SignIn
Kerala Kaumudi Online
Saturday, 20 June 2026 2.49 AM IST

കേരള ബഡ്‌ജറ്റ്: പുതിയ കാലത്തിനായി നവ നിക്ഷേപ നയത്തിലേക്ക്

leed

കൊച്ചി: മാറുന്ന ലോകത്തിന് അനുയോജ്യമായ തരത്തിൽ സംസ്ഥാനത്തെ നിക്ഷേപ, ഭരണ നയം മാറ്റിയെഴുതുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇന്നലെ ധനമന്ത്രി വി. ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റ്. ബിസിനസ് നടത്തുന്നതിൽ നിന്ന് പിന്മാറി ഫെസിലിറ്റേറ്റർ ചുമതലയിലേക്ക് സർക്കാർ നീ്ങ്ങുന്നുവെന്ന പ്രഖ്യാപനമാണ് ബഡ്‌ജറ്റിന്റെ കാതൽ. കേവലം വരവ് ചെലവ് കണക്കുകൾക്കുപരി പുതിയ യു.ഡി.എഫ് സർക്കാരിന്റെ ധന, രാഷ്ട്രീയ നയരേഖയായി ബഡ്ജറ്റിനെ വിലയിരുത്താം.

ബഡ്‌ജറ്റിന്റെ കേന്ദ്ര ആശയം സാമ്പത്തിക പുനഃസംഘടനയാണ്. ഏറെ കാലമായി കേരളത്തിന്റെ സാമ്പത്തിക ചർച്ചകൾ കടം, കമ്മി, കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ എന്നിവയ്ക്ക് ചുറ്റുമാണ്. എന്നാൽ പുതിയ ബഡ്‌ജറ്റ് നിക്ഷേപം, തൊഴിൽ, അടിസ്ഥാനസൗകര്യ വികസനം, സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്നിവയിലേക്ക് ഊന്നൽ മാറ്റുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലേക്ക് വിപുലമായി നിക്ഷേപം ആകർഷിച്ച് കേരളത്തെ 'ഡെസ്‌റ്റിനേഷൻ പോയിന്റായി' ഉയർത്താനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബഡ്ജറ്റിന്റെ ആമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കുന്നു. ജനന നിരക്കിലെ കുറവും പുറംരാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും വയോധികരുടെ എണ്ണത്തിലെ വർദ്ധനയും അടക്കമുള്ള ഡിമോഗ്രാഫിക് പ്രതിസന്ധി തിരിച്ചറിഞ്ഞ് നയപരമായ മാറ്റങ്ങൾക്ക് സംസ്ഥാനം ഒരുങ്ങുകയാണ്. ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ വലിയ സാദ്ധ്യതകളില്ലാത്തതിനാൽ സാമ്പത്തിക മേഖലയുടെ ഉത്തേജനമാണ് നിലനിൽപ്പിനുള്ള ഏക വഴിയെന്ന് ബഡ്‌‌ജറ്റ് തിരിച്ചറിയുന്നു.

ലോകം വലിയ മാറ്റങ്ങളിലൂടെയാണ് നീങ്ങുന്നത്. സാങ്കേതികവിദ്യയുടെ വികാസവും വിജ്ഞാനവിസ്‌ഫോടനവും വമ്പൻ അവസരങ്ങളാണ് തുറന്നിടുന്നത്. പുതിയ സാഹചര്യം ഉപയോഗപ്പെടുത്തി സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തി കേരളം ആഗോള തലത്തിൽ മത്സരിക്കാൻ കരുത്താർജിക്കേണ്ടതുണ്ട്. ഇതിനുള്ള മുന്നൊരുക്കമായി പരമ്പരാഗതമായി തുടർന്നുവന്ന നയസമീപനം തിരുത്തി പുതുയുഗ വളർച്ചയ്ക്ക് അടിത്തറയിടാനാണ് ശ്രമം.

സേവന രംഗത്തെ മികവ് കരുത്താകും

ലോജിസ്‌റ്റിക്‌സ്, തുറമുഖ, വിമാനത്താവള അധിഷ്ഠിതമായ വ്യവസായങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് വൻതോതിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് പ്രഖ്യാപിച്ച പദ്ധതികളിൽ ‌ഏറെയും. കേരളത്തിന്റെ കരുത്തായി വിലയിരുത്തുന്ന ഉയർന്ന മനുഷ്യ വിഭവശേഷി, സാക്ഷരത, മികച്ച ആരോഗ്യ, വിദ്യാഭ്യാസ സൂചിക, ശക്തമായ ഉപഭോക്ത‌ൃ വിപണി, എന്നിവ ഉപയോഗപ്പെടുത്തി സാമ്പത്തിക വളർച്ചയ്ക്ക് വേഗത നൽകാൻ ബഡ്‌ജറ്റ് ലക്ഷ്യമിടുന്നു.

കേരളത്തിലേക്ക് വലിയ തോതിൽ നിക്ഷേപം ഒഴുകിയെത്തുന്നതിനുള്ള പ്രധാന തടസം ഭൂമിയുടെ ലഭ്യതക്കുറവും ഉയർന്ന ഭൂവിലയും വേതനവും ചുവപ്പുനാടയുമാണ്. ഈ രംഗത്ത് പരിഷ്‌കരണ നടപടികൾക്കാണ് ബഡ്‌ജറ്റ് തുടക്കമിടുന്നത്.

അനുമതി വേഗത്തിലാക്കാൻ നിക്ഷേപ സെൽ

ഡാറ്റ അധിഷ്‌ഠിതമായ ഇൻവെസ്‌റ്റ് സെൽ രൂപീകരിക്കുന്നതോടെ നിക്ഷേപകർക്ക് വേഗത്തിൽ ഭൂമി കണ്ടെത്തി നൽകാനും അനുമതികൾ ദ്രുതഗതിയിലാക്കാനും നിക്ഷേപാനന്തര പിന്തുണ ഉറപ്പാക്കാനുമാകും. ബഡ്‌ജറ്റ് പ്രഖ്യാപനത്തിനപ്പുറം ഇൻവെസ്‌റ്റ് സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിയാൽ ആഗോള നിക്ഷേപകരെ അടക്കം കേരളത്തിലെത്തും.

മുഖ്യമന്ത്രി അദ്ധ്യക്ഷനും വ്യവസായ മന്ത്രി ഉപാദ്ധ്യക്ഷനുമായി രൂപീകരിക്കുന്ന നിക്ഷേപ ഉപദേശ സമിതി വിപ്ളവകരമായ ചുവടുവെപ്പാണ്. മാനുഫാക്‌ചറിംഗ്, ഹോസ്‌പിറ്റാലിറ്റി, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്ക് ആഗോള നിക്ഷേപ ഗ്രൂപ്പുകളെ അടക്കം കൊണ്ടുവരുന്നതിന് ആത്മാർത്ഥമായ ശ്രമമാണ് ഇനി വേണ്ടത്.

നിക്ഷേപത്തിന് വിപുലമായ പദ്ധതികൾ

പോർട്ട് സിറ്റി അടങ്ങുന്ന മിഷൻ സമുദ്ര, ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി, റെയർ എർത്ത് ആൻഡ് ക്രിറ്റിക്കൽ മിനറൽ കോറിഡോർ, ഏവിയേഷൻ ഹബ്, ബഹിരാകാശ സ്‌റ്റാർട്ടപ്പ് മിഷനുകൾക്ക് ആനുകൂല്യങ്ങൾ, കേരള നോള‌ഡ്‌ജ് വാലി, കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി തുടങ്ങിയ പദ്ധതികൾ വിപുലമായ സ്വകാര്യ നിക്ഷേപം നേടാൻ അനുയോജ്യമായ പ്രഖ്യാപനങ്ങളാണ്. വ്യക്തമായ ലക്ഷ്യബോധത്തോടെ ഈ മേഖലകളിലെ നിക്ഷേപ സാദ്ധ്യതകൾ ആഗോള തലത്തിൽ വിപണനം നടത്തി വലിയ കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടർനടപടികളാണ് ആവശ്യം.
കേരളത്തിന്റെ കടൽത്തീരവും തുറമുഖങ്ങളും കേന്ദ്രീകരിച്ചുള്ള 'മാരിടൈം ഇക്കോണമി' വികസനത്തിന് നൽകിയ പ്രാധാന്യം ശ്രദ്ധേയമാണ്. വിഴിഞ്ഞം, കൊച്ചി, തീരദേശ വ്യവസായ മേഖലകൾ എന്നിവയെ ബന്ധിപ്പിച്ച് പുതിയ സാമ്പത്തിക വളർച്ചാ അച്ചുതണ്ട് സൃഷ്ടിക്കാനുള്ള ശ്രമമാണിത്.

വ്യവസായത്തിന് ആവശ്യത്തിന് ഭൂമി

കേരളത്തിലെ വ്യവസായികൾ ദീർഘകാലമായി ഭൂനിയമത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നു. ഒരു ഭാഗത്ത് വ്യവസായികൾ നിക്ഷേപത്തിന് ഭൂമി തേടുമ്പോൾ മറുഭാഗത്ത് ഒരുപാട് ഭൂമി നിയമക്കുരുക്കുകളിൽ പെട്ട് ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഈ വെല്ലുവിളി നേരിടുന്നതിനായി സമഗ്രമായ ലാൻഡ് മാനേജ്‌മെന്റ് നയം രൂപീകരിക്കുമെന്ന് ബഡ്‌ജറ്റിൽ പറയുന്നു.

വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മിച്ചമുള്ള ഭൂമി ഉപയോഗിച്ച് ലാൻഡ് ബാങ്ക് സൃഷ്‌ടിക്കുന്നതിനാണ് ലക്ഷ്യം. വ്യവസായത്തിനായി ഈ ഭൂമി ഉപയോഗിക്കുന്നതിനായി നിയമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനവും അഭിനന്ദനാർഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360