
തൊടുപുഴ: നിരത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുമ്പോൾ അശ്രദ്ധമായി റോഡരുകിൽ നിറുത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ പാതകളിൽ വാഹനം നിറുത്തിയിട്ട് സംസാരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും പൊലീസും മോട്ടോർവാഹനവകുപ്പും നിയമലംഘനങ്ങൾക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനുപുറമേ റോഡിലൂടെ പരസ്പരം സംസാരിച്ച് ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും നിരത്തുകളിലെ നിത്യകാഴ്ചയാണ്. പൊതുനിരത്തിലൂടെ കുശലം പറഞ്ഞ് മറ്റ് വാഹനയാത്രികർക്ക് അപകടഭീഷണിയുയർത്തിയാണ് ഇത്തരം യാത്രകളിൽ ഏറെയും. തിരക്കൊഴിഞ്ഞ ഇടങ്ങളിൽ വാഹനം ഒതുക്കി സംസാരിക്കുന്നതിന് പകരം ഇത് തങ്ങളുടെ സ്വകാര്യവഴിയെന്നമനോഭാവത്തിലാണ് പലയിടത്തും ഇത്തരം യാത്രകൾ ഏറെയും. പിന്നാലെയെത്തുന്ന വാഹനങ്ങൾ ഹോൺ അടിച്ചാൽപോലും വഴിയൊരുക്കാത്ത ഇത്തരംനിലപാട് പലപ്പോഴും വാക്ക് തർക്കത്തിലെത്താറുണ്ട് എന്നതാണ് യാഥാർത്ഥ്യം. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണമേഖലയിലാണ് ഇത്തരക്കാർ തോന്നിയരീതിയിൽ നിരത്തിൽ വാഹനമിറക്കുന്നത്. പരിചയക്കാരായതിനാൽ പലപ്പോഴും മറ്റ് വാഹനയാത്രികർ പരാതിനൽകാത്തതും ഇവരെ ചോദ്യം ചെയ്യാത്തതും ഇക്കൂട്ടർ മുതലെടുപ്പ് നടത്തുന്നതായ വിമർശനവും ശക്തമാണ്. നിയമലംഘനത്തിനപ്പുറം സാമാന്യമര്യാദപാലിക്കാതെ നിരത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാറുകളും ഇരുചക്രവാഹനങ്ങളുമാണ് അപകടക്കെണിയൊരുക്കി പായുന്നതിൽ മുൻപന്തിയിൽ.
ഫോൺവിളിയും
വളവിലെ ഓവർടേക്കും
പ്രധാനഭീഷണി
യാതൊരുമര്യാദയും പാലിക്കാതെ നിരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും വളരെ അധികമാണ്. ഡ്രൈവിംഗിനിടയിൽ ഒരു കൈയിൽ ഫോണും മറുകൈയിൽ വളയവും പിടിച്ചുള്ള സാഹസിക യാത്ര മറ്റ് വാഹന യാത്രക്കാരെ പലപ്പോഴും അപകടത്തിൽപ്പെടുത്താറുണ്ട്. അശ്രദ്ധമായ ഈ യാത്രക്കിടയിൽ വളവിൽ ഓവർടേക്ക് ചെയ്യുന്നത് പലപ്പോഴും എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നതും പതിവാകുകയാണ്. നിരപ്പായ സ്ഥലങ്ങളിൽ എതിർദിശയിൽ നിന്നും വരുന്നവാഹനങ്ങളെ പരിഗണിക്കാതെ അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് പലപ്പോഴും ഇരുചക്രവാഹനമോടിക്കുന്ന പ്രായമായിട്ടുള്ളവർ അടക്കം അപകടത്തിൽപ്പെടുന്നതിന് ഇടയാക്കാറുണ്ട്. ഇതിനൊപ്പം തടികളും നിർമ്മാണത്തിന്റെ ഭാഗമായുള്ള അസംസ്കൃത വസ്തുക്കളും മറ്റും പാതയോരങ്ങളിൽ ഇറക്കുന്നതും മറ്റൊരുവെല്ലുവിളിയാണ്. നിയമലംഘകരെ പിടിക്കാൻ റോഡരുകിൽ തക്കം പാർത്തിരിക്കുന്ന അധികൃതർ നിരത്തിൽ അപകടഭീഷണി ഉയർത്തുന്ന ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |