SignIn
Kerala Kaumudi Online
Sunday, 21 June 2026 4.40 PM IST

രാമംകുത്ത് വീട് കുത്തിപ്പൊളിച്ച് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് അക്ബർ പിടിയിൽ

d

നിലമ്പൂർ: നിലമ്പൂർ രാമംകുത്ത് വീട് കുത്തിപ്പൊളിച്ച് അകത്തു കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ വഴിക്കടവ് പൂവത്തിപൊയിൽ വാക്കയിൽ അക്ബർ (56) അറസ്റ്റിൽ. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ ബി.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമംകുത്ത് സ്വദേശിനി അക്കരെ പീടിക റുഖിയയുടെ വീടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണാഭരണങ്ങളും 10000 രൂപയും കവർച്ച ചെയ്തിരുന്നു. വീട്ടിൽ ആരുമില്ലാതിരന്ന സമയത്തായിരുന്നു മോഷണം. അയൽ വീട്ടിൽ നിന്നും എടുത്ത ഇരുമ്പുപാര ഉപയോഗിച്ചായിരുന്നു പൂട്ടുപൊളിച്ചത്. തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി.വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘ രൂപീകരിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മുമ്പ് ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റൊരു മോഷണക്കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്ബർ താമസിച്ചിരുന്നത്. പ്രതി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണമുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞ തവണ നേപ്പാളിൽ വരെ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. മെയ് അവസാനമാണ് ജയിൽ മോചിതനായത്. രാത്രികാലത്ത് ട്രെയിനിൽ വന്നു ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്. ഐ. രതീഷ്, എ.എസ്.ഐ സുനിത, സി.പി.ഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി.സജീഷ്, സി.കെ സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL