന കാലത്ത് ഇതുപോലെ ചില നന്മകളുടെ കഥകൾ വേണം ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ നിലനിറുത്താൻ. നന്ദി, ഷാജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |