
പത്തനംതിട്ട: വനപാതയിലൂടെ നടന്നുപോയ ഗവിയിലെ അങ്കണവാടി ഹെൽപ്പറെ വലിച്ചിഴച്ച് വനത്തിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി. ഗവി കെ.എഫ്.ഡി.സി ലയത്തിൽ താമസിക്കുന്ന ഇരുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. കോന്നി കൊക്കാത്തോട് സ്വദേശി കുമാർ (വിനോദ്- 43) മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പെൺകുട്ടിയെ കല്ലുകൊണ്ട് അടിച്ചുകൊന്നതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയാണ്.
ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ഗവി - മീനാർ റോഡിലൂടെ ഫോണിൽ ബന്ധുവിനോട് സംസാരിച്ചുകൊണ്ട് നാല് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് നടക്കുകയായിരുന്നു യുവതി. വിജനമായ റോഡാണിത്. ഒളിച്ചിരുന്ന കുമാർ പിന്നാലെ വന്ന് കടന്നുപിടിക്കുകയായിരുന്നു. ഫോണിൽ യുവതിയുടെ നിലവിളി കേട്ട ബന്ധു, വന്യമൃഗങ്ങൾ ആക്രമിച്ചതാകുമെന്ന് കരുതി സുഹൃത്ത് മുഖേന വനപാലകരെ അറിയിച്ചു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ തെരച്ചിലിൽ റോഡിൽ നിന്ന് 50 മീറ്റർ ഉള്ളിൽ മീനാർ ഭാഗത്തെ അരുവിയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലായിരുന്നു. തലയ്ക്ക് പിന്നിൽ ആഴത്തിൽ ക്ഷതമേറ്റിരുന്നു. വനവിഭവങ്ങൾ വിൽക്കാൻ വരുന്നയാൾയുവതിയെ ശല്യം ചെയ്തിട്ടുണ്ടെന്ന് സ്ഥലവാസികൾ വെളിപ്പെടുത്തിയത് തുമ്പായി. കെ.എസ്.ആർ.ടി.സി ബസിൽ വണ്ടിപ്പെരിയാറിലേക്ക് പോവുകയായിരുന്ന ഇയാളെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയത്. പിന്നീട് മൂഴിയാർ പൊലീസിന് കൈമാറി. പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഫോറൻസിക്, ഡോഗ് സ്ക്വാഡ് വിഭാഗങ്ങൾ പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
.
മർദ്ദിച്ച് തള്ളിയിട്ടപ്പോൾ
തല കല്ലിലിടിച്ചെന്ന് പ്രതി
പീരുമേട്: അംഗൻവാടി ഹെൽപ്പർ കൊല്ലപ്പെട്ടത് തല കല്ലിലിടിച്ചുണ്ടായ മുറിവിനെത്തുടർന്നെന്ന് പ്രതിയുടെ മൊഴി.മർദ്ദിച്ചശേഷം പിടിച്ചുതള്ളിയപ്പോഴാണ് അങ്ങനെ സംഭവിച്ചത്. താമസിയാതെ മരിക്കുകയും ചെയ്തു.
മൂഴിയാറിലെ മലമ്പണ്ടാര ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രതി വനവിഭവങ്ങൾ വിൽപന നടത്തിയാണ് കഴിയുന്നത്. ഇന്നലെ ഗവിയിലെ കെ.എഫ്.ഡി.സി ഇക്കോഷോപ്പിൽ കുന്തിരിക്കവും മറ്റും വിൽക്കാൻ വന്നിരുന്നു.രണ്ടു ദിവസമായി പ്രദേശത്ത് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു.
പിടിയിലാകുമ്പോൾ പതിമൂന്നു വയസുള്ള ബന്ധുവായ പെൺകുട്ടി ഒപ്പമുണ്ടായിരുന്നു. പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |