
കൊച്ചി: ജില്ലയിൽ വെസ്റ്റ്നൈൽപനി കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. ഒരാഴ്ചയ്ക്കിടെ രണ്ടുമരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ദേശാടന പക്ഷികളിൽ കാണപ്പെടുന്ന ഫ്ലാവി വൈറസ് കൊതുക് കടിയിലൂടെ മനുഷ്യരിലേക്ക് പകരുന്നുവെന്നാണ് കണ്ടെത്തൽ. രോഗബാധിതനിൽനിന്ന് മറ്റുള്ളവരിലേക്ക് നേരിട്ട് പകരില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉയർന്ന ശരീരതാപനിലയോടു കൂടിയ പനി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, രോഗിയുടെ പെരുമാറ്റത്തിലെ അസാധാരണ മാറ്റങ്ങൾ, അർദ്ധബോധാവസ്ഥയോ അബോധാവസ്ഥയോ വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിച്ച് തലച്ചോറിലെ വീക്കത്തിനും മസ്തിഷ്കജ്വരത്തിനും കാരണമായേക്കാം. അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. വയോജനങ്ങൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, മറ്റ് അനുബന്ധ രോഗമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
കൊതുകുകടി ഏൽക്കാതെ സ്വയം സുരക്ഷിതരാകുക
ലക്ഷണങ്ങൾ നിസാരമാക്കരുത്
വില്ലൻ ക്യൂലക്സ് കൊതുകുകൾ
കെട്ടിനിൽക്കുന്ന മലിനജലത്തിലും ഒഴുക്കില്ലാത്ത ഓവുകളിലും സെപ്ടിക് ടാങ്കുകളിലും ചതുപ്പുകളിലും പെരുകുന്ന ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന ടയറുകൾ, പാത്രങ്ങൾ എന്നിവയിലും ഇവ മുട്ടയിട്ട് വളരാം. കൊതുക് നശീകരണ പ്രവർത്തനങ്ങൾ മാത്രമാണ് പരിഹാരം.
പ്രതിരോധ മാർഗങ്ങൾ
1. കൊതുകുശല്യം കൂടുതലുള്ള പ്രഭാതങ്ങളിലും വൈകിട്ടും പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ ഇളംനിറത്തിലുള്ള, ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും കൊതുകിനെ അകറ്റുന്ന ലേപനങ്ങളും ഉപയോഗിക്കുക
2. ജനാലകളിലും വാതിലുകളിലും കൊതുക് വലകൾ ഘടിപ്പിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. മുറികളിൽ മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടരുത്.
3. ടെറസ്, സൺഷേഡുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ടയറുകളും മറ്റ് പാഴ് വസ്തുക്കളും മഴവെള്ളം വീഴാത്ത വിധം സൂക്ഷിക്കുക.
4. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളെപ്പോഴും മൂടിവയ്ക്കുക. ഇവയുടെ ഉൾവശം ഇടയ്ക്കിടെ തേച്ചുകഴുകി വൃത്തിയാക്കണം. ടോയ്‌ലെറ്റിന്റെ വെന്റ് പൈപ്പുകൾ വലയിട്ട് മൂടുക.
5. വീട്ടുപരിസരത്തെ കുറ്റിച്ചെടികൾ വെട്ടിയൊതുക്കുക
വീടിനുള്ളിലും പരിസരത്തും കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാത്തവർക്കെതിരെ കർശനനടപടികളും പിഴയും ഈടാക്കും.
ഡോ. ഷഹീർ ഷാ
ജില്ലാ മെഡിക്കൽ ഓഫീസർ,
എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |