കോട്ടയം: പ്രിയദർശിനി ഹിറ്റായപ്പോൾ കട്ടപ്പുറത്തേയ്ക്ക് കയറുകയാണ് ജില്ലയിലെ സ്വകാര്യ ബസുകൾ. റോഡ് ടാക്സ് പകുതിയാക്കിയെങ്കിലും യാതൊരു പ്രയോജനവുമില്ലെന്നാണ് ബസുടമകൾ പറയുന്നത്. പ്രിയദർശിനി സർവീസ് നിലവിൽ വന്നതോടെ 3000-4000 രൂപ വരെ ദിവസവരുമാനത്തിൽ കുറവുണ്ടായതായും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ റോഡ് ടാക്സ് കുറച്ചതുകൊണ്ട് മാത്രം സർവീസ് തുടരാനാവില്ല.
കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ഒരുപോലെ സർവീസ് നടത്തുന്ന റൂട്ടുകളിലെ ബസുകൾക്കാണ് വരുമാനനഷ്ടം. എന്നാൽ കെ.എസ്.ആർ.ടി.സി ഇല്ലാത്തതിനാൽ വരുമാനത്തിൽ ഒരു രൂപയുടെ പോലും നഷ്ടമുണ്ടാകാത്ത ബസുകളുമുണ്ട്.
സർവീസ് നിറുത്താൻ ആലോചന
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകളിലെ 60 ശതമാനം സ്ത്രീ യാത്രക്കാരും നഷ്ടമായെന്നാണ് വിലയിരുത്തൽ. സമയ വ്യത്യാസമില്ലാതെ ഇരുബസുകളും എത്തിയാൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി ആണ് തെരഞ്ഞെടുക്കുന്നത്. വരുമാനം കുറഞ്ഞ ട്രിപ്പുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ആലോചനകളും ഉടമകൾക്കുണ്ട്.
എം.സി.റോഡ്, കെ.കെ. റോഡ്, കോട്ടയം - ചേർത്തല, പൊൻകുന്നം -പാലാ, പാലാ-കൂത്താട്ടുകുളും, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യബസുകൾക്ക് ഏറെ വരുമാന നഷ്ടമുണ്ടായത്.
വൻതിരക്ക്
പ്രിയദർശിനി സർവീസിൽ ആദ്യദിനം മുതൽ വനിതാ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ ഏറ്റവും കുടുതൽ യാത്രക്കാർ പദ്ധതിയെ ആശ്രയിക്കുന്നത് വൈക്കം ഡിപ്പോയിലാണ്. എന്നാൽ ഇവിടെ സ്വകാര്യ ബസുകൾക്ക് വലിയ നഷ്ടമുണ്ടാകുന്നില്ല. കെ.എസ്.ആർ.ടി.സി. സർവീസില്ലാത്തതിനാൽ ഒരു രുപ പോലും നഷ്ടമാകാത്ത നിരവധി റൂട്ടുകളുമുണ്ട്. ഈ സാഹചര്യത്തിൽ വരുമാനനഷ്ടത്തിന്റെ പേരിൽ എല്ലാ സ്വകാര്യ ബസുകൾക്കുമായും എന്തെങ്കിലും പാക്കേജ് പ്രഖ്യാപിച്ചാലും തിരിച്ചടിയുണ്ടാകുമെന്നും ഒരു വിഭാഗം ഉടമകൾ പറയുന്നു.
നഷ്ടം നികത്താൻ ഉടമകളുടെ ആവശ്യം
താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്ക് മാത്രമായി സൗജന്യയാത്ര പരിമിതപ്പെടുത്തുക
കെ.എസ്.ആർ.ടി.സി അശാസ്ത്രീയമായ സർവ്വീസുകൾ പുനക്രമീകരിക്കുക
കെ.എസ്.ആർ.ടി.സി ഇല്ലാത്ത റൂട്ടുകളിൽ ബസിനുവേണ്ടിയുള്ള സമ്മർദ്ദം ഒഴിവാക്കുക
വരുമാനത്തിൽ കുറവ്: 3000-4000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |